നടുക്കുന്ന ദൃശ്യം, മാധ്യമപ്രവർത്തകന്റെ കാലിൽ കടിച്ച് പുള്ളിപ്പുലി, ജീവനുവേണ്ടി പൊരിഞ്ഞ പോരാട്ടം, ഒടുവില്‍...
ഗ്രാമവാസികൾ കല്ലെറിഞ്ഞ് പുലിയെ വിരട്ടിയോടിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, പ്രകോപിതനായ പുലി നാട്ടുകാർക്ക് നേരെ തിരിഞ്ഞു. അവിടെ നിൽക്കുകയായിരുന്ന കലാലിൻ്റെ കാലിൽ അത് കടിച്ചു.
രാജസ്ഥാനിലെ ദുംഗർപൂരിലെ ഒരു ഗ്രാമത്തിൽ റിപ്പോർട്ടിംഗിന് പോയ ഒരു മാധ്യമപ്രവർത്തകന് അഭിമുഖീകരിക്കേണ്ടി വന്നത് അല്പം അപകടകരമായ സാഹചര്യത്തെയായിരുന്നു. ഒരു പുള്ളിപ്പുലിയുടെ അക്രമണത്തിൽ നിന്നും മാധ്യമപ്രവർത്തകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ആത്മവിശ്വാസം കൈവിടാത്തതും അസാമാന്യമായ ധൈര്യവുമാണ് പുള്ളിപ്പുലിയുടെ കയ്യിൽ നിന്നും ജീവനോടെ രക്ഷപ്പെടാൻ മാധ്യമപ്രവർത്തകന് തുണയായത്. ഭദർ വനമേഖലയ്ക്ക് സമീപമുള്ള ഗാഡിയ ഭദർ മെത്‌വാല ഗ്രാമത്തിൽ മാർച്ച് 31 -ന് ഒരു വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയതായിരുന്നു ഇയാൾ. അപ്പോഴാണ് അപ്രതീക്ഷിതമായി പുള്ളിപ്പുലിയുടെ ആക്രമണം ഉണ്ടായത്.
ഗ്രാമത്തിലെ ഒരു വീടിന് പിന്നിലെ കുളത്തിന് സമീപം വച്ച് ഒരു നീലക്കാളയെ വേട്ടയാടുകയായിരുന്നു പുള്ളിപ്പുലി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. പിന്നാലെ, ഇവർ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. സംഭവം അറിഞ്ഞ് റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു പ്രാദേശിക മാധ്യമപ്രവർത്തകനായ ഗുണ്വന്ത് കലാൽ.
ഗ്രാമവാസികൾ കല്ലെറിഞ്ഞ് പുലിയെ വിരട്ടിയോടിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, പ്രകോപിതനായ പുലി നാട്ടുകാർക്ക് നേരെ തിരിഞ്ഞു. അവിടെ നിൽക്കുകയായിരുന്ന കലാലിൻ്റെ കാലിൽ അത് കടിച്ചു. എന്നാൽ, അപ്രതീക്ഷിതമായ നീക്കത്തിൽ പതറാതെ കലാൽ തന്റെ മറ്റേകാൽ ഉപയോഗിച്ച് പുള്ളിപ്പുലിയെ നേരിട്ടു. ഒപ്പം അതിന്റെ കഴുത്തിലും താടിയെല്ലിലും പിടിത്തമിട്ടു. അതോടെ നാട്ടുകാരും ഇയാളുടെ രക്ഷക്കെത്തി. പുലിയെ കയർ ഉപയോഗിച്ച് കെട്ടിയിട്ടു. പിന്നീട്, വനം വകുപ്പിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെത്തും വരെ പുലിയെ നാട്ടുകാർ വിടാതെ പിടിച്ചുവച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇവ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ദൃശ്യങ്ങൾ വൈറലായതോടെ നിരവധിപ്പേരാണ് മാധ്യമപ്രവർത്തകന്റെ ധൈര്യത്തെ അഭിനന്ദിച്ചത്. ധൈര്യം കൈവിടാത്തതുകൊണ്ട് മാത്രമാണ് ഇയാൾ പുലിയുടെ പിടിയിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടത് എന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു.
വീഡിയോ കാണാം: