അധ്യാപകന്‍ പോവുന്നതറിഞ്ഞ് തേങ്ങിക്കരഞ്ഞ് കുരുന്നുകള്‍, കണ്ണ് നിറഞ്ഞ് അധ്യാപകന്‍, സ്നേഹ ദൃശ്യം

ഡസ്കില്‍ തല വെച്ച് കരഞ്ഞ് കുരുന്നുകള്‍. 'എണീക്ക്, ഞാന്‍ നാളെയും വരു'മെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് അധ്യാപകന്‍

students crying during farewell of teacher viral video SSM

തൃശൂര്‍: അധ്യാപക വിദ്യാര്‍ത്ഥി സ്നേഹം വാക്കുകള്‍ക്കതീതവും നിരുപാധികവുമാണ്. അധ്യാപകര്‍ പിരിഞ്ഞുപോകുമ്പോഴും സ്ഥലം മാറിപ്പോകുമ്പോഴും വിദ്യാര്‍ഥികള്‍ക്ക് സങ്കടം സഹിക്കാനാവാത്തതും അതുകൊണ്ടാണ്. അത്തരമൊരു ദൃശ്യം പങ്കുവെച്ചിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 

അകലാട് എംഐസി ഇംഗ്ലീഷ് സീനിയർ സെക്കണ്ടറി സ്കൂളിൽ നിന്നുള്ള ദൃശ്യമാണ് മന്ത്രി പങ്കുവെച്ചത്- "പ്രിയപ്പെട്ട വിദ്യാർത്ഥികളോടുള്ള അധ്യാപകന്റെ യാത്രപറച്ചിലും കണ്ണീരോടെയുള്ള വിദ്യാർത്ഥികളുടെ യാത്രയയപ്പും. ഇതാണ് നിരുപാധികമാം സ്നേഹം"

ഡസ്കില്‍ തല വെച്ച് കരഞ്ഞ കുരുന്നുകളെ അധ്യാപകന്‍ സയീദ് മുഹമ്മദലി അടുത്തെത്തി ആശ്വസിപ്പിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. 'എണീക്ക്, ഞാന്‍ നാളെയും വരു'മെന്ന് പറഞ്ഞ് അധ്യാപകന്‍ ആശ്വസിപ്പിച്ചിട്ടും കുട്ടികള്‍ തേങ്ങിക്കരയുകയാണ്. ഇതോടെ അധ്യാപകന്‍റെയും കണ്ണ് നിറഞ്ഞു.

 


സ്ഥലം മാറിപ്പോയ അധ്യാപികയെ വിദ്യാര്‍ത്ഥികള്‍ അവരവരുടെ ക്ലാസുകളിലേക്ക് പിടിച്ചുവലിക്കുന്ന ദൃശ്യം നേരത്തെ മന്ത്രി പങ്കുവെച്ചിരുന്നു. മലപ്പുറത്ത് പെരിന്തല്‍മണ്ണയിലെ താഴേക്കോട് ജിഎംഎൽപിഎസിൽ നിന്നുള്ള ദൃശ്യമാണ് മന്ത്രി ഫേസ് ബുക്കില്‍ പങ്കുവെച്ചത്- "കുട്ടികൾ എത്ര നിഷ്കളങ്കമായാണ് സ്നേഹിക്കുന്നത്. സ്ഥലംമാറിപ്പോയ ടീച്ചർ സ്കൂളിൽ വീണ്ടുമെത്തിയപ്പോൾ അവരവരുടെ ക്‌ളാസുകളിലേക്ക്  വരാന്‍ ടീച്ചറെ നിർബന്ധിക്കുന്ന കുട്ടികൾ" എന്ന കുറിപ്പോടെയാണ് മന്ത്രി ആ കാഴ്ച പങ്കുവെച്ചത്. 

എന്‍ പി നിസ എന്ന അധ്യാപികയെയാണ് കുട്ടികള്‍ സ്നേഹത്താല്‍ പൊതിഞ്ഞത്. സംഭവത്തെ കുറിച്ച് നിസ ടീച്ചര്‍ പറഞ്ഞതിങ്ങനെ- "കുട്ടികളെ പോലെ നിഷ്കളങ്കരും സ്നേഹമുള്ളവരും വേറെ ആരുണ്ട്‌! കഴിഞ്ഞാഴ്ച ട്രാന്‍സ്ഫര്‍ ആയിപ്പോന്ന പഴേ സ്കൂളിലേക്ക് ഇന്ന് ലാസ്റ്റ് പേ സര്‍ട്ടിഫിക്കറ്റ് വാങ്ങാൻ പോയി. കുട്ടികൾ കരുതി ഞാൻ തിരിച്ചു വന്നു എന്ന്. കഴിഞ്ഞ വർഷത്തെ കുട്ടികൾ അവരുടെ ക്‌ളാസിലേക്കും ഈ വർഷത്തെ കുട്ടികൾ അവരുടെ ക്‌ളാസിലേക്കും വരാൻ പറഞ്ഞു പിടിവലിയായി. തോൽപ്പിച്ചു കളയുന്ന ചില സ്നേഹങ്ങൾ".

'വാ ടീച്ചറേ, ക്ലാസിലേക്ക് വാ', സ്ഥലം മാറിപ്പോയ അധ്യാപികയെ പിടിച്ച് വലിച്ച് കുട്ടികൾ, വികാരനിർഭരം ഈ കൂടിക്കാഴ്ച

Latest Videos
Follow Us:
Download App:
  • android
  • ios