ആടിനെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്, തലയും വാലും പിടിച്ച് രക്ഷിച്ചെടുത്ത് മൂന്ന് കുട്ടികൾ
ആട് ആകെ പരിഭ്രാന്തിയിൽ ആവുകയും എങ്ങനെയെങ്കിലും പാമ്പിന്റെ പിടിയിൽ നിന്നും സ്വയം വിടുവിക്കാൻ ശ്രമിക്കുന്നതും കാണാം. അപ്പോഴാണ് മൂന്ന് കുട്ടികൾ അവിടെ എത്തിച്ചേരുന്നത്.
പാമ്പുകളെ കുറിച്ചുള്ള അനേകം ഭയപ്പെടുത്തുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോഴും വൈറൽ ആവുന്നത്. അതിൽ, ഒരു ഗ്രാമത്തിൽ മൂന്ന് ആൺകുട്ടികൾ ചേർന്ന് ഒരു ആട്ടിൻകുട്ടിയെ പാമ്പിൽ നിന്നും രക്ഷിക്കുന്ന രംഗമാണ് കാണാൻ കഴിയുക.
പെരുമ്പാമ്പുകൾ സാധാരണയായി ഇരകളെ ആദ്യം വരിഞ്ഞു മുറുക്കുകയാണ് ചെയ്യുന്നത്. പിന്നാലെ അതിനെ ശ്വാസം മുട്ടിക്കുകയും കൊല്ലുകയും ചെയ്യുന്നു. ഇവിടെയും ആദ്യം അതുപോലെ തന്നെയാണ് ചെയ്യുന്നത്. ആദ്യം അത് ആടിനെ ചുറ്റി വരിയുകയാണ്. പെരുമ്പാമ്പ് സകല ശക്തിയും ഉപയോഗിച്ച് ആട്ടിൻ കുട്ടിയെ വരിഞ്ഞ് മുറുക്കുമ്പോൾ അത് വേദന കൊണ്ട് കരയുന്നത് കേൾക്കാം.
ആട് ആകെ പരിഭ്രാന്തിയിൽ ആവുകയും എങ്ങനെയെങ്കിലും പാമ്പിന്റെ പിടിയിൽ നിന്നും സ്വയം വിടുവിക്കാൻ ശ്രമിക്കുന്നതും കാണാം. അപ്പോഴാണ് മൂന്ന് കുട്ടികൾ അവിടെ എത്തിച്ചേരുന്നത്. അവർ പെരുമ്പാമ്പിന്റെ പിടിയിൽ നിന്നും ആടിനെ മോചിപ്പിക്കാൻ ശ്രമം തുടങ്ങുകയാണ്. മൂന്ന് കുട്ടികളും പാമ്പിനെ പേടിക്കാതെ ധൈര്യപൂർവം അതിനെ പിടിച്ച് വലിക്കുകയും ആടിനെ അതിന്റെ പിടിയിൽ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു.
ആദ്യം ഒരു കുട്ടി പാമ്പിന്റെ വാലിൽ പിടിച്ച് വലിക്കുകയാണ്. മറ്റൊരു കുട്ടി അതിനെ ബലമായി പിടിച്ച് വലിക്കുന്നു. മറ്റൊരാൾ പാമ്പിന്റെ തലയ്ക്ക് താഴെ മുറുക്കെ പിടിക്കുന്നു. പിന്നെ, പതിയെ ആടിനെ പാമ്പിൽ നിന്നും അഴിച്ചെടുക്കുന്നതും കാണാം. അതിനുശേഷം ആട് അതിന്റെ പിടിയിൽ നിന്നും മോചിപ്പിക്കപ്പെടുകയും അത് ഓടിപ്പോവുകയും ആണ്.
ശേഷം, മൂന്ന് കുട്ടികളും ചേർന്ന് ശ്രദ്ധയോടെ പാമ്പിനെ പിടിച്ച് അതിനെ കൊണ്ടുപോകുന്നത് കാണാം. എങ്ങോട്ടാണ് പാമ്പിനെ കൊണ്ടുപോകുന്നത് എന്ന് വ്യക്തമല്ല. ഏതായാലും നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മിക്കവരും കുട്ടികളുടെ ധൈര്യത്തെ അഭിനന്ദിച്ചു. അതേ സമയം ചിലർ ആ ക്യാമറ പകർത്തിയ ആളെ ചോദ്യം ചെയ്തു. കുട്ടികൾ ഇങ്ങനെ ഒരു കാര്യം ചെയ്യുമ്പോൾ സഹായിക്കാതെ വീഡിയോ പകർത്തുകയാണോ ചെയ്യേണ്ടത് എന്നാണ് അവർ ചോദിച്ചത്.