യുവാവ് വിളിച്ചു, പാഞ്ഞെത്തി പൊലീസ്, കാണാതായത് എന്തെന്നറിഞ്ഞപ്പോൾ തലയിൽ കൈവച്ചുപോയി
വീഡിയോയിൽ പോലീസിയാളോട് താൻ മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ മദ്യപിച്ചിട്ടുണ്ടെന്നും ദിവസം മുഴുവൻ അധ്വാനിക്കുന്ന താൻ വൈകുന്നേരം ഒരു പാനീയം കുടിക്കുന്നതിൽ എന്താണ് തെറ്റെന്നും ഇയാൾ പോലീസിനോട് തിരികെ ചോദിക്കുന്നതും കേൾക്കാം.
എന്തെങ്കിലും സാധനം മോഷണം പോയാൽ അത് കണ്ടെത്താൻ പൊലീസിന്റെ സഹായം തേടുന്നത് സാധാരണമാണ്. എന്നാൽ, ഇതാദ്യമായിട്ടായിരിക്കാം കാണാതെ പോയ 250 ഗ്രാം ഉരുളക്കിഴങ്ങ് കണ്ടെത്തിത്തരണമെന്ന് ആവശ്യപ്പെട്ട് ഒരാൾ പൊലീസിനെ വിളിക്കുന്നത്.
തികച്ചും വിചിത്രമായ ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഉത്തരപ്രദേശിലെ ഹർദോയ് ജില്ലയിൽ നിന്നാണ്. ദീപാവലിക്ക് തൊട്ടുമുൻപാണ് ഈ കൗതുകകരമായ സംഭവം അരങ്ങേറിയത്. പൊലീസിന്റെ 112 ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചാണ് ഒരു യുവാവ് തൻറെ 250 ഗ്രാം ഉരുളക്കിഴങ്ങ് വീട്ടിൽ നിന്നും മോഷണം പോയെന്നും അത് കണ്ടെത്തി തരണമെന്നും പോലീസിനോട് ആവശ്യപ്പെട്ടത്.
വിജയ് വർമ എന്ന യുവാവാണ് ഇത്തരത്തിൽ വിചിത്രമായ ഒരു പരാതിയുമായി പോലീസിനെ വിളിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, മന്നപൂർവ നിവാസിയായ വർമ, പോലീസിനു നൽകിയ പരാതിയിൽ പറയുന്നത് പാചകത്തിനായി ഉരുളക്കിഴങ്ങ് തയ്യാറാക്കി വെച്ചതിനുശേഷം പുറത്തുപോയി വന്നപ്പോഴേക്കും അത് മോഷണം പോയി എന്നാണ്. എത്രയും വേഗത്തിൽ ഉരുളക്കിഴങ്ങ് കണ്ടെത്തി തരണമെന്നും ഇയാൾ പോലീസിനോട് ആവശ്യപ്പെട്ടു.
ഒടുവിൽ പോലീസ് ഇയാളുമായുള്ള സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തു. വീഡിയോയിൽ പോലീസിയാളോട് താൻ മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ മദ്യപിച്ചിട്ടുണ്ടെന്നും ദിവസം മുഴുവൻ അധ്വാനിക്കുന്ന താൻ വൈകുന്നേരം ഒരു പാനീയം കുടിക്കുന്നതിൽ എന്താണ് തെറ്റെന്നും ഇയാൾ പോലീസിനോട് തിരികെ ചോദിക്കുന്നതും കേൾക്കാം. കൂടാതെ ഇത് തന്റെ മദ്യപാനത്തിന്റെ വിഷയം അല്ലെന്നും കാണാതായ ഉരുളക്കിഴങ്ങിനെ കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും അദ്ദേഹം പോലീസിനോട് പറയുന്നത് കാണാം.
വീഡിയോ വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് മാത്രമല്ല അത്തരത്തിൽ ഒരു പരാതിയോട് പ്രതികരിച്ച് സംഭവസ്ഥലത്ത് അന്വേഷണത്തിന് എത്തിയ പോലീസിനെ നിരവധി പേർ അഭിനന്ദിക്കുകയും ചെയ്തു.