ദോശയ്ക്ക് ഒപ്പം വിളമ്പാന്‍ കൊണ്ട് വന്നത് ചട്‌നി, പാത്രം തുറന്നപ്പോള്‍ കണ്ടത് ചട്‌നിയില്‍ നീന്തി നടക്കുന്ന എലി
ചട്നി കൊണ്ടുവന്ന വലിയ പാത്രത്തിനുള്ളിൽ നീന്തി പുറത്ത് ചാടാൻ ശ്രമിക്കുന്ന എലിയുടെ ഹ്രസ്വ വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്
ഹൈദരബാദ്: ഹോസ്റ്റൽ ഭക്ഷണത്തേക്കുറിച്ച് വിദ്യാർത്ഥികൾക്ക് പരാതികളുണ്ടാവുന്നത് പതിവാണ്. പലപ്പോഴും ഈ പരാതികൾ വേണ്ട രീതിയിൽ പരിഗണിക്കപ്പെടാറില്ല. എന്നാൽ ഭക്ഷണത്തിനൊപ്പം വിളമ്പാൻ കൊണ്ടുവന്ന ചട്നി പാത്രം തുറന്നപ്പോൾ ജീവനുള്ള എലി നീന്തുന്നത് കാണേണ്ടി വന്നാൽ എന്താവും സ്ഥിതി. ഹൈദരബാദിലെ സുൽത്താൻപൂരിലെ ജവഹർലാൽ നെഹ്റും ടെക്നോളജിക്കൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ് ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നിരിക്കുന്നത്. ചട്നി കൊണ്ടുവന്ന വലിയ പാത്രത്തിനുള്ളിൽ നീന്തി പുറത്ത് ചാടാൻ ശ്രമിക്കുന്ന എലിയുടെ ഹ്രസ്വ വീഡിയോ ആണ് വിദ്യാർത്ഥികൾ പുറത്ത് വിട്ടിട്ടുള്ളത്. തയ്യാറാക്കി വച്ച ചട്നി മൂടി വയ്ക്കാതെ വന്നതോടെ വീണ എലിയാവാം ഇതെന്നാണ് വിദ്യാർത്ഥികൾ വിശദീകരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവം സർവ്വകലാശാലയിൽ വലിയ രീതിയിലുള്ള വിദ്യാർത്ഥി പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്. ഹോസ്റ്റൽ ഭക്ഷണത്തിന്റെ നിലവാരത്തേക്കുറിച്ച് ചർച്ചകൾ ഉയരാൻ സംഭവം കാരണമായിട്ടുണ്ട്. പലപ്പോഴും രുചിയേക്കാൾ ഇത്തരം സംഭവങ്ങളാണ് ആശങ്ക ഉയർത്തുന്നതിന് കാരണമായിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം. ഒരു തരത്തിലും ഭക്ഷണത്തിൽ ഇത്തരം സംഭവമുണ്ടാവുന്നത് വച്ച് പൊറുപ്പിക്കാൻ ആവില്ലെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം.
🚨 A rat was found in a dish in the hostel in Telangana. Scary! pic.twitter.com/iFyVZ7GOfk
— Indian Tech & Infra (@IndianTechGuide) July 9, 2024
സമാനമായ മറ്റ് സംഭവങ്ങൾ ഇതിന് മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഈ വർഷം ആദ്യം പച്ചക്കറി ഭക്ഷണത്തിൽ നിന്ന് ചത്ത എലിയെ കണ്ടെത്തിയ സംഭവം മുംബൈയിലെ വർലിയിലുണ്ടായിരുന്നു. ജൂൺ മാസത്തിലാണ് മുബൈ സ്വദേശിക്ക് ഐസ്ക്രീമിൽ നിന്ന് മനുഷ്യന്റെ വിരൽ കണ്ടെത്തിയ സംഭവം ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം