ഇന്ത്യ കിടുവാണ്, എന്നെ ആകെ മാറ്റി, എന്തായാലും സന്ദര്‍ശിക്കണം; ജപ്പാൻ യുവതിയുടെ വീഡിയോ വൈറൽ 

ജപ്പാനിൽ ആയിരുന്നതിനേക്കാൾ കൂടുതൽ തുറന്ന് എൻ്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി. സന്തോഷത്തിനും സങ്കടത്തിനും പുറമേ, ഞാൻ മറച്ചുവെച്ച ദേഷ്യം പോലും ഞാൻ പ്രകടിപ്പിച്ചു തുടങ്ങി. എനിക്ക് ഒരു പുതിയ 'എന്നെ' കണ്ടെത്താൻ കഴിഞ്ഞു.

Japan woman traveler tapi about india and her self discovery

ഇന്ത്യൻ സംസ്കാരം മിക്കവാറും മറ്റു രാജ്യങ്ങൾക്ക് വലിയ ഇഷ്ടമാണ്. പ്രത്യേകിച്ചും ആത്മീയമായ കാര്യങ്ങളിൽ. യോ​ഗയും ധ്യാനവുമടക്കം പല കാര്യങ്ങളും പണ്ടുതൊട്ടേ വിദേശികളെ ആകർഷിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജപ്പാനിൽ നിന്നുള്ള ഒരു യുവതി പറയുന്നത്, ഇന്ത്യയിലേക്കുള്ള യാത്ര അവരുടെ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റി മറിച്ചു എന്നാണ്. 

അടുത്തിടെ ഇന്ത്യ സന്ദർശിച്ച ജാപ്പനീസ് ടൂറിസ്റ്റായ ടാപിയാണ് സ്വയം കണ്ടെത്താൻ ഇന്ത്യ തന്നെ സഹായിച്ചത് എങ്ങനെയാണ് എന്നതിനെ കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഇന്ത്യയെ കുഴപ്പം നിറഞ്ഞ രാജ്യമെന്നാണ് ആദ്യം അവൾ വിശേഷിപ്പിച്ചത്. എന്നിരുന്നാലും, തനിക്കുണ്ടായിരുന്ന അത്തരം ബോധ്യങ്ങൾ കൃത്യമല്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞതായിട്ടാണ് അവൾ പറയുന്നത്. ഇന്ത്യയിലേക്കുള്ള യാത്ര എങ്ങനെയാണ് തന്നെ മാറ്റിയത് എന്നും അവൾ പറയുന്നു. 

നേരത്തെ താൻ, സന്തോഷം, സങ്കടം, നിരാശ എന്നിവയൊന്നും തുറന്ന് പ്രകടിപ്പിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ‌, ഇന്ത്യയിലെ യാത്രയ്ക്ക് ശേഷം അത് സാധ്യമായിത്തുടങ്ങി. അതുപോലെ, സുരക്ഷിതമെന്ന് തോന്നിയ സ്ഥലങ്ങളിൽ നിന്നും പുറത്ത് കടക്കുന്നത് തങ്ങളുടെ വളർച്ചയ്ക്ക് എത്രമാത്രം സഹായിക്കുമെന്ന് തിരിച്ചറിഞ്ഞതായും അവൾ പറയുന്നു.

വികാരങ്ങളാൽ സമ്പന്നനായ ഒരു ഇന്ത്യക്കാർക്കൊപ്പമാണ് ഞാൻ താമസിച്ചത്. ജപ്പാനിൽ ആയിരുന്നതിനേക്കാൾ കൂടുതൽ തുറന്ന് എൻ്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി. സന്തോഷത്തിനും സങ്കടത്തിനും പുറമേ, ഞാൻ മറച്ചുവെച്ച ദേഷ്യം പോലും ഞാൻ പ്രകടിപ്പിച്ചു തുടങ്ങി. എനിക്ക് ഒരു പുതിയ 'എന്നെ' കണ്ടെത്താൻ കഴിഞ്ഞു. നേരത്തെ മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് കരുതി ഞാനെന്റെ വികാരങ്ങൾ മറച്ചുവച്ചിരുന്നു. 

സ്വന്തം വികാരങ്ങൾ‌ പ്രകടിപ്പിക്കുന്നത് മോശമായി തോന്നുമെങ്കിലും അങ്ങനെ ചെയ്യേണ്ടതുണ്ട്. നമ്മൾ നമ്മെത്തന്നെ മനസിലാക്കുകയും നമ്മളെ കണ്ടെത്തുകയും നമ്മളായി ജീവിക്കുകയും ചെയ്യണമെന്നാണ് ഈ ജാപ്പനീസ് യുവതി പറയുന്നത്. അതിന് സഹായിച്ചത് ഇന്ത്യയിലേക്കുള്ള യാത്രയാണ് എന്നും അവർ പറയുന്നു. 

വളരെ പെട്ടെന്നാണ് യുവതി പങ്കുവച്ച വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. ഒരാൾ പറഞ്ഞത്, നേരത്തെ താനും ഇന്ത്യയിലേക്ക് യാത്ര ചെയ്തിരുന്നു. ഒരുപാട് പുസ്തകങ്ങൾ വായിക്കുകയും മറ്റും ചെയ്തു. താനാരാണോ അങ്ങനെ തന്നെ ജീവിക്കാൻ ഇന്ത്യ വഴിയൊരുക്കി എന്നാണ്. 

മറ്റൊരാൾ പറഞ്ഞത്, ഇന്ത്യ ഇനിയും ആളുകൾ വേണ്ടത്ര മനസിലാക്കിയിട്ടില്ലാത്ത രാജ്യമാണ്. ആളുകൾ ഇന്ത്യയെ മനസിലാക്കണം. ഒരുപാട് കാര്യങ്ങളാൽ സമ്പന്നമാണ് ഇന്ത്യ എന്നാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios