ഭാഗ്യമോ കഴിവോ? സൈക്കിളിൽ ജലാശയം മുറിച്ചുകടന്ന് യുവാവ്, ഇതു കണ്ടിട്ട് നിങ്ങൾക്കെന്തു തോന്നുന്നു
ആദ്യം അദ്ദേഹം സൈക്കിളിന്റെ മുൻഭാഗം ഉയർത്തി പിൻചക്രത്തിൽ മാത്രം ബാലൻസ് ചെയ്ത് നിൽക്കുന്നു. പിന്നെ അല്പനേരത്തെ ഏകാഗ്രമായ ആലോചനക്കു ശേഷം മറുവശത്തേക്ക് കുതിച്ചുചാടുന്നു. കൃത്യമായി തന്നെ അദ്ദേഹം തന്റെ ലക്ഷ്യസ്ഥാനത്തെത്തി.
പ്രപഞ്ചത്തിലെ മിക്ക വസ്തുക്കളും ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. നാം ചെയ്യുന്ന ചെറിയ ചെറിയ പ്രവൃത്തികൾക്ക് പിന്നിൽ പോലും വലിയൊരു ഭൗതികശാസ്ത്രതത്വം ഒളിഞ്ഞു കിടപ്പുണ്ട് എന്നാണ് പറയപ്പെടുന്നത്. ഈ ശാസ്ത്രം കൃത്യമായി അറിയുകയും എപ്പോൾ എങ്ങനെ പ്രയോഗിക്കണമെന്ന് മനസ്സിലാക്കുകയും ചെയ്താൽ അത്ഭുതകരമായ രീതിയിൽ പല കാര്യങ്ങളും നമുക്ക് ചെയ്യാൻ സാധിക്കും എന്നാണ് ഭൗതികശാസ്ത്രജ്ഞർ പറയുന്നത്.
സോഷ്യൽ മീഡിയയിൽ അടുത്തിടെ സമാനമായ ഒരു പ്രകടനം വൈറലായി മാറി. ഒരു യുവാവ് തന്റെ സൈക്കിളിൽ അതിസാഹസികമായി ഒരു കനാൽ മുറിച്ചു കടക്കുന്ന വീഡിയോയാണിത്.
ജൂൺ 6-ന് എക്‌സിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്ത ഈ വീഡിയോ അന്നുമുതൽ സോഷ്യൽ മീഡിയ യൂസർമാർക്കിടയിൽ ചർച്ചയാവുകയാണ്. റോഡിന് നടുവിലൂടെ കടന്നു പോകുന്ന ഒരു കനാലിന് സമാനമായ ജലപ്രവാഹമാണ് വീഡിയോയിൽ കാണുന്നത്. അതിനരികിലായി ഒരു സൈക്കിൾ യാത്രികൻ നിൽക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
സൈക്കിളിൽ ഇരുന്നുകൊണ്ട് തന്നെ ആ കനാൽ മുറിച്ചു കടന്ന് റോഡിന് അപ്പുറത്തേക്ക് എത്താനാണ് അയാൾ ശ്രമിക്കുന്നത്. അതിനായി ആദ്യം അദ്ദേഹം സൈക്കിളിന്റെ മുൻഭാഗം ഉയർത്തി പിൻചക്രത്തിൽ മാത്രം ബാലൻസ് ചെയ്ത് നിൽക്കുന്നു. പിന്നെ അല്പനേരത്തെ ഏകാഗ്രമായ ആലോചനക്കു ശേഷം മറുവശത്തേക്ക് കുതിച്ചുചാടുന്നു. കൃത്യമായി തന്നെ അദ്ദേഹം തന്റെ ലക്ഷ്യസ്ഥാനത്തെത്തി.
സ്ലോ മോഷനിൽ ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോ കാഴ്ചക്കാരെ തെല്ലൊന്നുമല്ല അമ്പരപ്പിക്കുന്നത്. ഭൗതികശാസ്ത്രം നന്നായി അറിയാവുന്ന സൈക്ലിസ്റ്റ് എന്ന് കുറിപ്പോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു.