എന്തിനിത് ചെയ്യുന്നു? പറഞ്ഞാലും മനസിലാകില്ല; വഴിയരികിൽ മാലിന്യം വലിച്ചെറിഞ്ഞ് ടൂറിസ്റ്റുകൾ, പ്രതികരിച്ച് യുവതി
അവിടെയുണ്ടായിരുന്ന കടയുടമയും അങ്ങനെ മാലിന്യം വലിച്ചെറിയരുത്, പൊലീസ് വന്നാൽ അവരോട് പിഴയീടാക്കുമെന്ന് പറഞ്ഞെങ്കിലും കേട്ടില്ല.
മാലിന്യങ്ങൾ വഴി തോറും വലിച്ചെറിയുന്ന അനവധി ആളുകളുണ്ട്. അതിനി പ്ലാസ്റ്റിക്കാണെങ്കിലും പേപ്പറാണെങ്കിലും ഒന്നും ഇത്തരക്കാർ ഗൗനിക്കാറില്ല. അങ്ങനെ ചെയ്യരുത് എന്ന് ആരെങ്കിലും പറഞ്ഞാലാവട്ടെ അവരോട് ദേഷ്യവും തോന്നും. പരിഷ്കൃതമായ ഒരു സമൂഹത്തിന്റെ ലക്ഷണമാണ് മാലിന്യം വേണ്ട വിധത്തിൽ സംസ്കരിക്കുക എന്നത് അല്ലേ? എന്നിരുന്നാലും, പലപ്പോഴും നമ്മൾ പലയിടങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയാറുണ്ട്. എന്തിനേറെ പറയുന്നു എവറസ്റ്റിൽ വരെ മാലിന്യങ്ങൾ കുന്നുകൂടുകയാണ്.
എന്തായാലും, ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ കാണുന്നത് ടൂറിസ്റ്റുകളോട് വഴിയരികിൽ മാലിന്യം ഇടരുത് എന്ന് പറയുന്ന ഒരു യുവതിയേയാണ്. പോസ്റ്റിൽ പറയുന്നത്, ഇത് തന്റെ സഹോദരിയുടെ അനുഭവമാണ് എന്നാണ്. അവർ, നൈനിറ്റാളിൽ എത്തിയ ടൂറിസ്റ്റുകളോട് വഴിയരികിൽ മാലിന്യം വലിച്ചെറിയരുത് എന്ന് ആവശ്യപ്പെട്ടെങ്കിലും ടൂറിസ്റ്റുകൾ തിരികെ ദേഷ്യപ്പെടുകയായിരുന്നു എന്നാണ് പറയുന്നത്.
വീഡിയോയ്ക്കൊപ്പമുള്ള കാപ്ഷനിൽ പറയുന്നതനുസരിച്ച് നൈനിറ്റാളിലെ ലവേഴ്സ് പോയിന്റിലാണ് സംഭവം നടന്നത്. അവിടെയെത്തിയവർ അവിടെ നിന്നും കേക്ക് മുറിച്ച ശേഷം ടിഷ്യൂ പേപ്പറുകളും കേക്കിന്റെ കവറും റോഡിലേക്ക് വലിച്ചെറിഞ്ഞു എന്നാണ് യുവതി ആരോപിക്കുന്നത്. അത് എടുത്ത് ചവറ്റുകൊട്ടയിലേക്ക് എറിയാൻ പറഞ്ഞെങ്കിലും അവിടെ ചവറ്റുകൊട്ടയില്ല എന്നാണ് സ്ത്രീ പറഞ്ഞത്.
അവിടെയുണ്ടായിരുന്ന കടയുടമയും അങ്ങനെ മാലിന്യം വലിച്ചെറിയരുത്, പൊലീസ് വന്നാൽ അവരോട് പിഴയീടാക്കുമെന്ന് പറഞ്ഞെങ്കിലും കേട്ടില്ല. പിന്നീട്, അതിലൊരാൾ അതെടുത്ത് താഴ്വരയിലേക്ക് വലിച്ചെറിഞ്ഞു. തന്റെ സഹോദരി അവരോട് വീണ്ടും പറഞ്ഞു. എന്നാൽ, അപ്പോഴാണ് സംഭവം വഷളായത്. അവർ ദേഷ്യപ്പെട്ടു. അവർ നിൽക്കുന്നതിന്റെ അഞ്ചടി മാറി ചവറ്റുകൊട്ടയുണ്ടായിരുന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്.
നല്ലൊരു പൗരനായിത്തീരുന്നതാവട്ടെ നമ്മുടെ ലക്ഷ്യം എന്നും പോസ്റ്റിൽ പറയുന്നുണ്ട്. എന്തായാലും, പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടു. ഒരുപാടുപേർ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്. ഇങ്ങനെ പെരുമാറുന്ന നിരവധി ആളുകളുണ്ട് എന്നും അവരിൽ നിന്നും നല്ല പിഴ തന്നെ ഈടാക്കണം എന്നും ഒരുപാടുപേർ അഭിപ്രായപ്പെട്ടു.