'മിണ്ടിപ്പോകരുത്'; യാത്രക്കാരോട് ചൂടായി എയർലൈന്‍ ജീവനക്കാരി, പിന്നാലെ മാപ്പ് പറഞ്ഞ് കമ്പനിയും
വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകിയതിനെ തുടര്‍ന്ന് രണ്ട് വിമാനത്തിലെ യാത്രക്കാരായിരുന്നു ഈ സമയം സ്ഥലത്ത് ഉണ്ടായിരുന്നത്. ഇവരുടെ നിരന്തരമായ ചോദ്യങ്ങള്‍ കൊണ്ട് ഗേറ്റ് ഏജന്‍റുമാര്‍ അസ്വസ്ഥരായിരുന്നു.
വിമാനങ്ങള്‍ വൈകുന്നത് ഇന്ന് പുതിയ കാര്യമല്ല. വിമാനത്തിലെ തകരാറുകള്‍, കാലാവസ്ഥ എന്ന് തുടങ്ങി വിമാനത്താവളത്തിന് ചുറ്റും പക്ഷികള്‍ ഉണ്ടെങ്കില്‍ പോലും വിമാനങ്ങള്‍ വൈകും. എന്നാല്‍, ദീര്‍ഘദൂര യാത്രയ്ക്കായി വിമാനത്താവളത്തിലെത്തി ഏകദേശം എട്ട് മണിക്കൂറോളം വിമാനം വൈകിയാല്‍ സ്വാഭാവികമായും യാത്രക്കാര്‍ പരാതിപ്പെടും. അത്തരമൊരു സാഹചര്യത്തില്‍ യാത്രക്കാരോട് എയര്‍ലൈന്‍ ഉദ്യോഗസ്ഥ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് വിമാനക്കമ്പനിക്ക് യാത്രക്കാരോട് മാപ്പ് പറയേണ്ടിവന്നു. സംഭവം നടന്നത് യുഎസിലെ കാലിഫോർണിയയിലെ ഹോളിവുഡ് ബർബാങ്ക് എയർപോര്‍ട്ടിലായിരുന്നു.
വിമാനം മണിക്കൂറുകൾ വൈകിയതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ യാത്രക്കാരോട് സ്പിരിറ്റ് എയർലൈൻസിന്‍റെ ഗേറ്റ് ഏജന്‍റ് മിണ്ടിപ്പോകരുതെന്ന് ആജ്ഞാപിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. യാത്രക്കാര്‍ വിമാനം എട്ട് മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് ഗേറ്റ് ഏജറ്റ് അപമര്യാദയായി പെരുമാറിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സ്പിരിറ്റ് എയർലൈൻ വൈകിയ സമയത്ത് തന്നെ മറ്റൊരു വിമാനവും വൈകിയിരുന്നു. ഈ വിമാനത്തിലെ യാത്രക്കാരും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇങ്ങനെ രണ്ട് വിമാനത്തിലെ യാത്രക്കാര്‍ ഒത്തുകൂടി ബഹളം വച്ചപ്പോഴാണ് ഗേറ്റ് ഏജന്‍റിന് ഇത്തരത്തില്‍ അപമര്യാദയായി പെരുമാറേണ്ടിവന്നത്. 'ദയവായി, എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാകും. ഇവിടെയുള്ള വിമാനം ഏതാണെന്ന് പോലും എനിക്കറിയില്ല, കാരണം എല്ലാവരുടെയും അന്വേഷണങ്ങള്‍ ഇവിടേയ്ക്ക് എത്തുന്നു. നിങ്ങൾ എനിക്ക് ഒരു മിനിറ്റ് പോലും തരുന്നില്ല. ദയവായി എനിക്ക് ഒരു മിനിറ്റ് തരൂ,' എന്ന് ഒരു ജീവനക്കാരി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
ആളുകൾ കുളിമുറികളില്‍ കൂടുതല്‍ നേരം ചെലവിടുന്നതെന്ത് കൊണ്ട്? രസകരമായ വെളിപ്പെടുത്തലുമായി പഠനം
അതേസമയം സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു ഗേറ്റ് ഏജന്‍റ് യാത്രക്കാര്‍ക്ക് നേരെ കൈ ചൂണ്ടി, 'മിണ്ടിപ്പോകരുത്, എനിക്ക് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ കിട്ടുമോ!? നിങ്ങൾക്കെല്ലാവർക്കും ഈ വിമാനത്തിൽ കയറണോ വേണ്ടയോ?' എന്ന് ആക്രോശിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. അതേസമയം സംഭവത്തിന്‍റെ വീഡിയോ ചിത്രീകരിക്കുകയായിരുന്ന ഈസ് എന്ന യാത്രക്കാരനോട് വീഡിയോ എടുത്താല്‍ വിമാനത്തില്‍ നിന്നും പുറത്താക്കുമെന്ന് പറയുന്നതും വീഡിയോയില്‍ ഉണ്ട്. ഇതിന് പിന്നാലെ ഈസ് വീഡിയോ എടുക്കുന്നത് നിര്‍ത്തി. യാത്രക്കാരെ ശാന്തരാക്കാനാണ് രണ്ടാമത്തെ ഗേറ്റ് ഏജന്‍റ് ശ്രമിച്ചതെന്നും എന്നാല്‍ അവര്‍ക്ക് കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നെന്നും ഈസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് ജീവനക്കാരികളെയും സസ്പെന്‍റ് ചെയ്തതായും യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നാതായും സ്പിരിറ്റ് എയര്‍ലൈന്‍ പ്രസ്താവന ഇറക്കിയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
വെള്ളം ചവിട്ടാതെ റോഡ് മുറിച്ച് കടക്കാനായി ചാടി, പക്ഷേ, നടുവുംതല്ലി നടുറോഡില്‍; വീഡിയോ വൈറല്‍