മൃഗശാല സന്ദർശിക്കാനെത്തിയ കുഞ്ഞിനെ എടുത്തുയർത്തി ജിറാഫ്, ഞെട്ടിക്കുന്ന വീഡിയോ
പെയ്സ്‍ലി ഒരു സ്നാക്ക് ജിറാഫിന് കൊടുക്കുന്നുണ്ട്. എന്നാൽ, അവളുടെ കയ്യിലുണ്ടായിരുന്ന സ്നാക്ക് ബാഗ് ജിറാഫിന്റെ കണ്ണിൽ പെട്ടിരുന്നു. അത് തട്ടിയെടുക്കാനായി ജിറാഫിന്റെ ശ്രമം.
മൃഗശാലകൾ സന്ദർശിക്കാൻ കുഞ്ഞുങ്ങൾക്ക് വളരെ ഇഷ്ടമാണ്. മൃഗങ്ങളെയും മറ്റ് ജീവികളെയും ഒക്കെ കാണാനും ആസ്വദിക്കാനും അവരിഷ്ടപ്പെടുന്നു. ചില മൃഗശാലകളിൽ മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ സന്ദർശകരെ അനുവദിക്കാറുണ്ട്. എന്നാൽ, മൃഗശാല സന്ദർശിക്കാൻ പോയ പെയ്സ്‍ലി എന്ന രണ്ട് വയസ്സുകാരിക്ക് അവിടെവച്ച് ഒരു ഭയപ്പെടുത്തുന്ന അനുഭവമുണ്ടായി.
മാതാപിതാക്കളായ ജേസണും സിയറ ടോട്ടനുമൊപ്പം ടെക്സാസിലെ ഒരു വൈൽഡ്‍ലൈഫ് സെന്റർ സന്ദർശിക്കുകയായിരുന്നു പെയ്സ്‍ലി എന്ന രണ്ട് വയസ്സുകാരി. അവിടെ സന്ദർശകരെ മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ അനുവദിച്ചിരുന്നു. അങ്ങനെ ജിറാഫിന് സ്നാക്സ് നൽകിയതാണ് കുഞ്ഞ് പെയ്സ്‍ലിയും. പക്ഷേ, പിന്നീടുണ്ടായത് തികച്ചും അപ്രതീക്ഷിതമായ ചില സംഭവങ്ങളാണ്.
പെയ്സ്‍ലി ഒരു സ്നാക്ക് ജിറാഫിന് കൊടുക്കുന്നുണ്ട്. എന്നാൽ, അവളുടെ കയ്യിലുണ്ടായിരുന്ന സ്നാക്ക് ബാഗ് ജിറാഫിന്റെ കണ്ണിൽ പെട്ടിരുന്നു. അത് തട്ടിയെടുക്കാനായി ജിറാഫിന്റെ ശ്രമം. അതിന്റെ ഭാഗമായി പെയ്സ്‍ലിയെ ജിറാഫ് അങ്ങനെ തന്നെ എടുത്തുയർത്തുകയായിരുന്നു. അടുത്ത നിമിഷം തന്നെ പെയ്സ്‍ലിയെ അത് താഴെയിറക്കുകയും ചെയ്തു. എന്നാൽ, സംഭവം അവളുടെ മാതാപിതാക്കളെയും സന്ദർശകരെയും ആകുലതയിലാക്കി. അതോടെ മൃഗശാല തങ്ങളുടെ നിയമങ്ങളിൽ ചില വ്യത്യാസങ്ങൾ വരുത്തി എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
പെയ്സ്‍ലിയെ ജിറാഫ് എടുത്തുയർത്തുന്ന വീഡിയോ അതിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വീഡിയോയിൽ കുട്ടി ജിറാഫിന് സ്നാക്ക് നൽകുന്നതും കുട്ടിയെ ജിറാഫ് എടുത്തുയർത്തുന്നതും കാണാം. നിരവധിപ്പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയത്. മൃഗങ്ങൾ ഇങ്ങനെയൊക്കെ തന്നെയേ പെരുമാറു, മനുഷ്യർ ശ്രദ്ധിക്കണം എന്ന തരത്തിലുള്ളതായിരുന്നു മിക്ക കമന്റുകളും.