കുരങ്ങനെ കൊണ്ട് ടാറ്റൂ ചെയ്യിച്ച് ഇൻഫ്ലുവൻസർ, വൻ വിമർശനം
രണ്ട് ദിവസത്തിന് ശേഷം ഇൻഫ്ലുവൻസർ ഒരു സ്റ്റുഡിയോയിൽ കുരങ്ങനുമായി ഇരിക്കുന്നത് കാണാം. അതിൽ ഇയാൾ കുരങ്ങനെ കൊണ്ട് ടാറ്റൂ പെൻ പിടിപ്പിക്കാൻ ശ്രമിക്കുന്നതും കുരങ്ങനതിന് തയ്യാറാവാത്തതും ഒക്കെ കാണാം.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പലതിന്റെയും പേരിൽ വിമർശനം കേൾക്കേണ്ടി വരാറുണ്ട്. അതുപോലെ വെനസ്വേലയിൽ നിന്നുമുള്ള ഒരു ഇൻഫ്ലുവൻസർ വലിയ തരത്തിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. കുരങ്ങനെ കൊണ്ട് ടാറ്റൂ ചെയ്യിച്ചതിന്റെ പേരിലാണ് യുവാവിനെ ആളുകൾ വിമർശിക്കുന്നത്. അയാൾ പറയുന്നത് ലോകത്തിൽ ആദ്യമായി ഒരു കുരങ്ങൻ ടാറ്റൂ ചെയ്ത് തരുന്ന ആൾ താനായിരിക്കും എന്നാണ്. മാത്രമല്ല, കുരങ്ങിനെ ടാറ്റൂ ആർട്ട് പരിശീലിപ്പിക്കാനുള്ള തന്റെ പദ്ധതിയെ കുറിച്ചും ഇയാൾ വിശദീകരിച്ചു. ഇതോടെ വലിയ തരത്തിലുള്ള വിമർശനമാണ് ഇയാൾക്ക് നേരിടേണ്ടി വന്നത്.
Funky Matas എന്ന ഇൻഫ്ലുവൻസറാണ് കുരങ്ങന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മെക്സികോയുടെ മധ്യത്തിൽ മക്‌ഡൊണാൾഡിന് മുന്നിലാണ് താൻ നിൽക്കുന്നത്. കുരങ്ങനുമായി ഒരു വാൻ വരുന്നതും കാത്തിരിക്കുകയാണ്. ശേഷം ആ കുരങ്ങനെ എങ്ങനെയാണ് ടാറ്റൂ ചെയ്യേണ്ടത് എന്ന് പഠിപ്പിക്കും. പീന്നിട്, തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്യിപ്പിക്കും എന്നാണ് ഇയാൾ പറയുന്നത്.
പിന്നീട് ഒരു വാൻ വരുന്നതും അതിൽ നിന്നും ഒരു കുരങ്ങനും പരിശീലകനും ഇറങ്ങുന്നതും കാണാം. കുരങ്ങനെ കൊണ്ട് ടാറ്റൂ ചെയ്യിക്കുകയാണ് തന്റെ പദ്ധതി എന്ന് യുവാവ് പറയുമ്പോൾ അത് നടക്കുമെന്ന് തനിക്ക് തോന്നുന്നില്ല. കുരങ്ങന് അത് സാധിക്കുമോ എന്ന് അറിയില്ല എന്ന് കുരങ്ങുമായി എത്തിയ ആൾ പറയുന്നുണ്ട്. 'നിങ്ങൾ പറയുന്നത് ഈ കുരങ്ങൻ നിങ്ങൾക്ക് ടാറ്റൂ ചെയ്ത് തരണം എന്നാണോ? യഥാത്ഥത്തിൽ ഈ കുരങ്ങന് നിങ്ങൾക്ക് ടാറ്റൂ ചെയ്ത് തരാൻ കഴിയും എന്ന് തോന്നുന്നില്ല. ഞാനൊരു വാഗ്ദാനവും നിങ്ങൾക്ക് തരില്ല' എന്നാണ് ഇയാൾ പറയുന്നത്.
രണ്ട് ദിവസത്തിന് ശേഷം ഇൻഫ്ലുവൻസർ ഒരു സ്റ്റുഡിയോയിൽ കുരങ്ങനുമായി ഇരിക്കുന്നത് കാണാം. അതിൽ ഇയാൾ കുരങ്ങനെ കൊണ്ട് ടാറ്റൂ പെൻ പിടിപ്പിക്കാൻ ശ്രമിക്കുന്നതും കുരങ്ങനതിന് തയ്യാറാവാത്തതും ഒക്കെ കാണാം. ആദ്യമൊന്നും കുരങ്ങനെ കൊണ്ട് ചെയ്യിക്കാൻ സാധിച്ചില്ല എന്നും എന്നാൽ രണ്ട് പരിശീലകരുടെ സാന്നിധ്യത്തിൽ അതിനായി ശ്രമിച്ചു എന്നും ഇയാൾ പറയുന്നു. പിന്നീട് കുരങ്ങൻ ടാറ്റൂ പെൻ കൊണ്ട് ഇയാളുടെ ദേഹത്ത് എന്തൊക്കെയൊ വരയ്ക്കുകയാണ്. ആദ്യമായി കുരങ്ങൻ ടാറ്റൂ ചെയ്യുന്ന മനുഷ്യൻ ഔദ്യോഗികമായി ഇപ്പോൾ താനാണ് എന്നും ഇയാൾ പിന്നീട് പറയുന്നുണ്ട്.
എന്നാൽ, വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മൃഗസ്നേഹികളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയർന്നു വന്നത്. ഇത് തികച്ചും മൃഗങ്ങളെ ചൂഷണം ചെയ്യുന്ന പ്രവൃത്തിയാണ് എന്നാണ് പലരും കുറിച്ചത്.