അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, ക്ഷേത്രത്തിന്റെ ഇരുമ്പുഗേറ്റ് വലിച്ച് തുറക്കാൻ ശ്രമിച്ച് കരടി, ഒടുവിൽ...
'ആ സഫാരിയിൽ, അപൂർവവും മാന്ത്രികവുമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ തനിക്ക് ഭാഗ്യമുണ്ടായി. അവിടെയുണ്ടായിരുന്ന പുരാതനക്ഷേത്രത്തിലേക്ക് ഒരു കരടിയെത്തി. അത്തരം ഒരു കാഴ്ച ഒരിക്കലും മറക്കാനാവാത്തതായിരുന്നു.'
വന്യമൃഗങ്ങളെ കാണാനിഷ്ടപ്പെടുന്ന അനേകങ്ങളുണ്ട്. അതിനാൽ തന്നെ പലപ്പോഴും വന്യമൃഗങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടാറുമുണ്ട്. അതുപോലെ ഒരു വീഡിയോയാണ് രൺതംബോർ നാഷണൽ പാർക്കിൽ നിന്നും ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു തേൻകരടി അഥവാ മടിയൻ കരടിയാണ് വീഡിയോയിൽ ഉള്ളത്. രൺതംബോർ പാർക്ക് തന്നെയാണ് തങ്ങളുടെ അക്കൗണ്ടിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോയിൽ കാണുന്നത് കരടി കാട്ടിലുള്ള ഒരു ക്ഷേത്രത്തിന്റെ ഗേറ്റ് തുറക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ്. ഒരു ടൂറിസ്റ്റാണ് വീഡിയോ പകർത്തിയിരിക്കുന്നത്. മിക്കവാറും നാഷണൽ പാർക്കുകളിലേക്കുള്ള യാത്രയിൽ വന്യമൃഗങ്ങളെ കാണാം എന്ന് പറയുന്നുണ്ടെങ്കിലും ചിലപ്പോൾ അത് സാധിക്കണം എന്നില്ല. ഭാഗ്യമുണ്ടെങ്കിൽ ഒരുപാട് മൃഗങ്ങളെ കാണുകയും ചെയ്യാം. എന്നാൽ, ഭരദ്വാജ് പറയുന്നത്, തനിക്ക് ഒരു കരടിയെ കാണാനുള്ള ഭാഗ്യമുണ്ടായി എന്നാണ്.
രൺതംബോറിലെ സോൺ പത്തിലെ ഒരു അവിശ്വസനീയമായ സായാഹ്നമായിരുന്നു ഇതെന്നാണ് ഭരദ്വാജ് പറയുന്നത്. ആ സഫാരിയിൽ, അപൂർവവും മാന്ത്രികവുമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ തനിക്ക് ഭാഗ്യമുണ്ടായി. അവിടെയുണ്ടായിരുന്ന പുരാതനക്ഷേത്രത്തിലേക്ക് ഒരു കരടിയെത്തി. അത്തരം ഒരു കാഴ്ച ഒരിക്കലും മറക്കാനാവാത്തതായിരുന്നു. പ്രകൃതി ഒരിക്കലും വിസ്മയിപ്പിക്കുന്നത് അവസാനിപ്പിക്കുന്നില്ല എന്നും വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്.
വീഡിയോയിൽ കാണുന്നത് ഒരു കരടി പുരാതനമായ ഈ ക്ഷേത്രത്തിന്റെ ഇരുമ്പ് ഗേറ്റ് തുറക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ്. എന്തായാലും, കുറേയേറെ പരിശ്രമിച്ചിട്ടും കരടിക്ക് അത് തുറക്കാൻ സാധിച്ചിട്ടില്ല എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. മാത്രമല്ല, ഒടുവിൽ പരാജയം സമ്മതിച്ച കരടി അവിടെ നിന്നും പതിയെ സ്ഥലം കാലിയാക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
എന്തായാലും, കാടിനേയും കാടിന്റെ കാഴ്ചകളേയും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മനോഹരമായ ഒരു അനുഭവമാണ് എന്നതിൽ സംശയമില്ല.
ശരിക്കും ഹീറോ തന്നെ, കൈകളില്ലെങ്കിലെന്താ ആത്മധൈര്യമുണ്ടല്ലോ, ഡെലിവറി ഏജന്റിന് കയ്യടി