'ഹേ പ്രഭു യേ ക്യാ ഹുവാ...'; മാളിലെ എസ്കലേറ്ററിലേക്ക് ചാടിക്കയറിയ യുവതിയുടെ പരാക്രമം കണ്ട് സോഷ്യല്‍ മീഡിയ
താഴെ പോകാതിരിക്കാനായി ഇരുകൈകള്‍ കൊണ്ടും യുവതി എസ്കലേറ്ററിലെ ഹാന്റ് സ്ലൈഡില്‍ മുറുക്കെ പിടിച്ചിരിക്കുന്നു.
എസ്കലേറ്ററില്‍ ആദ്യമായി കയറുന്നവര്‍ക്ക് ചെറിയ പേടിയൊക്കെ സാധാരണമാണ്. ബാലന്‍സ് തെറ്റി താഴെ വീഴുമോ എന്ന ഭായമാണ് അതിന് കാരണം. നമ്മുടെ നാട്ടില്‍ പലരും ആദ്യമായി എസ്കലേറ്റര്‍ കാണുന്നതും ഉപയോഗിക്കുന്നതും മാളികളില്‍ നിന്നാകും. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു യുവതി മാളിലെ എസ്കലേറ്ററില്‍ കയറുന്ന വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കണ്ടത് നിരവധി പേരാണ്. നിക്കി ദാഹിയ എന്ന യുവതിയുടെ അക്കൌണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. "എന്താണ് സംഭവിച്ചത്" എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. എസ്കലേറ്ററില്‍ കയറുന്നതിനുള്ള ഭയത്തെ എസ്കലാഫോബിയ (Escalaphobia) എന്നാണ് പറയുന്നത്.
വീഡിയോയുടെ തുടക്കത്തില്‍ തിരക്കേറിയ ഒരു മാളിലെ എസ്കലേറ്ററില്‍ കയറാന്‍ തയ്യാറെടുക്കുന്ന ഒരു യുവതിയെ കാണാം. രണ്ട് തവണ ശങ്കിച്ച ശേഷം യുവതി നീങ്ങിത്തുടങ്ങിയ എസ്കലേറ്ററിലേക്ക് ചാടിക്കയറുന്നു. മൂന്നാല് പടി താഴേയാണ് ഇവര്‍ ചാടിയപ്പോള്‍ എത്തിയത്. പിന്നാലെ താഴെ പോകാതിരിക്കാനായി ഇരുകൈകള്‍ കൊണ്ടും യുവതി എസ്കലേറ്ററിലെ ഹാന്റ് സ്ലൈഡില്‍ മുറുക്കെ പിടിച്ചിരിക്കുന്നതും കാണാം. ഒടുവില്‍ ഏറ്റവും താഴെ എത്തുമ്പോള്‍ അതുവരെ എസ്കലേറ്ററിന്റെ പടിയില്‍ കുത്തിയിരുന്ന യുവതി പെട്ടെന്ന് എഴുന്നേല്ക്കാന് ശ്രമിക്കുകയും ഇതിനെ തുടര്‍ന്ന് താഴേക്ക് ഉരുണ്ടുവീഴുന്നതും വീഡിയോയില്‍ കാണാം.
അതേസമയം വീഡിയോ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കള്‍ വീഡിയോ വിനോദത്തിന് വേണ്ടി ബോധപൂര്‍വ്വം നിര്‍മ്മിച്ചതാണെന്ന് ആരോപിച്ചു. യുവതിയുടെ മുഖത്ത് ആദ്യമായി എസ്കലേറ്ററില്‍ കയറുന്നതിന്റെ ഭയമോ ആശങ്കയോ ഇല്ലെന്നും മാത്രമല്ല, രസകരമായ വീഡിയോകള്‍ പങ്കുവയ്ക്കുന്നതില്‍ നിക്കി ദാഹിയ ഏറെ മുന്നിലാണെന്നും ചിലര്‍ കുറിച്ചു. 'വേഗമേറിയ സമയം, എല്ലാവരും ഭയപ്പെടുന്നു, ഇതിൽ ചിരിക്കാൻ എന്താണ് ഉള്ളത്?' ഒരു കാഴ്ചക്കാരന് അല്പം സീരിയസായി. 'എസ്കലേറ്ററിൽ തനിക്കും മറ്റുള്ളവർക്കും ഇത് അപകടകരമാണ്' മറ്റൊരു കാഴ്ചക്കാരന് എഴുതി.