പുല്ലിലൂടെ മിന്നൽവേഗത്തിൽ സമീപത്തെ കെട്ടിടത്തിൽ ഇടിച്ച് കയറി ചെറുവിമാനം, കഷ്ടിച്ച് രക്ഷപ്പെട്ട് യുവാവ്
നിയന്ത്രണം നഷ്ടമായ വിമാനം അതിവേഗതയിൽ നിരങ്ങിയാണ് ക്ലബ്ബ് കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയത്. മിന്നൽ വേഗത്തിൽ നിരങ്ങി നീങ്ങിയ വിമാനത്തിന്റെ മുന്നിൽ നിന്ന് തലനാരിഴയ്ക്കാണ് ഗോൾഫ് കോഴ്സിലുണ്ടായിരുന്ന യുവാവ് രക്ഷപ്പെടുന്നത്
കാലിഫോർണിയ: എൻജിൻ തകരാറിനേ തുടർന്ന് എമർജൻസി ലാൻഡിംഗ് നടത്തേണ്ടി വന്ന ചെറുവിമാനം ഗോൾഫ് കോഴ്സിൽ നിന്ന് തെന്നി മാറി സമീപത്തെ കെട്ടിടത്തിൽ ഇടിച്ച് കയറി. വടക്കൻ കാലിഫോർണിയയിലാണ് സംഭവം. കാലിഫോർണിയയിലെ ഹാഗിൻ ഓക്സ് ഗോൾഫ് ക്ലബ്ബ് കോംപ്ലക്സിലേക്കാണ് ചെറുവിമാനം ഇടിച്ചിറങ്ങിയത്. നിലത്തിറങ്ങിയതിന് പിന്നാലെ നിയന്ത്രണം നഷ്ടമായ വിമാനം അതിവേഗതയിൽ നിരങ്ങിയാണ് ക്ലബ്ബ് കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയത്.
മിന്നൽ വേഗത്തിൽ നിരങ്ങി നീങ്ങിയ വിമാനത്തിന്റെ മുന്നിൽ നിന്ന് തലനാരിഴയ്ക്കാണ് ഗോൾഫ് കോഴ്സിലുണ്ടായിരുന്ന യുവാവ് രക്ഷപ്പെടുന്നത്. ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഗോൾഫ് ക്ലബ്ബിന് സമീപത്തെ മക്കെല്ലൻ എയർ ബേസിൽ നിന്നാണ് ചെറുവിമാനം ടേക്ക് ഓഫ് ചെയ്തത്. എന്നാൽ ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്റെ എൻജിൻ തകരാറിലാവുകയായിരുന്നു. 400 അടിയോളം ഉയരത്തിൽ നിന്നാണ് വിമാനം ഗോൾഫ് ക്ലബ്ബിലേക്ക് കൂപ്പുകുത്തിയത്. ബാലൻസ് ചെയ്ത് നിർത്താനുള്ള പൈലറ്റിന്റെ ശ്രമങ്ങൾ പാളിയതോടെയാണ് വിമാനം പുൽമൈതാനത്തിലൂടെ അതിവേഗതയിൽ നിരങ്ങി നീങ്ങിയത്. ഗോൾഫ് കോഴ്സിനും പരിസരത്തുമായി നിരവധി ആളുകളുള്ള സമയത്താണ് അപകടമുണ്ടായത്.
ഗോൾഫ് കോഴ്സിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട ബോളുകൾ പെറുക്കിയെടുത്തു കൊണ്ടിരുന്ന യുവാവ് ഓടി മാറിയതിനാലാണ് വിമാനത്തിന് അടിയിൽ പെടാതെ രക്ഷപ്പെട്ടത്. വലിയ ഒരു ശബ്ദം മാത്രമാണ് കേട്ടതെന്നാണ് ഗോൾഫ് ക്ലബ്ബിലെ സ്ഥിരം സന്ദർശകർ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ക്ലബ്ബിലെ കെട്ടിടത്തിന് വിമാനം ഇടിച്ച് കയറി കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. അപകടത്തിൽ പൈലറ്റിന് പരിക്കുകളുണ്ടെങ്കിലും സാരമുള്ളതല്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തിൽ പൊലീസും വ്യോമയാന അധികൃതരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം