തണലിന് കുട, റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുന്ന മനുഷ്യൻ, ട്രെയിൻ നിർത്തി പുറത്തിറങ്ങി ലോക്കോ പൈലറ്റ്
ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്നും ഇറങ്ങി ഇയാളെ ട്രാക്കിൽ നിന്ന് മാറ്റുകയും പിന്നീട് അവിടെ നിന്നും ട്രെയിൻ ഓടിച്ച് പോവുകയും ആയിരുന്നുവത്രെ.
ചില മനുഷ്യരുണ്ട്. മുന്നും പിന്നുമൊന്നും നോക്കില്ല. ഉള്ള സ്ഥലത്ത്, ഉള്ള സൗകര്യം കൊണ്ട് തങ്ങൾക്ക് സൗകര്യപ്രദമായത് ചെയ്യും. എന്നാലും, ഈ വീഡിയോയിൽ കാണുന്ന ആളെപ്പോലെ ചെയ്യുമോ എന്ന കാര്യം സംശയമാണ്. ഉറക്കം വന്നാൽ, അല്ലെങ്കിൽ വല്ലാത്ത ക്ഷീണം വന്നാൽ എവിടെ വേണമെങ്കിലും ഉറങ്ങിപ്പോകുന്ന ആളുകളുണ്ട്. എന്നാലും, റെയിൽവേ ട്രാക്കിൽ ഉറങ്ങിപ്പോവുമോ? അതാണ് ഇദ്ദേഹം ചെയ്തത്. അതുകൊണ്ടെന്തുണ്ടായി? ട്രെയിൻ വരെ പിടിച്ചിടേണ്ടി വന്നു.
'Ghar Ke Lakesh' എന്ന പേജിൽ നിന്നാണ് എക്സിൽ (ട്വിറ്റർ) ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ കാണുന്നത് ഒരാൾ റെയിൽവേ ട്രാക്കിൽ കിടക്കുന്നതാണ്. ട്രാക്ക് തലയിണയായി മാറ്റിയും തണലിന് വേണ്ടി ഒരു കുട സമീപത്ത് വച്ചുമാണ് ഉറക്കം. എന്തോ ഭാഗ്യത്തിന് ആള് ട്രാക്കിൽ കിടക്കുന്നത് ലോക്കോ പൈലറ്റ് കണ്ടു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് കിടന്നുറങ്ങുന്ന ആളുടെ അടുത്ത് എത്തുന്നതിന് മുമ്പ് തന്നെ ട്രെയിൻ നിർത്താനും സാധിച്ചു.
പിന്നീട്, ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്നും ഇറങ്ങി ഇയാളെ ട്രാക്കിൽ നിന്ന് മാറ്റുകയും പിന്നീട് അവിടെ നിന്നും ട്രെയിൻ ഓടിച്ച് പോവുകയും ആയിരുന്നുവത്രെ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം നടന്നത് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്തായാലും, വീഡിയോ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അനേകം പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അടുത്തിടെ ഇന്ത്യയിൽ ട്രെയിനുമായി ബന്ധപ്പെട്ട് അപകടങ്ങൾ കൂടി വരികയാണ് എന്നും ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ഒട്ടും രസകരമായ കാര്യമല്ല എന്നുമാണ് നിരവധിപ്പേർ കമന്റുകൾ നൽകിയത്. ഒപ്പം, ലോക്കോ പൈലറ്റിന് കൃത്യസമയത്ത് തന്നെ ആ ട്രെയിൻ നിർത്താനായത് ഭാഗ്യമായി അല്ലെങ്കിലെന്തുണ്ടായേനെ എന്ന് ചോദിച്ചവരും ഉണ്ട്.