ദേ പെരുമഴയത്ത് കഫേയിലൊരു കാള, മാനേജർ രക്ഷപ്പെട്ടത് തലനാരിഴയ്‍ക്ക്, വീഡിയോ
ആ സമയത്താണ് കഫേയുടെ മാനേജർ അങ്ങോട്ട് വരുന്നത്. മാനേജറായ യുവതിയുടെ കയ്യിൽ ഒരു കുടയുമുണ്ട്. അത് വച്ച് കാളയെ ആ വാതിലിന്റെ അടുത്ത് നിന്നും അകറ്റാനും അവർ ശ്രമിക്കുന്നുണ്ട്.
ഇന്ത്യയിലെ പല നഗരങ്ങളിലും റോഡിലൂടെ കന്നുകാലികളും നായകളും ഒക്കെ അലഞ്ഞുതിരിഞ്ഞ് നടക്കാറുണ്ട്. ചിലപ്പോഴൊക്കെ അവ നാട്ടുകാർക്ക് ബുദ്ധിമുട്ടും അപകടങ്ങളും ഉണ്ടാക്കാറുണ്ട്. അതുപോലെ ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഉത്തരാഖണ്ഡിലെ നൗകുചിയാറ്റലിലെ ഒരു കഫേയിലാണ് സംഭവം നടന്നത്.
വലിയ മഴ പെയ്യുമ്പോൾ പലപ്പോഴും മൃഗങ്ങൾ സമീപത്ത് നിൽക്കുന്ന കെട്ടിടങ്ങളിൽ അഭയം തേടാൻ ശ്രമിക്കാറുണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ഒരു കഫേയിൽ അഭയം തേടിയ കാള അതിന്റെ മാനേജറെ ഉപദ്രവിക്കാനും ശ്രമിച്ചു. വീഡിയോയിൽ കാള കഫേയുടെ വാതിലിന്റെ അടുത്ത് നിൽക്കുന്നത് കാണാം. കാള അവിടെ നിൽക്കുന്നത് കാരണം കഫേയിലേക്ക് കയറാൻ ശ്രമിക്കുന്ന ആളുകൾക്ക് അതിന് സാധിക്കുന്നില്ല.
ആ സമയത്താണ് കഫേയുടെ മാനേജർ അങ്ങോട്ട് വരുന്നത്. മാനേജറായ യുവതിയുടെ കയ്യിൽ ഒരു കുടയുമുണ്ട്. അത് വച്ച് കാളയെ ആ വാതിലിന്റെ അടുത്ത് നിന്നും അകറ്റാനും അവർ ശ്രമിക്കുന്നുണ്ട്. എന്നാൽ, കാള അവിടെ നിന്നും മാറുന്നില്ല എന്ന് മാത്രമല്ല മാനേജറെ ഉപദ്രവിക്കാനായുന്നതും വീഡിയോയിൽ കാണാം.
മാധ്യമ പ്രവർത്തകനായ പിയുഷ് റായ് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. മാനേജറായ യുവതിക്ക് പരിക്ക് പറ്റാതെ രക്ഷപ്പെടാനായി എന്നും കാപ്ഷനിൽ പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ ചൊല്ലിയുള്ള ആശങ്കകൾ പലരും കമന്റിൽ രേഖപ്പെടുത്തി.