പൊട്ടിച്ചിരിപ്പിക്കും, സ്ത്രീകളെ ട്രോളിക്കൊല്ലുന്ന ഒരു റെസ്റ്റോറന്റ് മെനു, വൈറൽ
ഈ മെനു കാർഡിന് ഒരു പ്രത്യേകതയുണ്ട്, 'വുമൺ സ്‌പെഷ്യൽ' എന്ന പേരിൽ ഒരു പ്രത്യേക ഭാഗം തന്നെ ഇതിൽ ചേർത്തിട്ടുണ്ട്.
റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാൻ കയറുമ്പോൾ മെനു കാർഡ് നോക്കി ഭക്ഷണം ഓർഡർ ചെയ്യുന്നത് എപ്പോഴെങ്കിലും നിങ്ങളെ ആശയക്കുഴപ്പത്തിൽ ആക്കിയിട്ടുണ്ടോ? പ്രത്യേകിച്ച് കുടുംബാംഗങ്ങൾ ഒരുമിച്ചു പോകുമ്പോൾ? ഏതായാലും, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു ഹോട്ടലിലെ മെനു കാർഡ് ആണ്.
ഈ മെനു കാർഡിന് ഒരു പ്രത്യേകതയുണ്ട്, 'വുമൺ സ്‌പെഷ്യൽ' എന്ന പേരിൽ ഒരു പ്രത്യേക ഭാഗം തന്നെ ഇതിൽ ചേർത്തിട്ടുണ്ട്. പാകിസ്ഥാനിൽ നിന്നുള്ള ഹോട്ടൽ ശൃംഖലയായ ഉംദയാണ് ഇത്തരത്തിൽ വേറിട്ട ഒരു മെനു കാർഡ് നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
കാർഡിൽ 'ഉംദയുടെ വുമൺ സ്‌പെഷ്യൽ' എന്ന പേരിൽ ഒരു പ്രത്യേക വിഭാഗമുണ്ട്, അതിലെ വിഭവങ്ങൾ 'കുച്ച് നഹി, കുച്ച് ബി, നഹി തും ബോലോ, ആസ് യൂ വിഷ്, നഹി നഹി തും ബോലോ' എന്നിങ്ങനെയാണ് നൽകിയിരിക്കുന്നത്. രസകരമെന്നു പറയട്ടെ, കുച്ച് നഹി- (220 രൂപ), കുച്ച് ബി (240 രൂപ), ആസ് യു വിഷ് (260 രൂപ), നഹി തും ബോലോ (280 രൂപ), നഹി നഹി തും ബോലോ (300 രൂപ) എന്നീ ഇനങ്ങളുടെ നിരക്കുകളും മെനുവിൽ സൂചിപ്പിച്ചിട്ടുണ്ട്.
ക്ലിപ്പ് വൈറലായതോടെ എല്ലാ റസ്റ്റോറൻ്റുകളിലും ഇത്തരം മെനു കാർഡുകൾ ഉണ്ടായിരിക്കണമെന്ന് ഉപയോക്താക്കളിലൊരാൾ അഭിപ്രായപ്പെട്ടു. മെനു കാർഡിലെ 'ഹും' എന്ന ഇനം റസ്റ്റോറൻ്റ് ഉടമ മറന്നുവെന്നായിരുന്നു മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്.