ആരോ ഉപേക്ഷിച്ചു, മരണത്തോട് മല്ലിട്ടു കിടന്ന നായ പുതുജീവിതത്തിലേക്ക്, കഥയിങ്ങനെ
ബിഗിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നത് ഒട്ടും എളുപ്പമുള്ള ഒന്നായിരുന്നില്ല. എന്നാൽ, നല്ല പരിചരണം അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ആഴ്ചകൾക്കുള്ളിൽ അവൻ നടക്കാനും എന്തിന് ഓടാൻ വരേയും തുടങ്ങി.
ഉപേക്ഷിക്കപ്പെട്ട് ആകെ അവശനിലയിലായ ഒരു നായയുടെ അതിജീവനത്തിന്റെ കഥയാണിത്. ഇപ്പോൾ ഒരു പുതിയ വീട്ടിൽ തന്റെ പുതുജീവിതം തുടങ്ങുകയാണ് ഈ നായ. തായ്‍ലാൻഡ് ആസ്ഥാനമായി മൃഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നിയാൽ ഹാർബിസൺ എന്നയാളാണ് മിസ്റ്റർ ബിഗ് എന്ന ഈ നായയെ രണ്ട് മാസം മുമ്പ് കണ്ടെത്തുമ്പോൾ എങ്ങനെയായിരുന്നു എന്നതിന്റെയും ഇപ്പോഴെങ്ങനെയാണെന്നതിന്റെയും കഥ പങ്കുവച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തെരുവ് നായ്ക്കളെ രക്ഷിക്കുക എന്നതാണ് തൻ്റെ ദൗത്യമെന്ന് നേരത്തെ തന്നെ പറഞ്ഞയാളാണ് ഹാപ്പി ഡോഗ്ഗോയുടെ സ്ഥാപകൻ കൂടിയായ ഹാർബിസൺ. മിസ്റ്റർ ബിഗിനെ കണ്ടെത്തുമ്പോൾ വളരെ മോശം അവസ്ഥയിലായിരുന്നു അവനെന്നും, ഒരു ടോയ്‍ലെറ്റിൽ മരണത്തോട് മല്ലിട്ടു കിടക്കുകയായിരുന്നു എന്നും ഹാർബിസൺ പറഞ്ഞു. ബിഗിൻ്റെ ചെവിയിലെ മുറിവിൽ പുഴുക്കൾ ഉണ്ടായിരുന്നു. അഞ്ഞൂറോളം ചെള്ളുകൾ അവനെ അക്രമിക്കുന്നുണ്ടായിരുന്നു. അവന്റെ ചെവി തന്നെ നഷ്ടപ്പെടുമെന്ന് ഞങ്ങൾ കരുതിയെന്നും ഹാർബിസൺ പറയുന്നു.
ബിഗിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നത് ഒട്ടും എളുപ്പമുള്ള ഒന്നായിരുന്നില്ല. എന്നാൽ, നല്ല പരിചരണം അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ആഴ്ചകൾക്കുള്ളിൽ അവൻ നടക്കാനും എന്തിന് ഓടാൻ വരേയും തുടങ്ങി.
അവന്റെ ആരോഗ്യവും തിരികെ വന്നു. അവന് മറ്റ് നായകളോട് കൂട്ടുകൂടാനിഷ്ടമാണെന്നും മനുഷ്യരോടും വലിയ സ്നേഹമാണ് എന്നും ഹാർബിൻസൺ പറയുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് ഒരു അമേരിക്കക്കാരനും അയാളുടെ തായ് ഭാര്യയും ബിഗിനെ കാണാൻ താല്പര്യം പ്രകടിപ്പിച്ചുവെന്നും അവർക്ക് അവനെ ഇഷ്ടപ്പെട്ടെന്നും ഹാർബിസൺ പറയുന്നു. അങ്ങനെ അവരവനെ അഡോപ്റ്റ് ചെയ്തുവെന്ന വിവരവും അയാൾ പങ്കുവയ്ക്കുന്നുണ്ട്. 800 കിമി സഞ്ചരിച്ചാണ് അവർ തങ്ങൾക്കൊപ്പം ബിഗിനെ കൂട്ടാനെത്തിയത്.