'നന്ദി ഇന്ത്യൻ റെയിൽവേ'; വൈറലായി റഷ്യൻ യുവതിയുടെ വീഡിയോ, ശരിക്കും ഇന്ത്യക്കാരിയായെന്ന് കമന്റ്
സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ശ്രദ്ധിക്കുന്നതിന് അവൾ ഇന്ത്യൻ റെയിൽവേയോട് നന്ദി പറയുന്നുണ്ട്. ഒപ്പം തന്നെ തന്റെ യാത്രാനുഭവത്തെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് മരിയ പങ്കുവയ്ക്കുന്നത്.
ഇന്ത്യയിൽ വന്ന് ഇന്ത്യയിലെ ജീവിതവും സംസ്കാരവുമെല്ലാം കാണിക്കുന്ന വീഡിയോകൾ പകർത്തി ഷെയർ ചെയ്യുന്ന അനേകം കണ്ടന്റ് ക്രിയേറ്റർമാരുണ്ട് ഇന്ന്. ലോകത്തിന്റെ പല ഭാഗത്ത് നിന്നും വരുന്നവർ അതിൽ പെടുന്നു. അങ്ങനെ ഒരാളാണ് മരിയ ചുഗുറോവ. റഷ്യയിൽ നിന്നുള്ള മരിയ ഇന്ത്യയിൽ നിന്നുള്ള അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. വലിയ കാഴ്ച്ചക്കാരാണ് മരിയയുടെ വീഡിയോയ്ക്കുള്ളത്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്ന ഈ വീഡിയോയും.
ഈ വീഡിയോയിൽ കാണുന്നത് മരിയ ഇന്ത്യയിലെ ലോക്കൽ ട്രെയിനിൽ നടത്തുന്ന ഒരു യാത്രയാണ്. ഇന്ത്യക്കാരായ യുവതികൾ ധരിക്കുന്നതരം വസ്ത്രമാണ് മരിയയും ധരിച്ചിരിക്കുന്നത്. മാഹിം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ് ആദ്യത്തെ ക്ലിപ്പ്. അതിൽ ട്രെയിനിൽ കയറാൻ തയ്യാറായി നിൽക്കുന്ന മരിയയെ കാണാം. പിന്നെ കാണുന്നത് ട്രെയിനിന്റെ അകത്ത് നിന്നുള്ള കാഴ്ചകളാണ്. യാത്രക്കാരോട് അവൾ സംസാരിക്കാൻ ശ്രമിക്കുന്നതും കാണാം.
ട്രെയിനിൽ സ്ത്രീകൾക്ക് മാത്രമായിട്ടുള്ള ലേഡീസ് കോച്ചിനെ കുറിച്ചും മരിയ പരാമർശിക്കുന്നുണ്ട്. എന്നാൽ, അതിൽ കയറുന്നതിന് പകരം ജനറൽ കോച്ചിൽ തന്നെയാണ് മരിയയുടെ യാത്ര. അതിൽ വച്ച് അവൾ ആളുകളോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം.
സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ശ്രദ്ധിക്കുന്നതിന് അവൾ ഇന്ത്യൻ റെയിൽവേയോട് നന്ദി പറയുന്നുണ്ട്. ഒപ്പം തന്നെ തന്റെ യാത്രാനുഭവത്തെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് മരിയ പങ്കുവയ്ക്കുന്നത്. മരിയ പങ്കുവച്ചിരിക്കുന്ന വീഡിയോ വളരെ എളുപ്പത്തിൽ തന്നെ ഒരു മില്ല്യണിലധികം ആളുകൾ കാണുകയുണ്ടായി. ഒരുപാട് പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
ഇന്ത്യയിൽ തന്നെ നിന്ന് നിരവധി വീഡിയോയാണ് മരിയ ഇതുപോലെ ഷെയർ ചെയ്യാറുള്ളത്. അതിനാൽ ഒരാൾ അവളുടെ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്, 'കുറച്ച് വർഷങ്ങൾ കഴിഞ്ഞ് റഷ്യയിൽ തിരികെ എത്തുമ്പോൾ അവൾ സ്വയം പരിചയപ്പെടുത്തുന്നത്, ഹലോ ഞാൻ മരിയ ഇന്ത്യയിൽ നിന്നും വരുന്നു എന്നായിരിക്കും' എന്നാണ്.