മോചിപ്പിക്കാൻ വേണ്ടി മാത്രം പക്ഷിവിൽപ്പനക്കാരനിൽ നിന്നും പക്ഷികളെ വാങ്ങുന്ന യുവാവ്, നല്ല മനസിന് കയ്യടി...
ഇത്തരം വീഡിയോകൾ എക്കാലവും ഏറ്റെടുത്തിട്ടുള്ള സോഷ്യൽ മീഡിയ ഇത്തവണയും അത് തന്നെ ചെയ്തു. അനേകം പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയത്.
ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരിൽ
ഇങ്ങനെ നാം പാടിയും പറഞ്ഞും നടക്കാറുണ്ട്. അതിന് ഒരുപാട് അർത്ഥതലങ്ങളുമുണ്ട്. എന്നാൽ, വളരെ ലളിതമായി പറഞ്ഞാൽ മാനസികമായും ശാരീരികമായും ഏതൊരു ജീവിക്കും കൂട്ടിൽ കിടക്കുക എന്നാൽ അവനവൻ തന്നെ ഇല്ലാതാവുക എന്നാണ് അർത്ഥം. എങ്കിൽ പോലും നിരവധി പക്ഷികളെയും മൃഗങ്ങളെയും നാം കൂട്ടിലടച്ചു വളർത്താറുണ്ട്. അതിൽ, തത്തകൾ അടക്കമുള്ള പക്ഷികളും പട്ടികളടക്കമുള്ള മൃഗങ്ങളും ഒക്കെ പെടുന്നു. അവയെ സ്വാതന്ത്ര്യത്തിലേക്ക് തുറന്ന് വിടുന്ന മനുഷ്യർ വളരെ കുറവായിരിക്കും. പക്ഷേ, അങ്ങനെയുള്ള മനുഷ്യരും ഈ ലോകത്തുണ്ട് എന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഷെയർ ചെയ്യപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. നേരത്തെ തന്നെ വൈറലായ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും ഷെയര്‍ ചെയ്തതോടെ വീണ്ടും വൈറലായിരിക്കുന്നത്. അതിൽ കാണുന്നത് ഒരാൾ ജീവിക്കാൻ വേണ്ടി പക്ഷികളെ വിൽക്കുന്നതാണ്. അയാളുടെ കയ്യിലുള്ള കൂട്ടിൽ കുറേ കുഞ്ഞുപക്ഷികളെ കാണാം. ഒരു റോഡിലാണ് വിൽപന നടക്കുന്നത്. ഒരു കാർ യാത്രികൻ ഇയാളിൽ നിന്നും പക്ഷികളെ വാങ്ങുന്നു. പിന്നീട് ആ പക്ഷികളെ പറത്തി വിടുന്നതാണ് വീഡിയോയിൽ കാണുന്നത്. ഒന്നിലധികം പക്ഷികളെ അയാൾ പക്ഷി വിൽപ്പനക്കാരനിൽ നിന്നും വാങ്ങുകയും ഒന്നിന് പിറകെ ഒന്നായി അവയെ മോചിപ്പിക്കുകയും ചെയ്യുകയാണ്.
ഇത്തരം വീഡിയോകൾ എക്കാലവും ഏറ്റെടുത്തിട്ടുള്ള സോഷ്യൽ മീഡിയ ഇത്തവണയും അത് തന്നെ ചെയ്തു. അനേകം പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയത്. മിക്കവരും വീഡിയോയിലുള്ള യുവാവിനെ അഭിനന്ദിച്ചു. ഇത് മനുഷ്യത്വത്തിലുള്ള തന്റെ വിശ്വാസം തിരികെ തന്നിരിക്കുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. സമാനമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
വീഡിയോ കാണാം: