യുപിയിലെ തെരുവിലൂടെ കൂസലില്ലാതെ പോകുന്ന മുതലയെ ചവിട്ടുന്ന മനുഷ്യന്‍; രൂക്ഷമായി പ്രതികരിച്ച് സോഷ്യൽ മീഡിയ
പിന്നില്‍ നിന്നും ഒരാള്‍ മുതലയുടെ വാലില്‍ ചവിട്ടുന്നതും വീഡിയോയില്‍ കാണാം. ഭയന്ന് പോയ മുതല സര്‍വ്വ ശക്തിയുമെടുത്ത് തെരുവിലെ വീടുകള്‍ക്ക് മുന്നിലൂടെ ഓടുന്നു.
ഉത്തർപ്രദേശിലെ ബിജ്‌നോറിലെ നംഗൽ സോട്ടി ഗ്രാമത്തിലെ ഒരു തെരുവിലേക്ക് രാവിലെ ഇറങ്ങിയവര്‍ ആ കാഴ്ച കണ്ട് ഭയന്നു. തങ്ങള്‍ കാണുന്നത് യാഥാര്‍ത്ഥ്യമാണോയെന്ന സംശയത്താല്‍. തെരുവിലൂടെ അപ്രതീക്ഷിതമായി കടന്ന് വന്നത് കൂറ്റനൊരു മുതല. മനുഷ്യരും പട്ടികളും നിറഞ്ഞ തെരുവില്‍ യാതൊരു ആശങ്കയോ ഭയമോ ഇല്ലാതെ വളരെ ലാഘവത്തോടെയായിരുന്നു മുതലയുടെ യാത്ര. മുതല തെരുവിലൂടെ കടന്ന് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി.
മുതലയെ തെരുവില്‍ കണ്ടെത്തിയത് പുലര്‍ച്ചെയാണ്. ഭയന്ന നാട്ടുകാര്‍ അപ്പോള്‍ തന്നെ വനം വകുപ്പിനെ വിവരമറിയിച്ചു. എന്നാല്‍ വനം വകുപ്പ് സംഘം സ്ഥലത്തെത്തിയത് രണ്ട് മണിക്കൂറോളം താമസിച്ച്. ഇതിനിടെ മുതല തെരുവിലൂടെ തലങ്ങും വിലങ്ങും നടന്നു. തെരുവില്‍ മുതല ഇറങ്ങിയ വാര്‍ത്ത കാട്ടൂതീ പോലെ ഗ്രാമത്തിലെമ്പാടും പരന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോഴേക്കും സമീപ ഗ്രാമങ്ങളില്‍ നിന്നുള്ളവരും പുതിയ അതിഥിയെ കാണാനായി എത്തി. ഒടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തുമ്പോള്‍ ആളുകള്‍ തിങ്ങി നിറഞ്ഞ തെരുവിലൂടെ മുതല സൌര്യവിഹാരം നടത്തുകയായിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു തെരുവ് നായ, മുതലയുടെ പിന്നാലെ ഓടുന്നത് കാണാം. ആദ്യം മണപ്പിച്ച് നോക്കുന്ന നായ ആസാധാരണമായ ജീവിയെ കണ്ട് പെട്ടെന്ന് ഭയന്ന് പിന്മാറുന്നു. ഇതിന് പിന്നാലെ ഒരാള്‍ മുതലയുടെ വാലില്‍ ചവിട്ടുന്നതും വീഡിയോയില്‍ കാണാം. ഭയന്ന് പോയ മുതല സര്‍വ്വ ശക്തിയുമെടുത്ത് തെരുവിലെ വീടുകള്‍ക്ക് മുന്നിലൂടെ ഓടുന്നു. ഈ സമയം ഏറെ മുന്നിലുണ്ടായിരുന്ന ചിലരും ഭയന്ന് ഓടുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ ഒരു കെട്ടിടത്തിന്‍റെ പുറക് വശത്തേക്ക് മുതല കയറിപ്പോകുന്നതും വീഡിയോയില്‍ കാണാം. വീഡിയോയില്‍ ആളുകള്‍ ഭയപ്പാടോടെ ശബ്ദമുണ്ടാക്കുന്നതും തെരുവിലൂടെ പരക്കം പായുന്നതും വീഡിയോയില്‍ കാണാം.
65 കാരന്‍ ഒറ്റയടിക്ക് 35 കാരനായ ചുള്ളന്‍; കാഴ്ചക്കാരെ ഞെട്ടിച്ച മേക്കോവര്‍ വീഡിയോ വൈറല്‍
'യുപിയിലെ ബിജ്‌നോറിലെ ഗ്രാമവീഥികളിലൂടെ ഒരു മുതല ചുറ്റിനടക്കുന്നു,' എന്ന അടിക്കുറിപ്പോടെ ജനപ്രിയ എക്സ് ഉപയോക്താവായ ഘർ കെ കലേഷാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം പത്ത് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടു കഴിഞ്ഞു. ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് മുതലയെ പിടികൂടിയത്. ആർക്കും പരിക്കില്ലെങ്കിലും നഗര ജനവാസ കേന്ദ്രങ്ങളിൽ വസിക്കുന്ന വന്യമൃഗങ്ങളുടെ എണ്ണത്തിൽ ഈ സംഭവം ആശങ്കയുണ്ടാക്കി. അതേസമയം മുതലയുടെ വാലില്‍ ചവിട്ടിയ ആള്‍ക്കെതിരെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രൂക്ഷമായാണ് പ്രതികരിച്ചത്. "ഒരു കാരണവുമില്ലാതെ ദ്രോഹികൾ ഒരു പാവപ്പെട്ട മൃഗത്തെ ചവിട്ടുന്നു". ഒരു കാഴ്ചക്കാരനെഴുതി. “യഥാർത്ഥ വന്യമൃഗങ്ങൾ മുതലയെ ചവിട്ടുന്നവരാണ്. വന്യജീവികളെ അപകടത്തിലാക്കിയതിന് ശിക്ഷിക്കപ്പെടണം. ” മറ്റൊരാള്‍ ആവശ്യപ്പെട്ടു. “മുതലയെ ചവിട്ടിയ ആൾ ഒരു ദിവസം നീന്താൻ പോയി അതിന്‍റെ ഭക്ഷണമായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പാവം ഇഴജന്തുക്കൾ. ഇതിന് ഭൂമിയിലെ ഏറ്റവും അപകടകാരികളായ മൃഗങ്ങളിൽ നിന്ന് രക്ഷിക്കേണ്ടതുണ്ട്: പ്രത്യേകിച്ചും മനുഷ്യരിൽ നിന്ന്," മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.