Homeless man celebrates dogs birthday : നായകളുടെ ജന്മദിനമാഘോഷിച്ച് തെരുവിൽ കഴിയുന്നൊരാൾ, കണ്ണുനനയിക്കും വീഡിയോ
ചോക്കോ കവറിൽ നിന്ന് ഒരു ജന്മദിന കേക്ക് പുറത്തെടുത്ത് മെഴുകുതിരികൾ കത്തിച്ച് 'ഹാപ്പി ബർത്ത്ഡേ' ഗാനം ആലപിക്കുന്നു. തുടർന്ന് തന്റെ സുഹൃത്തുക്കളെ അദ്ദേഹം ചുംബിക്കുന്നു. പിന്നീട് മൂന്ന് കഷണം കേക്ക് പൊട്ടിച്ച് ഓരോ കഷ്ണങ്ങൾ വീതം പേപ്പറിൽ വച്ച് അവർക്ക് നൽകുന്നു. ഒരു കഷ്ണം അദ്ദേഹവും കഴിക്കുന്നു.
തെരുവിൽ കഴിയുന്ന(Man on the street), സ്വന്തമെന്ന് പറയാൻ ആരുമില്ലാത്തൊരാൾ നായ്ക്കളു(Dogs)ടെ ജന്മദിനം ആഘോഷിക്കുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. വീഡിയോ ആളുകളുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. ജീവിതത്തിൽ സ്നേഹബന്ധങ്ങളോ, പണമോ സ്വന്തമായി ഒന്നുമോ തന്നെയില്ലാത്ത അദ്ദേഹത്തിന് ആകെ കൂട്ടായിട്ടുള്ളത് ആ രണ്ട് നായ്ക്കളാണ്. ജന്മദിനം(Birthday) ആഘോഷിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നതും, കൈകൾ കൊണ്ട് അദ്ദേഹം അത് തുടക്കുന്നതും നമുക്ക് വേദനയോടെയല്ലാതെ കാണാൻ സാധിക്കില്ല. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വൈകാരിക വീഡിയോ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വൈറലായി മാറി.
കൊളംബിയയിലെ ബുക്കാറമാംഗയിലെ തെരുവുകളിൽ കഴിയുന്ന 'ചോക്കോ' എന്നറിയപ്പെടുന്ന ഒരു യുവാവിനെയും, അദ്ദേഹത്തിന്റെ രണ്ട് നായ്ക്കളെയുമാണ് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. എവിടെ പോയാലും അവ അദ്ദേഹത്തെ പിന്തുടരും. തെരുവിന്റെ ഓരത്തെ ഒരു പടിക്കെട്ടിൽ ഇരുന്നാണ് അദ്ദേഹം നായ്ക്കൾക്കൊപ്പം ജന്മദിനം ആഘോഷിച്ചത്. അദ്ദേഹത്തിനോടൊപ്പം ഇരിക്കുന്ന നായ്ക്കൾക്ക് പാർട്ടി തൊപ്പികൾ ധരിപ്പിച്ചിരുന്നു. ചോക്കോ കവറിൽ നിന്ന് ഒരു ജന്മദിന കേക്ക് പുറത്തെടുത്ത് മെഴുകുതിരികൾ കത്തിച്ച് 'ഹാപ്പി ബർത്ത്ഡേ' ഗാനം ആലപിക്കുന്നു. തുടർന്ന് തന്റെ സുഹൃത്തുക്കളെ അദ്ദേഹം ചുംബിക്കുന്നു. പിന്നീട് മൂന്ന് കഷണം കേക്ക് പൊട്ടിച്ച് ഓരോ കഷ്ണങ്ങൾ വീതം പേപ്പറിൽ വച്ച് അവർക്ക് നൽകുന്നു. ഒരു കഷ്ണം അദ്ദേഹവും കഴിക്കുന്നു. കേക്ക് കഴിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിയുന്നതും കാണാം.
@rotelojournalism എന്ന അക്കൗണ്ട് വഴി ജനുവരി 7 -നാണ് ക്ലിപ്പ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് "ലൈക്കുകൾ" ലഭിച്ച ആ വീഡിയോയെയും, കൂടാതെ 'ചോക്കോ' എന്ന വ്യക്തിയെയും ആളുകൾ അഭിനന്ദിക്കുന്നു. “പറയാൻ വാക്കുകളില്ല, വലിയ മനുഷ്യൻ!" ഈ വീഡിയോ എന്റെ ഹൃദയം കവർന്നു", "മൃഗങ്ങൾ ഏറ്റവും ആത്മാർത്ഥമായുള്ള സുഹൃത്തുക്കളാണ്, നാം അവയെ കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കണം", "ഞാൻ ഇത് ആയിരം തവണ കാണും, ആയിരം തവണയും എന്റെ ഹൃദയം സ്നേഹത്താൽ നിറയും" എന്നിങ്ങനെയുള്ള വികാരഭരിതമായ ചില കമന്റുകളാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ആ വീഡിയോയ്ക്ക് ലഭിച്ചത്.
അതേസമയം, മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ താമസിക്കുന്ന യുവതി അടുത്തിടെ തന്റെ പ്രിയപ്പെട്ട നായയുടെ പിറന്നാൾ ആഘോഷിച്ചത് വലിയ വാർത്തയായിരുന്നു. വളർത്തുനായയുടെ ജന്മദിനം ആഘോഷിക്കാൻ നൂറു കണക്കിന് ഡ്രോണുകളാണ് യുവതി പറത്തിയത്. 1,00,000 യുവാൻ അതായത് ഏകദേശം 11 ലക്ഷം രൂപ മുടക്കിയാണ് ഡൂഡോ എന്ന പട്ടിയുടെ പത്താം ജൻമദിനം അവർ ആഘോഷിച്ചത്. ഇതിനായി, 520 ഡ്രോണുകൾ ഇവർ വാടകക്കെടുത്തിരുന്നു. പത്താം ജന്മദിനാശംസകൾ നേരുന്നു എന്ന് ആകാശത്ത് എഴുതിക്കാണിക്കാനാണ് 520 ഡ്രോണുകൾ ഉപയോഗിച്ചത്. ജന്മദിന കേക്കിന്റെ ആകൃതിയിൽ ഡ്രോണുകൾ ആകാശത്ത് നിരന്നത് കമനീയമായ കാഴ്ചയായിരുന്നു. ഒപ്പം, ഒരു എല്ലിൻ കഷണത്തിന്റെ രൂപവും ആകാശത്ത് പ്രത്യക്ഷപ്പെട്ടു. എന്നാൽ ഒടുവിൽ അനുമതിയില്ലാതെ ഡ്രോണുകൾ പറത്തിയതിന് യുവതിയെ തിരഞ്ഞ് പൊലീസ് എത്തുകയായിരുന്നു.