വില കേട്ട് ഞെട്ടരുത്, 'നിറം മാറുന്ന' ബെന്‍റ്‍ലി ബെന്‍റേഗയിൽ ഇഷ അംബാനി; വീഡിയോ വൈറല്‍
ബോളിവുഡ് നടൻ രൺബീർ കപൂറിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോഴാണ് ഇഷ അംബാനിയുടെ നിറം മാറുന്ന കാര്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ സൃഷ്ടിച്ചു.
സെലിബ്രിറ്റികള്‍ തങ്ങളുടെ സ്റ്റാറ്റസ് നിലനിര്‍ത്തുന്നത് മാര്‍ക്കറ്റിലെത്തുന്ന ഏറ്റവും പുതിയതും വില കൂടിയതുമായ ഉത്പന്നങ്ങള്‍ വാങ്ങിക്കൊണ്ടാണ്. ഏറ്റവും പുതിയ കാര്‍, പുതിയ ഡിസൈനോട് കൂടിയ ആഭരണം, പുതിയ ബാഗുകൾ... ആ പട്ടിക അങ്ങനെ പോകുന്നു. ഇവയുടെ എല്ലാം വില സാധാരണക്കാരന്‍ പോയിട്ട് മധ്യവര്‍ഗ്ഗ സമൂഹത്തിന് പോലും പ്രാപ്യമായ ഒന്നായിരിക്കില്ല. കഴിഞ്ഞ ദിവസം ഇന്ത്യയിലെ അതിസമ്പന്നന്‍മാരില്‍ ഒരാളായ അംബാനിയുടെ മകള്‍, ഇഷാ അംബാനി സഞ്ചരിച്ച് കാർ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒരേ സമയം കാറും അതിന്‍റെ പ്രത്യേകതയും വിലയും സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായി.
ബോളിവുഡ് നടൻ രൺബീർ കപൂറിന്‍റെ വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോഴാണ് ഇഷയുടെ വില കൂടിയ കാര്‍ കാഴ്ചക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അത്യാഡംബര കാറായ ബെന്‍റ്ലി ബെന്‍റേഗ എസ് യുവിയിലായിരുന്നു ഇഷ അംബാനി സഞ്ചരിച്ചത്. കാറിന് ഏകദേശം നാല് കോടി രൂപ വിലമതിക്കും. കാറിന്‍റെ ഏറ്റവും വലിയ പ്രത്യേകത വെളിച്ചത്തിന് അനുസരിച്ച് കാറിന്‍റെ നിറം മാറിക്കൊണ്ടിരിക്കുമെന്നതാണ്. കാര്‍ ഫോർ യു എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മുന്നിലും പിന്നിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ഇഷയുടെ കാര്‍ കടന്ന് പോയത്.
വീഡിയോ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ കാറിന്‍റെ വില കേട്ട് അന്തം വിട്ടു. മറ്റ് ചിലര്‍ നിറം മാറുന്ന കാറിനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തി. 'ഇത് സമ്പന്നതയ്ക്കും അപ്പുറത്താണ്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.'നിറം മാറ്റുന്ന പെയിന്‍റുള്ള നാല് കോടിയുടെ കാര്‍. ഇത് ഇന്ത്യയില്‍ അംബാനിക്ക് മാത്രം സാധ്യമായ ഒന്ന്.' എന്നായിരുന്നു മറ്റൊരു ഉപയോക്താവ് എഴുതിയത്. മറ്റ് ചിലര്‍ കാറിന്‍റെ ഇന്‍റീരിയറും ഇഷ്ടാനുസരണം മാറുമോയെന്ന് സംശയം പ്രകടിപ്പിച്ചു. 'ഇക്കാലത്ത് മനുഷ്യർ പോലും നിറം മാറുന്നു, അപ്പോ ഒരു ബെന്‍റ്ലി അത്രയ്ക്കും അതിശയമാണോ സഹോദരാ' എന്നായിരുന്നു നിരാശനായ ഒരു കാഴ്ചക്കാരന്‍ എഴുതിയത്.