ന്യൂഇയർ പാര്‍ട്ടിക്കിടെ സംഘർഷം ഒപ്പം ഏലിയന്‍ സാന്നിധ്യവും; വൈറൽ വീഡിയോയ്ക്ക് വിശദീകരണവുമായി മിയാമി പോലീസ് !
സാമൂഹിക മാധ്യമങ്ങളില്‍ പ്രശ്നക്കാരായ കൌമാരക്കാരെ നേരിടാന്‍ പോലീസിന് കഴിയുന്നില്ലെന്നും ഒപ്പം പ്രദേശത്ത് 8-10 അടി നീളമുള്ള ഒരു അന്യഗ്രഹജീവിയുടെ സാന്നിധ്യമുണ്ടെന്ന തരത്തിലും പ്രചാരണം ശക്തമായിരുന്നു.
മിയാമിയിലെ ന്യൂയര്‍ പാര്‍ട്ടിക്കിടെ ഏലിയനെ കണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോകള്‍ക്ക് വിശദീകരണവുമായി ഒടുവില്‍ മിയാമി പോലീസ് രംഗത്ത്. മിയാമിയിലെ ഷോപ്പിംഗ് മാളില്‍ കൌമാരക്കാരുടെ ന്യൂഇയര്‍ പാര്‍ട്ടിക്കിടെയാണ് പത്ത് അടി നീളമുള്ള അന്യഗ്രഹജീവിയെ കണ്ടെന്ന പ്രചാരണം ഉണ്ടായത്. ന്യൂഇയര്‍ പാര്‍ട്ടിക്കിടെ കൌമാരക്കാര്‍ തമ്മില്‍ ഷോപ്പിംഗ് മാളില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിനിടെ സംഭവസ്ഥലത്ത് പോലീസെത്തിയാണ് കുഴപ്പക്കാരെ പിടികൂടിയത്. സംഘര്‍ഷം നിരവധി അറസ്റ്റുകള്‍ക്കും വഴിവെച്ചു.
സംഭവസമയത്ത് പ്രദേശത്ത് ധാരാളം പോലീസ് വാഹനങ്ങളുണ്ടായിരുന്നതായി ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തത്സമയ വാര്‍ത്തകളില്‍ പ്രദേശത്തെ വെടിവെപ്പിനെ കുറിച്ചും ശക്തമായ പോലീസ് സാന്നിധ്യത്തെ കുറിച്ച് സൂചിപ്പിച്ചു. അതേ സമയം സാമൂഹിക മാധ്യമങ്ങളില്‍ പ്രശ്നക്കാരായ കൌമാരക്കാരെ നേരിടാന്‍ പോലീസിന് കഴിയുന്നില്ലെന്നും ഒപ്പം പ്രദേശത്ത് 8-10 അടി നീളമുള്ള ഒരു അന്യഗ്രഹജീവിയുടെ സാന്നിധ്യമുണ്ടെന്ന തരത്തിലും പ്രചാരണം ശക്തമായിരുന്നു. "മിയാമി മാളിലെ അന്യഗ്രഹജീവികളെക്കുറിച്ചുള്ള സാമൂഹിക മാധ്യമ കുറിപ്പുകള്‍ യഥാർത്ഥമാണോ എന്ന് എനിക്കറിയില്ല, പക്ഷേ ഇത്രയും പോലീസിനെ ഒരിടത്തും ഞാൻ കണ്ടിട്ടില്ലെന്ന് എനിക്കറിയാം," ഒരു എക്സ് (ട്വിറ്റര്‍) ഉപയോക്താവ് കുറിപ്പെഴുതി. ഹോളിവുഡ് നടന്‍ വില്യം ഷാറ്റ്നര്‍ തന്‍റെ എക്സ് അക്കൌണ്ടില്‍ "അപ്പോൾ ബഹിരാകാശ അന്യഗ്രഹജീവികൾ മിയാമിയിലെ ഒരു മാൾ സന്ദർശിച്ചിട്ടുണ്ടോ?" എന്ന കുറിപ്പോടെ വീഡിയോ പങ്കുവച്ചു.
അത്ര ക്ലാരിറ്റിയില്ലാത്ത ഒരു വഡിയോയില്‍ മിയാമി ഷോപ്പിംഗ് മാളിന് സമീപത്തെ മാര്‍ക്കറ്റിന്‍റെ സമീപത്ത് വെളിപ്രദേശത്ത് പോലീസ് കാറുകള്‍ക്ക് നേരെ നടന്ന് നീങ്ങുന്ന അസാധാരണ നീളുള്ള ഒരു രൂപത്തെ കാണിച്ചു. പിന്നീട് വ്യക്തമായ ദൃശ്യങ്ങളോടെയുള്ള ഒരു വീഡിയോയില്‍ പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന മൂന്നോളം പേര്‍ പോലീസ് കാറുകള്‍ക്കും മാര്‍ക്കറ്റ് പ്രദേശത്തേക്കും ഇടയിലുള്ള പ്രദേശത്ത് കൂടി നടന്ന് നീങ്ങുന്നതായിരുന്നു ഉണ്ടായിരുന്നത്. അവ്യക്തമായ ദൃശ്യങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ രൂപം വ്യക്തമാല്ലാതിരുന്നതാണ് അത് അന്യഗ്രഹജീവിയാണെന്ന പ്രചാരണത്തിന് കാരണം. അത്തരം അന്യഗ്രഹ ജീവികളുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്ന് പോലീസും പറയുന്നു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരമൊരു തെറ്റായ വിവരം ഇത്രയെറെ വേഗം പ്രചരിച്ചതെങ്ങനെ എന്നത് പോലീസിനെ കുഴക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വെടിവെയ്പ്പ് നടന്നെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ അത് വെടിവെയ്പ്പ് അല്ലായിരുന്നെന്നും ന്യൂഇയറിന്‍റെ പടക്കമായിരുന്നെന്നും പോലീസ് അറിയിച്ചു.