'വിന്നി ദി പൂഹ്' കലാകാരനെ അടിച്ചും കളിയാക്കിയും സഞ്ചാരി; രൂക്ഷമായി പ്രതികരിച്ച് ദൃക്സാക്ഷികൾ
പാര്‍ക്കിൽ ആളുകളെ സന്തോഷിപ്പിച്ച് നടക്കുന്നതിനിടെയാണ് ഒരു വിനോദ സഞ്ചാരി കലാകാരന്‍റെ അമിത വണ്ണമുള്ള മാസ്കില്‍ അടിക്കുകയും പിന്നാലെ കളിയാക്കുകയും ചെയ്തത്.
ഷാങ്ഹായ് ഡിസ്‌നിലാൻഡിൽ 'വിന്നി ദി പൂഹ്' കലാകാരനെ വിനോദ സഞ്ചാരി അടിച്ചതിനെ തുടർന്ന് ദൃക്സാക്ഷികൾ പ്രകോപിതരായി. ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമ ഉപഭോക്താക്കളെയും രോഷാകുലരാക്കി. ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുന്ന വിന്നി ദി പൂഹ് കലാകാരനെ അപ്രതീക്ഷിതമായി ഒരു വിനോദ സഞ്ചാരി പിന്നിൽ നിന്ന് അടിക്കുന്നതും തുടർന്ന് പരിഹസിച്ച് ചിരിക്കുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. അപ്രതീക്ഷിതമായിയുണ്ടായ സംഭവം എല്ലാവരെയും ആശ്ചര്യപ്പെടുത്തുകയും സംഭവത്തിന് ദൃക്സാക്ഷികൾ ആയിരുന്നവരെ രോഷാകുലരാക്കുകയും ചെയ്തു.
കലാകാരനെ സഹായിക്കാനായി സമീപത്തുണ്ടായിരുന്ന ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും അദ്ദേഹത്തിന്‍റെ തലയിൽ നിന്നും മാസ്ക് നിലത്തേക്ക് വീഴുകയും അതും എടുത്തു കൊണ്ട് അദ്ദേഹം വേഗത്തിൽ ആൾക്കൂട്ടത്തിനിടയിൽ മറയുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അമ്യൂസ്‌മെന്‍റ് പാർക്ക് മാനേജ്‌മെന്‍റ് സംഭവം സ്ഥിരീകരിച്ചെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പൂഹിന്‍റെ വേഷം ധരിച്ച കലാകാരന് ഗുരുതരമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിനോദ സഞ്ചാരിയ്ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും അധികൃതർ റിപ്പോർട്ട് ചെയ്തെങ്കിലും എന്ത് നടപടിയെന്ന് വിശദമാക്കിയില്ല.
എന്നാൽ, സംഭവം വിവാദമായതോടെ ഇതിനോട് പ്രതികരിച്ച, ഹെനാൻ സെജിൻ എന്ന നിയമ സ്ഥാപനത്തിലെ അഭിഭാഷകനായ ഫു ജിയാൻ പറയുന്നത്, ഇത്തരം സംഭവങ്ങളിൽ പ്രകടനം നടത്തുന്നയാൾക്ക് പരിക്കേറ്റാൽ, കാരണക്കാരായ സന്ദർശകർ വൈകാരികവും ആരോഗ്യപരവുമായ നാശനഷ്ടങ്ങൾക്ക് ഉത്തരവാദിയാകും. മുന്നറിയിപ്പ് നൽകിയോ പിഴ ചുമത്തിയോ അല്ലെങ്കിൽ ഹ്രസ്വകാല തടങ്കലിൽ വെച്ചോ അധികാരികൾക്ക് ഇതിനെതിരെ നടപടിയെടുക്കാം. ഇത്തരം നിയമവിരുദ്ധമായ പെരുമാറ്റം കാണിക്കുന്ന സന്ദർശകരെ പാർക്കിൽ പ്രവേശിക്കുന്നത് നിരോധിക്കണമെന്നും ഫു ശുപാർശ ചെയ്യുന്നു.
ഇത്തരം കഥാപാത്രങ്ങളുടെ വേഷത്തിനുള്ളിൽ പ്രകടനം നടത്താൻ ആളുകളെ നിർബന്ധിക്കുന്നത് ക്രൂരതയാണ് എന്നാണ് ഒരു വിഭാഗം സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടത്. വളരെയധികം ഭാരമുള്ള ഇത്തരം ശിരോവസ്ത്രങ്ങൾ കഴുത്ത് കൊണ്ട് താങ്ങുന്നത് ബുദ്ധിമുട്ടാണെന്നും ഒരു ബാഹ്യ ആഘാതം അതിൽ പ്രയോഗിച്ചാൽ, ചിലപ്പോൾ സെർവിക്കൽ കശേരുവിന് പരിക്കേൽക്കുന്നതിന് വരെ കാരണമായേക്കാമെന്നും ആളുകൾ അഭിപ്രായപ്പെട്ടു.