ഇന്ത്യയിലെ ഭക്ഷണത്തിന് വൃത്തിയില്ല, ആഫ്രിക്കക്കാരുടെ പരിഹാസവീഡിയോ, താങ്ക മുടിയലേയെന്ന് ഇന്ത്യന്‍സ്
വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെ വലിയ വിമർശനമാണ് വീഡിയോയ്ക്ക് എതിരെ ഇന്ത്യൻ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് ഏറെ പ്രശസ്തമാണെങ്കിലും അവ തയ്യാറാക്കുന്നതിലെ വൃത്തിക്കുറവുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായ വ്യത്യാസങ്ങൾ അടുത്തകാലത്തായി ഉയർന്നു വന്നിട്ടുണ്ട്. കാഴ്ചയിൽ മനോഹരമാണെങ്കിലും അവ വൃത്തിയുടെ കാര്യത്തിൽ വലിയ പരാജയമാണെന്നാണ് ഉയർന്നുവരുന്ന വിമർശനങ്ങളിൽ ഒന്ന്.
ഇപ്പോഴിതാ ഏതാനും ആഫ്രിക്കൻ യുവാക്കൾ ഇന്ത്യൻ സ്ട്രീറ്റ് ഫുഡിനെ പരിഹസിച്ചുകൊണ്ട് പുറത്തിറക്കിയ ടിക് ടോക് വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ വലിയ രോഷത്തിന് കാരണമായിരിക്കുകയാണ്. ഭക്ഷ്യക്ഷാമം നേരിടുന്നവർ അവരേക്കാൾ മുന്നിൽ നിൽക്കുന്ന ഒരു രാജ്യത്തെ പരിഹസിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത് എന്നായിരുന്നു ടിക്ക് ടോക്ക് വീഡിയോകളെ വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചത്.
എക്സ് പ്ലാറ്റ്ഫോമിലാണ് ഇന്ത്യൻ ഭക്ഷണത്തെ പരിഹസിച്ചു കൊണ്ടുള്ള ആഫ്രിക്കക്കാരുടെ ടിക് ടോക് വീഡിയോകൾ വൈറൽ ആയിരിക്കുന്നത്. വീഡിയോയിൽ ഒരാൾ തനിക്കു മുൻപിൽ ഏതാനും പാത്രങ്ങളിലായി വെള്ളവും, അരിഞ്ഞ പച്ചക്കറികൾക്ക് സമാനമായ വസ്തുക്കളും മാവും നിരത്തി വെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അയാൾക്കു മുമ്പിൽ ആളുകൾ ഭക്ഷണത്തിനായി തിരക്ക് കൂട്ടുന്നതും അപ്പോൾ അയാൾ തീർത്തും വൃത്തിഹീനമായ രീതിയിൽ ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി ആവശ്യക്കാർക്ക് നൽകുന്നതുമാണ് വീഡിയോയിൽ. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെ വലിയ വിമർശനമാണ് വീഡിയോയ്ക്ക് എതിരെ ഇന്ത്യൻ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
നിങ്ങളുടെ ഗ്രാമത്തിൽ കിട്ടിയ മുഴുവൻ റേഷനും ഉപയോഗിച്ചാണോ വിഡ്ഢികളെ റീൽ ഉണ്ടാക്കി കളിക്കുന്നത് എന്നായിരുന്നു ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന്റെ കമന്റ്. സ്വന്തമായി കഴിക്കാൻ ഭക്ഷണം ഇല്ലാത്തവരാണോ മറ്റുള്ളവരെ വിമർശിക്കാൻ ഇറങ്ങിയിരിക്കുന്നത് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. റീലൊക്കെ കൊള്ളാം ഇനി ഒരാഴ്ച പട്ടിണി കിടക്കണ്ടേ എന്നായിരുന്നു മറ്റൊരു അഭിപ്രായം.
എന്നാൽ, ഈ വാക്ക് പോരിനിടയിലും ഇന്ത്യൻ സ്ട്രീറ്റ് ഫുഡിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്ന് അഭിപ്രായപ്പെടുന്നവരും ഏറെയുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം