Viral Video : മകളെയും ഒക്കത്തുവെച്ച് ചാനല്‍ അവതാരക; കാലാവസ്ഥാ വാര്‍ത്ത വൈറലായി!

അവതാരകയുടെയും കുഞ്ഞിന്റെയും വീഡിയോ പെട്ടെന്ന് തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവടങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടതും, ഇഷ്ടപ്പെട്ടതും

News anchor holds her Baby during live weather forecast bulletin

കാലാവസ്ഥാ വാര്‍ത്ത വായിക്കാന്‍ കഴിഞ്ഞ ദിവസം ഒരു ടി വി അവതാരിക ഒരു വിശിഷ്ടാതിഥിയെയും കൊണ്ടാണ് വന്നത്. മറ്റാരുമല്ല, അവരുടെ മൂന്ന് മാസം പ്രായമുള്ള മകള്‍! 

വിസ്‌കോണ്‍സിനിലെ മില്‍വാക്കിയില്‍ നിന്നുള്ള 42 കാരിയായ റെബേക്ക ഷുല്‍ഡാണ് മകളെയും ഒക്കത്ത് വച്ച് CBS 58 ന്യൂസില്‍ കാലാവസ്ഥ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.      അവതാരകയുടെയും കുഞ്ഞിന്റെയും വീഡിയോ പെട്ടെന്ന് തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവടങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടതും, ഇഷ്ടപ്പെട്ടതും.

 കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം മിക്കവരും വീട്ടില്‍ ഇരുന്നാണല്ലോ ജോലി ചെയ്യുന്നത്. അക്കൂട്ടത്തില്‍ റെബേക്കയും കഴിഞ്ഞ കുറേനാളുകളായി വീട്ടില്‍ ഇരുന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. ചാനലിന് വേണ്ടി കാലാവസ്ഥാ റിപ്പോര്‍ട്ടിങ്ങ് നടത്താന്‍ ഒരുങ്ങുമ്പോഴാണ് പ്രതീക്ഷിക്കാതെ മകള്‍ ഉറക്കമുണര്‍ന്നത്. തുടര്‍ന്ന് വേറെ നിവൃത്തിയില്ലാതെ തന്റെ മകളെയും കൈയിലെടുത്ത് അവള്‍ പരിപാടി അവതരിപ്പിക്കുകയായിരുന്നു.  

 

 

എന്നാല്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ട് മകള്‍ റിപ്പോര്‍ട്ടിങ് തീരും വരെ അമ്മയുടെ കൈകളില്‍ അനങ്ങാതെയും, ബഹളം വയ്ക്കാതെയും ഇരുന്നു. ''എന്റെ അടുത്ത കാലാവസ്ഥ പ്രക്ഷേപണത്തിന് മിനിറ്റുകള്‍ ബാക്കിയുള്ളപ്പോഴാണ് കുഞ്ഞ് ഉണരുന്നത്. ഞാന്‍ അവളെ ഒക്കത്ത് വച്ച് പരിപാടി അവതരിപ്പിക്കാന്‍ ഒരുങ്ങി. ഇത് കണ്ട് ഞങ്ങളുടെ പ്രൊഡ്യൂസര്‍ 'ഓ, നിങ്ങള്‍ കുഞ്ഞിനെയും കൊണ്ടാണോ ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ പോകുന്നത്' എന്ന് ചോദിച്ചു. അവള്‍ ഒരു പ്രശ്‌നവും ഉണ്ടാക്കില്ലെന്ന് എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം അവള്‍ നല്ലൊരു ഉറക്കം കഴിഞ്ഞ് ഉന്‍മേഷത്തോടെയാണ് ഉണര്‍ന്നത'- റെബേക്ക യാഹൂ ന്യൂസിനോട് പറഞ്ഞു.

വീഡിയോ വൈറലായതിന് ശേഷം, നിരവധി ആളുകള്‍ വീഡിയോയെ പിന്തുണച്ച് മുന്നോട്ട് വന്നു. ജോലിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഒരമ്മയുടെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചതിന് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കാലാവസ്ഥാ നിരീക്ഷകയെ അഭിനന്ദിച്ചു. 'ജോലി ചെയ്യുന്ന അമ്മയുടെ യഥാര്‍ത്ഥ നിര്‍വചനം. അഭിനന്ദനങ്ങള്‍ റെബേക്ക വീട്ടിലും, ജോലിസ്ഥലത്തും നിങ്ങള്‍ നിങ്ങളുടെ കര്‍ത്തവ്യങ്ങള്‍ ഭംഗിയായി നിറവേറ്റുന്നു!'  ട്വിറ്ററില്‍ ഒരാള്‍ എഴുതി. ''ബേബി ഫിയോണ ആരാധ്യയാണ്,'' മറ്റൊരാള്‍ എഴുതി. 

തനിക്ക് കിട്ടിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്ന് റെബേക്ക പറഞ്ഞു. തന്റെ ഈ പ്രവൃത്തി ജോലി ചെയ്യുന്ന മറ്റ് അമ്മമാര്‍ക്ക് ഒരു പ്രചോദനമാകുമെന്നും കാലാവസ്ഥാ നിരീക്ഷക കൂട്ടിച്ചേര്‍ത്തു.  

'അത് ഇങ്ങനെയായിത്തീരുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. എന്റെ കുഞ്ഞ് ഇത്രയധികം ആളുകള്‍ക്ക് സന്തോഷം പകരുമെന്ന് ഞാന്‍ കരുതിയില്ല. എനിക്ക് ധാരാളം കോളുകളും ഇമെയിലുകളും വരുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ കാലാവസ്ഥ റിപ്പോര്‍ട്ട് അവതരിപ്പിക്കുമ്പോള്‍ എന്നെയല്ല, എന്റെ കുഞ്ഞിനെയാണ് എല്ലാവര്‍ക്കും കാണേണ്ടത്,' അവള്‍ ഇന്‍സൈഡറിനോട് പറഞ്ഞു.


 

Latest Videos
Follow Us:
Download App:
  • android
  • ios