ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് അമേരിക്കയിൽ 2 കോടിയുടെ വീട്, ജീപ്പ് കോംപസും, വൈറലായി വീഡിയോ
ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഈ വീടിന് ഏകദേശം രണ്ട് കോടി രൂപയാണത്രെ വില വരിക. മാത്രമല്ല, ഇയാൾ തൻ്റെ ഗാരേജിൽ ഒരു ജീപ്പ് കോമ്പസും പാർക്ക് ചെയ്തതായി കാണാം.
അമേരിക്കയിൽ സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ, ഉയർന്ന വിലയും ചിലവും ഒക്കെ കണക്കാക്കിയാൽ പലർക്കും അത് ഒരു സ്വപ്നമായിത്തന്നെ അവശേഷിക്കാറാണ് പതിവ്. പക്ഷേ, അമേരിക്കയിലെ ഒരു ഇന്ത്യൻ ട്രക്ക് ഡ്രൈവർ ആ സ്വപ്നം യാഥാർത്ഥ്യമാക്കുക തന്നെ ചെയ്തു. ഈ വാർത്ത വൈറലായതോടെ ഇന്ത്യയിലെയും അമേരിക്കയിലേയും ജീവിതം താരതമ്യം ചെയ്യുകയാണ് നെറ്റിസൺസ്.
AvgIndianObserver എന്ന X (മുമ്പ് ട്വിറ്റർ) യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. അതിൽ പുതിയതായി വാങ്ങിയ വീടിന് മുന്നിൽ ഇന്ത്യൻ ട്രക്ക് ഡ്രൈവർ നിൽക്കുന്നത് കാണാം. അഞ്ച് കിടപ്പുമുറികളുള്ള വീടാണ് ഇത്. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഈ വീടിന് ഏകദേശം രണ്ട് കോടി രൂപയാണത്രെ വില വരിക. മാത്രമല്ല, ഇയാൾ തൻ്റെ ഗാരേജിൽ ഒരു ജീപ്പ് കോമ്പസും പാർക്ക് ചെയ്തതായി കാണാം. കഴിഞ്ഞ വർഷം ഒരു ട്രാവൽ വ്ലോഗർ പങ്കിട്ട ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി.
"യുഎസ്എയിലെ ഒരു ട്രക്ക് ഡ്രൈവറുടെ ഗാരേജിൽ ഒരു ജീപ്പ് കോമ്പസ് ഉണ്ട്, ഇന്ത്യയിൽ ചില IIT/IIM ബിരുദധാരികൾക്കും (അവരുടെ പാരമ്പര്യസ്വത്തുക്കളുടെ സഹായത്തോടെ) 9 മുതൽ 9 വരെ ജോലി ചെയ്യുന്നവർക്കും 2024 -ൽ നോയിഡയിൽ മാന്യമായ ഒരു 3bhk പോലും താങ്ങാനാവില്ല. ഇന്ത്യയിൽ ജീവിതം എളുപ്പമാണ് എന്നത് കള്ളമാണ്" എന്നാണ് ഇയാൾ എഴുതിയിരിക്കുന്നത്.
എന്നാൽ, അതേസമയത്ത് തന്നെ ഇന്ത്യയിലെയും അമേരിക്കയിലെയും വീടുകളുടെയും സ്ഥലത്തിന്റെയും വിലയെ കുറിച്ച് വലിയ ചർച്ച തന്നെ ഇതുമായി ബന്ധപ്പെട്ട് നടന്നു. അമേരിക്കയിൽ ചില പ്രദേശങ്ങളിൽ സ്ഥലത്തിന് വില കുറവാണ് എന്നായിരുന്നു ചിലർ ചൂണ്ടിക്കാട്ടിയത്. മറ്റ് ചിലർ അവിടെ എല്ലാ ജോലിക്കും നല്ല ശമ്പളമുണ്ട് എന്നാണ് പറഞ്ഞത്.