മരച്ചില്ല താഴ്ത്തിക്കൊടുത്ത് മാനുകളെ സഹായിക്കുന്ന കുരങ്ങൻ, ഇതാണ് സൗഹൃദം എന്ന് സോഷ്യൽ മീഡിയ
അടുത്ത സുഹൃത്തുക്കളെ പോലെ മാനും കുരങ്ങനും പെരുമാറുന്ന ഈ വീഡിയോ അധികം താമസമില്ലാതെ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.
മൃഗങ്ങൾ തമ്മിൽ വളരെ സ്നേഹത്തോടെയും പരസ്‍പരാശ്രയത്വത്തോടും കഴിയുന്ന പല കഥകളും നാം കുട്ടികൾക്കുള്ള പുസ്തകങ്ങളിലും മറ്റും വായിച്ചിട്ടുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ പലപ്പോഴും ഒന്ന് മറ്റൊന്നിനെ ഇരയാക്കുകയോ ഭയപ്പെടുത്തുന്നതോ ഒക്കെ കാണാം. അത് പ്രകൃതി നിയമവുമാണ്. എന്നാൽ, പരസ്പരം സഹായിക്കുന്ന മൃഗങ്ങളും ഉണ്ട്. അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.
വീഡിയോയിൽ രണ്ട് മാനുകളും ഒരു കുരങ്ങനുമാണ് ഉള്ളത്. അതിൽ കുരങ്ങൻ മാനിനെ സഹായിക്കുകയാണ്. എങ്ങനെയാണ് സഹായിക്കുന്നത് എന്നല്ലേ? ഒരു മരച്ചില്ലയിൽ നിന്നും ഇലകൾ തിന്നാൻ ശ്രമിക്കുകയാണ് മാൻ. എന്നാൽ, അതൽപം ഉയരത്തിലായതിനാൽ മാനിന് ഇലകൾ കിട്ടുന്നില്ല. അപ്പോൾ കുരങ്ങൻ ചില്ല താഴ്ത്തി കൊടുക്കുകയാണ്.
അടുത്ത സുഹൃത്തുക്കളെ പോലെ മാനും കുരങ്ങനും പെരുമാറുന്ന ഈ വീഡിയോ അധികം താമസമില്ലാതെ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്‍തിരിക്കുന്നത്.
വീഡിയോയിൽ മരത്തിന് താഴെ രണ്ട് മാനുകൾ നിൽക്കുകയാണ്. അവ മരച്ചില്ലയിൽ നിന്നും ഇലകൾ തിന്നാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, ചില്ലകൾ ഉയരത്തിലായതിനാൽ സാധിക്കുന്നില്ല. അപ്പോൾ കുരങ്ങൻ ആ ചില്ലയിൽ കയറിയിരുന്നു കൊണ്ട് അത് താഴ്ത്തി കൊടുക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്.
അതോടെ ചില്ല താഴുകയും മാനുകൾക്ക് ഇലകൾ ഭക്ഷിക്കാൻ സാധിക്കുകയും ചെയ്യുന്നുണ്ട്. കുരങ്ങൻ അവ തിന്നുന്നത് വരെ ക്ഷമയോടെ ചില്ലയിൽ തന്നെ ഇരിക്കുകയാണ്. വീഡിയോയ്ക്ക്, കുരങ്ങന്റെയും മാനുകളുടെയും സൗഹൃദം വ്യക്തമാക്കുന്ന അടിക്കുറിപ്പാണ് സുശാന്ത നന്ദ നൽകിയിരിക്കുന്നത്.
ഏതായാലും, നിരവധിപ്പേരാണ് വീഡിയോ കണ്ടതും അതിന് കമന്റുകളുമായി എത്തിയതും. മിക്കവരും കുരങ്ങന്റെയും മാനുകളുടേയും സൗഹൃദത്തെ പുകഴ്ത്തി.