വിവർത്തന ആപ്പ് ചതിച്ചാശാനേ....; മാതള ജ്യൂസ് ഓർഡർ ചെയ്ത് കാത്തിരുന്ന സഞ്ചാരിയുടെ മുന്നിൽ കൈവിലങ്ങുമായി പൊലീസ്
പൊമോഗ്രാനൈറ്റ് ജ്യൂസ് ഓർഡർ ചെയ്ത വിദേശ സഞ്ചാരി ജ്യൂസ് വരുന്നതും കാത്തി റെസ്റ്റോറന്‍റില്‍ ഇരിക്കുമ്പോള്‍ കുതിച്ചെത്തിയ പോലീസ് സംഘം ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
ലോകത്തിലെ വിവിധ ഭാഷകളെ അനായാസം കൈകാര്യ ചെയ്യാൻ സഹായിക്കുന്നതിനായുള്ള വിവിധ ഭാഷാ വിവർത്തന ആപ്പുകൾ ഇന്ന് സൗജന്യമായും അല്ലാതെയും ലഭ്യമാണ്. പക്ഷേ, ഇനി മുതൽ ഇത്തരം ഭാഷാ വിവർത്തന സാഹായികളെ ആശ്രയിക്കുന്നത് അൽപ്പം സൂക്ഷിച്ച് മതി, ഇല്ലെങ്കിൽ ചില്ലപ്പോൾ എട്ടിന്‍റെ പണിയായിരിക്കും കിട്ടുക. അത്തരത്തിൽ ഒരു സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരു ട്രാൻസ്ലേറ്റർ ആപ്പിന്‍റെ സഹായത്തോടെ പൊമോഗ്രാനൈറ്റ് ജ്യൂസ് ഓർഡർ ചെയ്ത വിദേശ സഞ്ചാരിയെ തേടി എത്തിയത് മറ്റാരുമല്ല, പൊലീസ് ആയിരുന്നു. ലിസ്ബണിലെ ഒരു റെസ്റ്റോറന്‍റിൽ എത്തി ജ്യൂസ് ഓർഡർ ചെയ്ത റഷ്യന്‍ ഭാഷ സംസാരിക്കുന്ന അസർബൈജാൻ സ്വദേശിയായ 36 കാരനാണ് ഈ ദുരനുഭവം ഉണ്ടായത്.
ഭാഷ അറിയാതിരുന്നത് കൊണ്ട് തന്നെ അദ്ദേഹം ഒരു ഭാഷാ വിവർത്തന ആപ്പിന്‍റെ സഹായത്തോടെയാണ് തനിക്ക് ആവശ്യമുണ്ടായിരുന്ന പൊമോഗ്രാനൈറ്റ് ജ്യൂസ് ഓർഡർ ചെയ്തത്. പക്ഷേ, ദൗർഭാഗ്യകരമെന്ന് പറയട്ടെ ആ വിവർത്തന ആപ്പിൽ പൊമോഗ്രാനൈറ്റ് നൽകിയിരുന്ന പോർച്ചുഗീസ് ഭാഷയിലുള്ള വിവർത്തനം 'ഗ്രനൈഡ്' എന്നായിരുന്നു. വിവർത്തനം ശരിയാണന്ന് കരുതി അയാൾ താൻ കണ്ട വാക്ക് ഒരു ചെറിയ ടിഷ്യൂ പേപ്പറിൽ എഴുതി റെസ്റ്റോറന്‍റ് ജീവനക്കാർക്ക് നൽകി. പിന്നെ പറയണ്ടല്ലോ കാര്യങ്ങൾ, പൊമോഗ്രാനൈറ്റ് ജ്യൂസ് ആസ്വദിച്ച് കുടിയ്ക്കുന്നതും സ്വപ്നം കണ്ടിരുന്ന അയാളക്ക് മുൻപിലെത്തിയതാകട്ടെ കൈവിലങ്ങുമായി പൊലീസും.
'വിവാഹം, കുട്ടികളെ പ്രസവിക്കൽ...'; സ്ത്രീകള്‍ക്ക് ചൈനീസ് പ്രസിഡന്‍റിന്‍റെ ഉപദേശം
ഇയാളെ പൊലീസ് പിടികൂടന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തോക്ക് ചൂണ്ടിയ പൊലീസ് ഉദ്യോഗസ്ഥർ യുവാവിനെ വളയുന്നതും എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അയാൾ നിലത്ത് വീണു കിടന്ന് കീഴടങ്ങുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിൽ. തുടർന്ന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് ഇയാളെ അവിടെ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതും വീഡിയോയില്‍ കാണാം.സമഗ്രമായ അന്വേഷണത്തിൽ ഇയാൾ പ്രശ്നക്കാരനല്ലെന്നും ആയുധങ്ങളൊന്നും കൈവശം വച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു, ചോദ്യം ചെയ്യുന്നതിനിടെ, പൊലീസ് ഇയാളുടെ ഹോട്ടൽ മുറിയിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ലിസ്ബൺ പൊലീസ് അവരുടെ ഡാറ്റാബേസ് പരിശോധിക്കുകയും രാജ്യത്തെ തീവ്രവാദ വിരുദ്ധ യൂണിറ്റുമായി കൂടിയാലോചിക്കുകയും ചെയ്തതിന് ശേഷമാണ് ഇയാളെ വിട്ടയച്ചത്. വെറും ഒരു ജ്യൂസ് ഓഡര്‍ ചെയ്തതിനായിരുന്നു ഈ പ്രശ്നങ്ങളത്രയും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക