ഇന്ത്യയിലാണ്, ജിം, സ്പാ, ആഡംബര ക്യാബിനുകള്‍, ഒക്കെയായി ഒരു ഗംഭീര ട്രെയിൻ, വീഡിയോയുമായി ഓസ്‌ട്രേലിയൻ യുവതി
'ഗോൾഡൻ ചാരിയറ്റ്' എന്ന ആഡംബര ട്രെയിനിലാണ് സാറ യാത്ര ചെയ്തത്. മനോഹരമായി രൂപകൽപ്പന ചെയ്ത ഭക്ഷണശാലകൾ, ബാർ, ബിസിനസ് മീറ്റിംഗ് സെൻറർ, ജിം, വെൽനസ് സ്പാ എന്നീ സൗകര്യങ്ങളൊക്കെയും ഈ ആഡംബര ട്രെയിനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മിക്കവാറും ട്രെയിനുകളിലെ യാത്രയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ വൃത്തിഹീനമായ ശുചിമുറികളും മലിനമായ ഇരിപ്പിടങ്ങളും ഉള്ള ട്രെയിനുകളെ കുറിച്ചായിരിക്കും പലർക്കും ഓർമ്മ വരിക. എന്നാൽ, ഈ ധാരണ മാറ്റാൻ സഹായിക്കുന്ന ചില ആഡംബര ട്രെയിനുകളും ഇവിടെയുണ്ട്. ഇത്തരം ട്രെയിനുകളിൽ ഒരു തവണ യാത്ര ചെയ്താൽ പോലും അതൊരു അനുഭവമായിരിക്കും എന്നാണ് ഈ ആഡംബര ട്രെയിനുകളിൽ യാത്ര ചെയ്തിട്ടുള്ളവർ പറയുന്നത്.
അടുത്തിടെ, ഓസ്‌ട്രേലിയൻ ഷെഫും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ സാറാ ടോഡ് ഇന്ത്യയിലെ ഒരു ആഡംബര ട്രെയിനിൻ്റെ സൗകര്യങ്ങൾ കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി. വീഡിയോയിൽ, സാറ തീവണ്ടിയുടെ ഉള്ളിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെല്ലാം വിശദമായി തന്നെ കാണിക്കുന്നുണ്ട്. അതിൻ്റെ ആകർഷണീയമായ സവിശേഷതകൾ ഇന്ത്യക്കാരെ പോലും അത്ഭുതപ്പെടുത്തുന്നതാണ്.
'ഗോൾഡൻ ചാരിയറ്റ്' എന്ന ആഡംബര ട്രെയിനിലാണ് സാറ യാത്ര ചെയ്തത്. മനോഹരമായി രൂപകൽപ്പന ചെയ്ത ഭക്ഷണശാലകൾ, ബാർ, ബിസിനസ് മീറ്റിംഗ് സെൻറർ, ജിം, വെൽനസ് സ്പാ എന്നീ സൗകര്യങ്ങളൊക്കെയും ഈ ആഡംബര ട്രെയിനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 26 ട്വിൻ ബെഡ് ക്യാബിനുകളും 17 ഡബിൾ ബെഡ് ക്യാബിനുകളും ഭിന്നശേഷിയുള്ള യാത്രക്കാർക്കായി രൂപകൽപ്പന ചെയ്ത പ്രത്യേക ക്യാബിനും ട്രെയിനിലുണ്ട്.
ദക്ഷിണേന്ത്യയിലെ ചരിത്രപരമായ ക്ഷേത്രങ്ങൾ, അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം എന്നിവ കാണാനും അനുഭവിക്കാനുമായി നടത്തുന്ന ഗോൾഡൻ ചാരിയറ്റിലെ യാത്ര ഇതിലെ സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാണ് പ്രദാനം ചെയ്യുന്നത് എന്നാണ് സാറ വീഡിയോയിൽ പറയുന്നത്.
ഇന്റർനാഷണൽ യാത്രക്കാർക്ക് ഒരു രാത്രിക്ക് 61,000 രൂപ മുതലാണ് ഗോൾഡൻ ചാരിയറ്റിൻ്റെ നിരക്ക്. 5 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക്, യാത്രാനിരക്ക് ഈ തുകയുടെ പകുതിയും.