തുറന്ന ട്രെക്കിൽ പാർക്ക് കാണാനെത്തിയ 2 വയസുകാരിയെ കടിച്ചുയർത്തി ജിറാഫ്, വീഡിയോ
നിർത്തിയിട്ട വാഹന വ്യൂഹത്തിന് അടുത്തെത്തിയ ജിറാഫ് ട്രെക്കിന്റെ പിൻഭാഗത്ത് മുകൾ ഭാഗം തുറന്ന നിലയിലുള്ള പ്ലാറ്റ്ഫോമിലിരുന്ന രണ്ട് വയസുകാരിയെയാണ് കടിച്ചുയർത്തിയത്
ടെക്സാസ്: ഡ്രൈവ് ത്രൂ പാർക്കിലൂടെ പോകുന്ന വാഹനത്തിൽ നിന്ന് പിഞ്ചുകുഞ്ഞിനെ കടിച്ച് പൊക്കി ജിറാഫ്. വന്യമൃഗങ്ങളോട് ഇടപഴകുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് വ്യക്തമായി നൽകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ടെക്സാസിലെ ഗ്ലെൻ റോസിന് സമീപത്തെ ഫോസിൽ റിം സഫാരി സെന്ററിൽ വാരാന്ത്യം ആഘോഷിക്കാനായി കുടുംബത്തിനാണ് അപ്രതീക്ഷിത സംഭവങ്ങൾ നേരിടേണ്ടി വന്നത്.
നിർത്തിയിട്ട വാഹന വ്യൂഹത്തിന് അടുത്തെത്തിയ ജിറാഫ് ട്രെക്കിന്റെ പിൻഭാഗത്ത് മുകൾ ഭാഗം തുറന്ന നിലയിലുള്ള പ്ലാറ്റ്ഫോമിലിരുന്ന രണ്ട് വയസുകാരിയെയാണ് കടിച്ചുയർത്തിയത്. ജിറാഫിന് ഭക്ഷണം നൽകണോയെന്ന് രണ്ട് വയസുകാരി പൈസ്ലിയോട് അമ്മ ചോദിക്കുന്നതിനിടെയാണ് സംഭവം. വാഹനത്തിൽ നിന്ന് ഏതാനും അടി ഉയരത്തിലേക്ക് കുഞ്ഞിനെ കടിച്ചുയർത്തിയതോടെ കുട്ടിയെ അമ്മ തിരികെ പിടിച്ചെടുക്കുകയായിരുന്നു. ജിറാഫിന് കൊടുക്കാനായി കൊണ്ടുവന്ന ഭക്ഷണത്തിന് പകരമായി മകളെ കടിച്ചെടുക്കുമെന്ന് ഒരു വിചാരം പോലുമുണ്ടായിരുന്നില്ലെന്നാണ് രണ്ട് വയസുകാരിയുടെ പിതാവ് ജേസൺ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
മകളുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണപൊതിക്ക് പകരമായി കുഞ്ഞിനെ ജിറാഫ് പൊക്കിയെടുത്തതോടെ ഭയന്നുപോയതായാണ് ദമ്പതികൾ പ്രതികരിക്കുന്നത്. സംഭവത്തിൽ പരിക്കുകൾ ഇല്ലെങ്കിലും ആക്രമണത്തിന്റെ ഞെട്ടലിലാണ് രണ്ട് വയസുകാരിയുള്ളതെന്നും കുടുംബം പ്രതികരിക്കുന്നത്. ജിറാഫിനെ കാണാൻ വീണ്ടുമെത്തുമെന്നുമാണ് കുടുംബം പറയുന്നത്.
ഇത്തരം സംഭവം ഇതിന് മുൻപുണ്ടായിട്ടില്ലെന്നാണ് പാർക്ക് അധികൃതർ പ്രതികരിക്കുന്നത്. പാർക്കിലെത്തുന്നവരുടെ സുരക്ഷ പരിഗണിച്ച് ഇനിമുതൽ ട്രെക്കുകളുടെ തുറന്ന ഭാഗത്തുള്ള യാത്ര അനുവദിക്കില്ലെന്നും പാർക്ക് അധികൃതർ വിശദമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം