ഡാ കൊച്ചെർക്കാ, ഇന്നാടാ നിന്റെ ചെരുപ്പ്; തീരെ പ്രതീക്ഷിക്കാത്ത കാഴ്ച, ജനങ്ങളെ അമ്പരപ്പിച്ച് ആന
ആന നിൽക്കുന്ന ചുറ്റുവളപ്പിനുള്ളിലേക്ക് ഒരു കുട്ടിയുടെ ഷൂ വീണു പോകുന്നതും അത് കണ്ട് ആന ഷൂവിന് അടുത്തേക്ക് നടന്നു വരുന്നതുമാണ് വീഡിയോയുടെ തുടക്കം.
ആനകളുടെ വന്യത വെളിവാക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും സൗമ്യതയാർന്ന സ്വഭാവത്തിനും പേര് കേട്ടവയാണ് ആനകൾ. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ഒരു മൃഗശാലയിലെ ചുറ്റുവളപ്പിനുള്ളിൽ നിൽക്കുന്ന ആനയാണ് ഈ കഥയിലെ ഹീറോ. തന്നെ കാണാനായി എത്തിയ ഒരു കുട്ടിയുടെ ചെരിപ്പ് ചുറ്റുമതിലിനുള്ളിലേക്ക് വീണപ്പോൾ ആന സൗമ്യനായി അത് എടുത്ത് കുട്ടിക്ക് നൽകുന്ന രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ ആനയുടെ ബുദ്ധിയേയും അനുകമ്പയെയും പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കൾ.
വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് എക്‌സിൽ (മുമ്പ് ട്വിറ്റർ) 22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചത്. ആന നിൽക്കുന്ന ചുറ്റുവളപ്പിനുള്ളിലേക്ക് ഒരു കുട്ടിയുടെ ഷൂ വീണു പോകുന്നതും അത് കണ്ട് ആന ഷൂവിന് അടുത്തേക്ക് നടന്നു വരുന്നതുമാണ് വീഡിയോയുടെ തുടക്കം. തുടർന്ന് ആന തന്റെ തുമ്പിക്കൈ കൊണ്ട് ഷൂ എടുത്ത് പുറത്തുനിൽക്കുന്ന കുട്ടിക്ക് നൽകുന്നതുമാണ് വീഡിയോയിൽ.
സംഭവത്തിന് സാക്ഷികളായി നിൽക്കുന്നവർ ആനയുടെ ബുദ്ധി വൈഭവത്തെ പ്രകീർത്തിക്കുന്നതും കയ്യടിക്കുന്നതും വിഡിയോയിൽ കേൾക്കാം. വീഡിയോ വളരെ വേഗത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും വീഡിയോ കണ്ടവർ ആനയുടെ ശാന്തതയേയും ബുദ്ധിവൈഭവത്തെയും പ്രശംസിക്കുകയും ചെയ്തു. അടിമത്തത്തിൽ കഴിയുമ്പോഴും ഇത്രമാത്രം സൗമ്യനായി പെരുമാറാൻ എങ്ങനെ സാധിക്കുന്നുവെന്ന് പലരും അത്ഭുതം പ്രകടിപ്പിച്ചു.
സമാനമായ മറ്റൊരു വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. തന്റെ വഴിമുടക്കി വന്ന ഒരു മനുഷ്യനെ ആന പുറകിൽ നിന്നും തട്ടുന്നതായിരുന്നു ഈ വീഡിയോയിലെ രംഗങ്ങൾ.