30 സെക്കൻഡിനുള്ളിൽ 39 ക്യാനുകൾ, തലകൊണ്ട് ഇടിച്ചുപൊട്ടിച്ച് ലോക റെക്കോർഡ്
ഗിന്നസ് വേൾഡ് റെക്കോർഡ് ഇതിന്റെ വീഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അതിൽ മെറ്റൽ ഡ്രിങ്ക് ക്യാനുകൾ വച്ചിരിക്കുന്ന ഒരു നീണ്ട മേശ കാണാം. ആ നിരത്തിവച്ചിരിക്കുന്ന ക്യാനുകളിലോരോന്നും അയാൾ തന്റെ തലകൊണ്ട് ഇടിച്ച് പൊട്ടിക്കുന്നതും കാണാം.
തല കൊണ്ട് ഒരു മെറ്റൽ കാൻ തകർക്കുന്നതിനെ കുറിച്ച് ആലോചിക്കാനാവുമോ? ഇല്ല അല്ലേ? മാത്രമല്ല, ഇനി അങ്ങനെ എങ്ങാനും ചെയ്താൽ തന്നെയും തലയ്ക്ക് കാര്യമായി പരിക്കേൽക്കും എന്നല്ലാതെ മറ്റ് വിശേഷമൊന്നും ഉണ്ടാവാൻ പോകുന്നില്ല. എന്നാൽ, പാകിസ്ഥാനിൽ നിന്നുള്ള മുഹമ്മദ് റാഷിദിന്റെ കാര്യത്തിൽ ഇപ്പറഞ്ഞതെല്ലാം തെറ്റും.
ഏറ്റവും കൂടുതൽ ഡ്രിങ്ക് ക്യാനുകൾ തല കൊണ്ട് അടിച്ച് പൊട്ടിച്ചതിന് ആയോധന കലാ അധ്യാപകനായ റാഷിദ് ലോക റെക്കോർഡ് തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. വെറും 30 സെക്കൻഡിനുള്ളിൽ 39 ക്യാനുകളാണ് വിജയകരമായി അദ്ദേഹം പൊട്ടിച്ചിരിക്കുന്നത്. 2024 മെയ് 19 -ന് പാകിസ്ഥാനിലെ കറാച്ചിയിൽ വെച്ചാണ് മുഹമ്മദ് റാഷിദ് റെക്കോർഡ് സ്ഥാപിച്ചത്.
ഗിന്നസ് വേൾഡ് റെക്കോർഡ് ഇതിന്റെ വീഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അതിൽ മെറ്റൽ ഡ്രിങ്ക് ക്യാനുകൾ വച്ചിരിക്കുന്ന ഒരു നീണ്ട മേശ കാണാം. ആ നിരത്തിവച്ചിരിക്കുന്ന ക്യാനുകളിലോരോന്നും അയാൾ തന്റെ തലകൊണ്ട് ഇടിച്ച് പൊട്ടിക്കുന്നതും കാണാം.
വളരെ പെട്ടെന്നാണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. മിക്കവരും ഇയാളുടെ കഴിവിനെ അഭിനന്ദിച്ചു. എന്നാൽ, ഇതുവഴി വലിയ അപകടം തന്നെ ഇയാൾക്കുണ്ടായേക്കാം എന്നു പറഞ്ഞവരും കുറവല്ല.
ഇത്തരത്തിൽ, ഒരാളുടെ ആരോഗ്യത്തെ തന്നെയും അപകടത്തിലാക്കുന്ന സംഭവങ്ങൾ ഗിന്നസ് വേൾഡ് റെക്കോർഡ് പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല എന്നാണ് അവർ അഭിപ്രായപ്പെട്ടത്.
നേരത്തെയും വിചിത്രമായ പല കാര്യങ്ങളും ചെയ്തുകൊണ്ട് ആളുകൾ ഇതുപോലെ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിട്ടുണ്ട്. ഒരു മണിക്കൂർ കൊണ്ട് 1100 -ലധികം മരങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ ഘാനയിൽ നിന്നുള്ള 29 -കാരനായ അബൂബക്കർ താഹിരുവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.