പതിഞ്ഞത് സിസിടിവിയിൽ, ഭീകരദൃശ്യം കണ്ട് ഭയന്ന് നാട്ടുകാര്‍, പുള്ളിപ്പുലി ചാടിക്കയറിയത് പത്തടി മതിലില്‍
പുലർച്ചെ അഞ്ച് മണിക്കാണ് ഒരു പുള്ളിപ്പുലി ഇവിടേക്ക് കടന്നു വന്നത്. ഇവിടെ ഉയർന്ന് നിൽക്കുന്ന ഒരു മതിലിന്റെ മുകളിൽ ഒരു കോഴി ഇരിക്കുന്നത് കാണാം.
ജനവാസമേഖലകളിലേക്ക് വന്യമൃഗങ്ങൾ കടന്നു കയറുന്നത് ഇപ്പോൾ പുതുമയല്ലാതായിരിക്കുന്നു. ഇന്ത്യയിലെ പല സ്ഥലങ്ങളിലും ജനവാസ മേഖലകളിൽ കടുവയും പുലിയും ഒക്കെ കയറുന്നതിന്റെ ഭീതിദമായ പല ദൃശ്യങ്ങളും നാം സോഷ്യൽ മീഡിയകളിൽ കണ്ടിട്ടുണ്ടാവും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്ന ഈ വീഡിയോയും.
സംഭവം നടന്നത് തമിഴ് നാട്ടിലെ കോയമ്പത്തൂരിലാണ്. ജനവാസ മേഖലകളിൽ പലർക്കും ഇപ്പോൾ വന്യമൃഗങ്ങൾ ഏതുനേരം വേണമെങ്കിലും തങ്ങളുടെ വീടുകളിലേക്ക് അതിക്രമിച്ച് കയറിയേക്കാം എന്ന് ഭയമുണ്ട്. അതിനിടയിലാണ് ഈ ദൃശ്യങ്ങളും വൈറലാവുന്നത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറയിലാണ് ഈ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.
മെയ് 29 -ന് സോമയന്നൂർ വില്ലേജിലെ പളനിയപ്പൻ ലേഔട്ടിലാണ് സംഭവം നടന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. പുലർച്ചെ അഞ്ച് മണിക്കാണ് ഒരു പുള്ളിപ്പുലി ഇവിടേക്ക് കടന്നു വന്നത്. ഇവിടെ ഉയർന്ന് നിൽക്കുന്ന ഒരു മതിലിന്റെ മുകളിൽ ഒരു കോഴി ഇരിക്കുന്നത് കാണാം. ഇതിന്റെ താഴെയായി ഒരു പുള്ളിപ്പുലി വന്ന് നിൽക്കുന്നു. അടുത്ത നിമിഷം കാണുന്നത് ഞെട്ടിക്കുന്ന രംഗങ്ങളാണ്. പുള്ളിപ്പുലി മതിലിന് മുകളിലേക്ക് കുതിക്കുന്നതാണ് കാണുന്നത്.
വീഡിയോയുടെ അവസാനം കാണുന്നത് പുള്ളിപ്പുലി ആ കോഴിയേയും വായിൽ കടിച്ചു പിടിച്ചുകൊണ്ട് അവിടെ നിന്നും നടന്ന് നീങ്ങുന്നതാണ്. എഎൻഐ -യാണ് വീഡിയോ എക്സിൽ (ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
നിരവധിപ്പേർ വീഡിയോയ്ക്ക് 'ചിക്കൻ ഡിന്നർ' എന്ന് തുടങ്ങി രസകരമായ കമന്റുകളാണ് നൽകിയത്. എന്നാൽ, അതേസമയം വീഡിയോ കണ്ട് ആശങ്കപ്പെട്ടവരും കുറവല്ല. ഒരാൾ കമന്റ് നൽകിയത് ജനവാസമേഖലയിൽ കയറി ഇതുപോലെ കോഴികളെയും മറ്റും പിടിക്കുന്ന വന്യമൃഗങ്ങൾ കർഷകരെ ആകുലരാക്കും എന്നാണ്.