'കോമൺസെൻസില്ലേ?' റോഡിൽ യുവാവിന്റെ റീൽ ഷൂട്ടിംഗ്, വീഡിയോയ്ക്ക് വിമർശനം
യുവാവിന്റെ തൊട്ടടുത്ത് കൂടി മുട്ടിമുട്ടിയില്ല എന്ന മട്ടിലാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ഇതുവഴി പോകുന്ന യാത്രക്കാരെ ആശങ്കപ്പെടുത്തുന്നതാണ് യുവാവിന്റെ പ്രവൃത്തി എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
ചിലപ്പോഴെല്ലാം വീഡിയോ ഷൂട്ടിംഗുകൾ അതിര് കടക്കാറുണ്ട്. സോഷ്യൽ മീഡിയ വളരെ സജീവമായ ഈ കാലത്ത് വീഡിയോയും റീലുകളും ഷൂട്ട് ചെയ്യുന്നത് ഒഴിവാക്കാൻ സാധ്യമല്ല. എന്നാൽ, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള റീലെടുക്കലുകൾ പലപ്പോഴും കാണേണ്ടി വരാറുണ്ട്. പൊതുസ്ഥലങ്ങളിലുള്ള ഇത്തരം വീഡിയോ എടുക്കലുകൾ അവരവർക്ക് മാത്രമല്ല മറ്റുള്ളവർക്കും ചിലപ്പോൾ അപകടം വരുത്തി വച്ചേക്കാം.
ഇങ്ങനെയുള്ള അനേകം വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ കാണുന്നുണ്ടാകും. എന്തായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്നത്. തിരക്ക് പിടിച്ച ഒരു റോഡിലാണ് യുവാവിന്റെ വീഡിയോ ചിത്രീകരണം. ഇതിന് വേണ്ടി ഒരു ട്രൈപോഡിൽ ഫോൺ വയ്ക്കുന്നതാണ് ആദ്യം കാണുന്നത്. അങ്ങോട്ടും ഇങ്ങോട്ടുമായി വാഹനങ്ങൾ ചീറിപ്പാഞ്ഞ് പോകുന്ന റോഡാണ് എന്ന് ഓർക്കണം.
ഫോൺ ഉറപ്പിച്ച ശേഷം യുവാവ് റോഡിന്റെ ഒരു സൈഡിൽ നിന്ന് നടന്നു പോകുന്നതും വരുന്നതും ഡാൻസ് ചെയ്യുന്നതും ഒക്കെ കാണാം. യുവാവിന്റെ തൊട്ടടുത്ത് കൂടി മുട്ടിമുട്ടിയില്ല എന്ന മട്ടിലാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ഇതുവഴി പോകുന്ന യാത്രക്കാരെ ആശങ്കപ്പെടുത്തുന്നതാണ് യുവാവിന്റെ പ്രവൃത്തി എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. എന്തായാലും, വീഡിയോയുടെ അവസാനം കാണുന്നത്, ഒരു പൊലീസ് വാഹനം യുവാവിന്റെ അടുത്ത് വന്ന് നിൽക്കുന്നതും യുവാവിനോട് പൊലീസുകാർ എന്തോ ചോദിക്കുന്നതുമാണ്.
എന്തായാലും, വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ യുവാവിന് നേരെ ഉയരുന്നത്. തന്റെയോ മറ്റുള്ളവരുടെയോ ജീവനും സുരക്ഷയ്ക്കും വില കല്പിക്കാത്ത തരത്തിലുള്ളതാണ് യുവാവിന്റെ പ്രവൃത്തി എന്നാണ് മിക്കവരും പറയുന്നത്. തികച്ചും വിഡ്ഢിത്തം നിറഞ്ഞ പ്രവൃത്തി എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ.