പാതിരാത്രിയായിരുന്നു, കാറിൽ ഡ്രൈവർ മാത്രമായിരുന്നില്ല, പറ്റിക്കപ്പെട്ടു, യാത്രയിലെ ദുരനുഭവം പറഞ്ഞ് യുവതി
ഒരു ആഡംബര കാറായിരുന്നു. അതിനകത്ത് മറ്റൊരാളും ഇരിക്കുന്നുണ്ടായിരുന്നു. അത് ബിസിനസ് പാർട്ണറാണ് എന്നാണ് പറഞ്ഞത്. ഇത് കസാക്കിസ്ഥാനിൽ സാധാരണമായിരിക്കും എന്നാണ് താൻ കരുതിയത്.
പരിചിതമല്ലാത്ത നഗരത്തിലെത്തിയാൽ ശ്രദ്ധിക്കണം. ആരാണ് പറ്റിക്കുക എന്ന് പറയാനാവില്ല. കസാക്കിസ്ഥാനിൽ നിന്നും തനിക്കുണ്ടായ അതുപോലൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള കോമൾ മഹേശ്വരി എന്ന വ്ലോഗർ.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് രണ്ട് ഭാഗങ്ങളായി കോമൾ തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അതിൽ പറയുന്നത് എങ്ങനെയാണ് ഒരു ടാക്സി ഡ്രൈവർ തന്നെ പറ്റിച്ച് വലിയ ഒരു തുക തന്നിൽ നിന്നും തട്ടിയെടുത്തത് എന്നാണ്. കസാക്കിസ്ഥാനിലേക്ക് സോളോ ട്രിപ്പ് പോയതാണ് കോമൾ. ടാക്സി ബുക്ക് ചെയ്യാൻ സാധിച്ചില്ല. അതിനിടയിൽ ഒരു യുവാവ് വന്ന് ടാക്സി ഡ്രൈവറാണ് എന്ന് സ്വയം പരിചയപ്പെടുത്തി. അയാൾ ഒരു ട്രാവൽ ഏജൻസിയുടെ ഐഡി കാർഡ് കാണിച്ചു എന്നും കോമൾ പറയുന്നുണ്ട്.
തനിക്ക് പോകേണ്ടുന്ന സ്ഥലത്തേക്ക് എത്ര രൂപയാകും എന്ന് ചോദിച്ചപ്പോൾ 200 രൂപയാണ് എന്നാണ് ഡ്രൈവർ പറഞ്ഞത്. പിന്നാലെ താൻ ടാക്സിയിൽ കയറുകയും ചെയ്തു. ഒരു ആഡംബര കാറായിരുന്നു. അതിനകത്ത് മറ്റൊരാളും ഇരിക്കുന്നുണ്ടായിരുന്നു. അത് ബിസിനസ് പാർട്ണറാണ് എന്നാണ് പറഞ്ഞത്. ഇത് കസാക്കിസ്ഥാനിൽ സാധാരണമായിരിക്കും എന്നാണ് താൻ കരുതിയത്.
എന്നാൽ, കാർ ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ ഇന്ത്യൻ രൂപയിൽ ഏകദേശം 14,000 രൂപയാകും എന്നാണ് ഡ്രൈവർ പറഞ്ഞത്. അതുവരെ നല്ല രീതിയിൽ പെരുമാറിയിരുന്ന ഡ്രൈവർ പെട്ടെന്ന് രൂക്ഷമായി പെരുമാറാൻ തുടങ്ങി. ഞങ്ങളുടെ കയ്യിലാണെങ്കിൽ പാസ്പോർട്ട്, കാശ്, ഗാഡ്ജറ്റുകൾ തുടങ്ങി എല്ലാമുണ്ട്. പുറത്താണെങ്കിൽ ആരെയും കാണാനുണ്ടായിരുന്നില്ല. പാതിരാത്രിയായിരുന്നു സമയം. ഞങ്ങൾക്ക് ആകെ ചെയ്യാനുണ്ടായിരുന്നത് കാശ് കൊടുക്കുക എന്നത് മാത്രമാണ്. ഒടുവിൽ പറഞ്ഞ് പറഞ്ഞ് 6000 രൂപ നൽകേണ്ടി വന്നു. അതിന് തന്നെ ഒരുപാട് യാചിക്കേണ്ടി വന്നു എന്നും യുവതി പറയുന്നു.
ഒപ്പം, എല്ലാ കസാക്കിസ്ഥാൻകാരും ഇങ്ങനെയാണ് എന്ന് ഇതിന് അർത്ഥമില്ല. നല്ലവരും ഉണ്ട്. നല്ലതുപോലെ തങ്ങളോട് പെരുമാറിയ ഒരുപാട് നല്ല മനുഷ്യർ അവിടെയുണ്ടായിരുന്നു എന്നും യുവതി പറയുന്നു. നിരവധിപ്പേരാണ് യുവതിയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എപ്പോഴും ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട് വേണം കാബ് എടുക്കാൻ എന്ന് പറഞ്ഞവരുണ്ട്. ഇത് എല്ലായിടത്തും സംഭവിക്കുന്നതാണ്. ഇന്ത്യയിലെ പല നഗരങ്ങളിലും ഇത് നടക്കാറുണ്ട് എന്നും കമന്റുകൾ നൽകിയവരുണ്ട്.