'ഇത്രയും അപകടകരമായ മറ്റെന്തുണ്ട്?'; വീഡിയോയ്ക്ക് രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ
വീഡിയോയില്‍ ഒരു റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്ക് ഓടിക്കാന്‍ ശ്രമിക്കുന്ന രണ്ട് കുട്ടികളെ കാണിച്ചു. രണ്ട് പേര്‍ക്കും 10 വയസ് പോലും പ്രായം പറയില്ല.
മിക്കയാളുകളും തങ്ങളുടെ കുട്ടിക്കാലത്ത് ആദ്യമായി ഇരുചക്ര വാഹനങ്ങള്‍ പരിശീലിച്ചിരുന്നത് സൈക്കിളിലായിരുന്നു. ആ ആദ്യ വാഹന പഠന കാലത്തെ കുറിച്ച് ചില നല്ലതും മോശവുമായ ഓര്‍മ്മകള്‍ പലര്‍ക്കും കാണും. എന്നാല്‍, കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ പക്ഷേ, കാഴ്ചക്കാരെ രൂക്ഷമായി പ്രതികരിക്കാന്‍ നിര്‍ബന്ധിതമാക്കി. കാലുറയ്ക്കാത്ത രണ്ട് കുരുന്നുകള്‍ നിര്‍ത്തിയിട്ട ഒരു ബൈക്ക് ഓടിച്ച് പോകുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.
പങ്കജ് നെയിന്‍ ഐപിഎസ് എന്ന എക്സ് സാമൂഹിക മാധ്യമ ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി,'ഇതിനേക്കാൾ അപകടകരമായ മറ്റെന്തുണ്ട്! മാതാപിതാക്കളെ ദയവായി നിങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുക. ഈ ജീവനുകൾ വിലപ്പെട്ടതാണ്,' വീഡിയോയില്‍ ഒരു റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്ക് ഓടിക്കാന്‍ ശ്രമിക്കുന്ന രണ്ട് കുട്ടികളെ കാണിച്ചു. രണ്ട് പേര്‍ക്കും 10 വയസ് പോലും പ്രായം പറയില്ല. മൂത്ത കുട്ടിയെന്ന് തോന്നിച്ചയാള്‍ ബൈക്ക് ഓടിക്കാനായി കിക്കറില്‍ ചവിട്ടുന്നത്, സൈഡ് സ്റ്റാന്‍റില്‍ ബൈക്ക് വച്ച് അതിന് മുകളില്‍ കയറിനിന്നാണ്. എന്നാല്‍ അത്രയും സാഹസികമായി ചവിട്ടിയിട്ടും അവന് വണ്ടി സ്റ്റാര്‍ട്ട് ആക്കാന്‍ കഴിയുന്നില്ല. ഇതിനിടെ അവനെക്കാള്‍ ചെറിയ രണ്ടാമത്തെ പയ്യന്‍ കിക്കറില്‍ കയറി നിന്ന് ചവിട്ടുമ്പോള്‍ വണ്ട് സ്റ്റാര്‍ട്ട് ആകുന്നു. തുടര്‍ന്ന് ഇരുവരും ബൈക്കുമായി മുന്നോട്ട് പോകുമ്പോള്‍ വീഡിയോ അവസാനിക്കുന്നു.
മകന്‍റെ ജന്മദിനത്തിന് വ്യത്യസ്ത ആഘോഷം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും
കിറ്റം ഗുഹകള്‍ മനുഷ്യ വംശത്തിന് ഭീഷണിയോ? ആശങ്കയോടെ ലോകം
പന്ത്രണ്ടായിരത്തിലേറെ പേര്‍ കണ്ട വീഡിയോയില്‍ കുട്ടികളെ സുരക്ഷിതരായി നോക്കാത്ത മാതാപിക്കള്‍ക്ക് നേരെ രൂക്ഷമായ വിമര്‍ശനമായിരുന്നു. മറ്റ് ചിലര്‍ റോഡ് സുരക്ഷയെ കുറിച്ച് ആശങ്കാകുലരായി. ട്രാഫിക് നിയമങ്ങൾ ആര്‍ക്കുവേണ്ടിയാണെന്ന് ചിലര്‍ പരിതപിച്ചു. 'അത്യന്തം അപകടകരം,' ഒരു കാഴ്ചക്കാരനെഴുതി. 'മാതാപിതാക്കള്‍ കുട്ടികളുടെ അത്തരം വീര്യകൃത്യങ്ങളില്‍ അഭിമാനിക്കുന്നു.' മറ്റ് ചിലര്‍ കുറിച്ചു. 'ഇതൊക്കെ ഇപ്പോള്‍ നഗരത്തിലും സാധാരണമാണ്. എട്ടും പത്തും വയസുള്ള കുട്ടികള്‍ ഹെല്‍മറ്റ് പോലും ധരിക്കാതെ സ്കൂട്ടിയില്‍ പറക്കുന്നു. പോലീസുകാര്‍ക്ക് പരിശോധിക്കാന്‍ കഴിയാത്ത ഉള്‍പ്രദേശങ്ങളില്‍ ഇത്തരം നിയമ ലംഘനങ്ങള്‍ പിടികൂടാന്‍ പ്രത്യേക പ്രാദേശിക സംവിധാനം വേണം.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.