എങ്ങനെ ഓംലറ്റുണ്ടാക്കാം, കുക്കിംഗ് വീഡിയോ കണ്ട് ടാക്സിയോടിക്കുന്ന ഡ്രൈവർ, വിവരങ്ങൾ തരൂവെന്ന് പൊലീസ്
നിങ്ങളുടെ ഡ്രൈവർ വാഹനമോടിക്കുന്നതിനിടയിൽ എങ്ങനെ ഓംലറ്റുണ്ടാക്കാമെന്ന് പഠിച്ചുകൊണ്ട് ഞങ്ങളുടെ ജീവൻ അപകടത്തിലാക്കുകയാണ് എന്നാണ് വീഡിയോയുടെ കൂടെ കുറിച്ചിരിക്കുന്നത്.
അശ്രദ്ധമായി വാഹനമോടിച്ചാൽ അവരവർ മാത്രമല്ല മറ്റുള്ളവരും അപകടത്തിൽ പെടും. എങ്കിലും തീർത്തും അശ്രദ്ധമായും നിരുത്തരവാദപരമായും വാഹനമോടിക്കുന്ന അനേകം ആളുകളെ നമുക്ക് റോഡുകളിൽ കാണാം. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു ടാക്സി ഡ്രൈവറുടെ തികച്ചും അപകടകരമായ പ്രവൃത്തിയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നമുക്കറിയാം, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, അത് പലയിടത്തും നിരോധിച്ചിട്ടുള്ളതുമാണ്. എന്നാൽ, പലരും മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കാറുണ്ട്. അതിനേക്കാൾ കടന്ന് മൊബൈലിൽ വീഡിയോ കണ്ടുകൊണ്ട് വാഹനം ഓടിക്കുന്നവരും ഉണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.
@ROHANKHULE എന്ന യൂസറാണ് വീഡിയോ എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് തികച്ചും ഞെട്ടിക്കുന്ന കാര്യമാണ്. ഡ്രൈവർ തൻറെ മുന്നിൽ മൊബൈൽ വച്ചശേഷം അതിൽ വീഡിയോ കണ്ടുകൊണ്ടാണ് വാഹനം ഓടിക്കുന്നത്. പാചകവീഡിയോ ആണ് ഇയാൾ കാണുന്നത്.
ഓല വഴി ബുക്ക് ചെയ്തതാണ് ടാക്സി. ഓലയെ പരാമർശിച്ചുകൊണ്ടാണ് എക്സിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ ഡ്രൈവർ വാഹനമോടിക്കുന്നതിനിടയിൽ എങ്ങനെ ഓംലറ്റുണ്ടാക്കാമെന്ന് പഠിച്ചുകൊണ്ട് ഞങ്ങളുടെ ജീവൻ അപകടത്തിലാക്കുകയാണ് എന്നാണ് വീഡിയോയുടെ കൂടെ കുറിച്ചിരിക്കുന്നത്.
വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തിയിട്ടുണ്ട്. അതുപോലെ മുംബൈ ട്രാഫിക് പൊലീസും ഓലയും യുവാവിന്റെ വീഡിയോയോട് പ്രതികരിച്ചിട്ടുണ്ട്. വാഹനത്തിന്റെ വിവരങ്ങൾ നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അത് നൽകിയതായി യുവാവ് പറയുന്നുമുണ്ട്.
ഇതുപോലെ ഡ്രൈവർമാർ അശ്രദ്ധമായി, ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്നതായുള്ള അനേകം പരാതികൾ ദിവസേന ഉയരാറുണ്ട്.
വന്നുവന്ന് ചാറ്റ്ജിപിടി വരെ കളിയാക്കാൻ തുടങ്ങി, കൊടുത്ത മറുപടി ഇങ്ങനെ, സ്ക്രീൻഷോട്ട് വൈറൽ