ഭയന്നു വിറച്ച് അച്ഛനും അമ്മയും, ഉഗ്രവിഷമുള്ള പാമ്പ്, കണ്ടത് കുഞ്ഞിന്റെ ബൗൺസറിനടിയിൽ
വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത് ക്രിസ്മസ് രാത്രിയാണ് സംഭവം നടന്നത് എന്നാണ്. അച്ഛനും അമ്മയുമാണ് കുട്ടിയുടെ ബൗൺസറിനടിയിൽ പാമ്പിനെ കണ്ടത്.
പാമ്പുകളെ പേടിയില്ലാത്തവരുണ്ടോ? ചുരുക്കമാവും. ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ നമ്മൾ പാമ്പുകളുടെ അനേകം വീഡിയോകൾ കാണാറുണ്ട്. ചിലതൊക്കെ കാണുമ്പോൾ തന്നെ പേടിയാവും. എവിടെയാണ് എപ്പോഴാണ് പാമ്പ് പ്രത്യക്ഷപ്പെടുന്നത് എന്ന് പറയാൻ പറ്റില്ല. അതുപോലെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഓസ്ട്രേലിയയിലായിരുന്നു സംഭവം. പാമ്പിനെ പിടികൂടുന്നവരെ വീട്ടുകാർ വിളിക്കുകയായിരുന്നു. ഒരു കുഞ്ഞിന്റെ ബൗൺസി ചെയറിന്റെ അടിയിലായിരുന്നു പാമ്പുണ്ടായിരുന്നത്. അതും നല്ല വിഷമുള്ള പാമ്പ്. ടൈഗർ സ്നേക്ക് എന്ന പാമ്പായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഓസ്ട്രേലിയയിലും ടാസ്മാനിയ പോലുള്ള തീരദേശ ദ്വീപുകളിലുമാണ് സാധാരണയായി ഈ പാമ്പിനെ കണ്ടു വരുന്നത്. വളരെ വിഷമുള്ള തരം പാമ്പാണ് ഇത്.
അങ്ങനെ ഒരു പാമ്പിനെയാണ് കുഞ്ഞിന്റെ ബൗൺസി ചെയറിന് താഴെയായി കണ്ടത്. വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് snakehunteraus എന്ന യൂസറാണ്. വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത് ക്രിസ്മസ് രാത്രിയാണ് സംഭവം നടന്നത് എന്നാണ്. അച്ഛനും അമ്മയുമാണ് കുട്ടിയുടെ ബൗൺസറിനടിയിൽ പാമ്പിനെ കണ്ടത്. രാത്രി വൈകിയിരുന്നു. പിന്നീട്, അത് പാമ്പ് തന്നെയാണെന്ന് ഉറപ്പിച്ചപ്പോൾ അവർ പാമ്പിനെ പിടികൂടുന്നവരെ വിളിക്കുകയായിരുന്നു. 15 മിനിറ്റിനുള്ളിൽ താൻ സ്ഥലത്തെത്തി എന്നും കാപ്ഷനിൽ പറയുന്നുണ്ട്.
വീട്ടുകാർക്കോ പാമ്പിനോ ഒന്നും പരിക്കില്ലാതെ തന്നെ വീട്ടിൽ നിന്നും പാമ്പിനെ പിടികൂടി കൊണ്ടുപോവുകയായിരുന്നു. ഇതുപോലെയുള്ള സ്ഥലങ്ങളിൽ പാമ്പുകളെ കാണുന്നതും അതിന്റെ വീഡിയോകൾ വൈറലാവുന്നതും ഒരു പുതിയ സംഭവമല്ല.
കഴിഞ്ഞ ദിവസം അതുപോലെ ഉത്സവത്തിൻ്റെ ഭാഗമായി എറണാകുളം തിരുനെട്ടൂർ മഹാദേവർ ക്ഷേത്രത്തിൻ്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെ രണ്ട് മലമ്പാമ്പുകളെ പിടികൂടിയിരുന്നു. മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് കുളത്തിന് സമീപമുള്ള പുല്ല് നിറഞ്ഞ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് പാമ്പുകളെ കണ്ടത്. ഒടുവിൽ ഒരെണ്ണത്തിനെ ഇവിടെയുണ്ടായിരുന്ന യുവാക്കൾ ചാക്കിലാക്കുകയും പുല്ലിനിടയിലേക്ക് മറഞ്ഞതിനെ പാമ്പ് പിടുത്തക്കാരെത്തി പിടികൂടുകയുമായിരുന്നു.
പൂച്ചക്കുഞ്ഞിനെ പോലെ സിംഹം, മടിയിലിരുത്തി ലാളിച്ച് യുവതി, ഇത് അപകടകരം എന്ന് നെറ്റിസണ്‍സ്, വീഡിയോ