'ആശുപത്രിയിൽ പ്രേതം', വ്യാപകമായി പ്രചരിച്ച് വീഡിയോ, ജീവനക്കാരൻ ആളെ പറ്റിക്കാൻ ചെയ്തതെന്നും ആരോപണം
വിദേശ മാധ്യമങ്ങളിൽ ഉൾപ്പടെ ഇത് വാർത്തയായെങ്കിലും സെക്യൂരിറ്റി ഗാർഡ് ആരോടാണ് സംസാരിച്ചത് എന്നത് സ്ഥിരീകരിക്കാൻ ആർക്കും സാധിച്ചിട്ടില്ല.
അർജന്റീനയിലെ ഒരു ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായി. ആശുപത്രിയിലെ സെക്യൂരിറ്റി ഗാർഡ് സംസാരിക്കുന്നതാണ് വീഡിയോയിൽ. എന്നാൽ, അവിടെ ആരും ഉണ്ടായിരുന്നുമില്ല. സംഭവം നടക്കുന്നതിന്റെ തലേദിവസം അതേ ആശുപത്രിയിൽ ഒരു രോഗി മരിച്ചിരുന്നു. ആ രോഗിയാണ് അദൃശ്യനായി എത്തി സെക്യൂരിറ്റിയോട് സംസാരിക്കുന്നത് എന്ന രീതിയിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
റെഡ്ഡിറ്റിൽ ആണ് 38 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തത്. അർജൻറീനയിലെ ആശുപത്രിയിൽ പ്രേതം എന്ന രീതിയിലാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടത്. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
ആശുപത്രിയുടെ ഓട്ടോമാറ്റിക് ഡോർ താനെ തുറക്കുന്നതും അല്പസമയത്തിനുശേഷം താനെ അടയുന്നതും കാണാം. അപ്പോൾ സെക്യൂരിറ്റി ഗാർഡ് എത്തുകയും അയാൾ ആരോടോ തനിയെ നിന്ന് സംസാരിക്കുകയും ചെയ്യുന്നു. ശേഷം അയാൾ താൻ സംസാരിച്ച വ്യക്തിയുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തുന്നു. അതിനുശേഷം ഡോക്ടറുടെ മുറി കാണിച്ചു കൊടുക്കുന്നു. ശേഷം അയാൾ തിരികെ പോകുന്നു. താൻ ഒരു രോഗിയോട് സംസാരിച്ചു എന്ന് സെക്യൂരിറ്റി ഗാർഡ് പറയുന്നുണ്ടെങ്കിലും അങ്ങനെ ഒരാൾ ക്യാമറയിൽ പതിഞ്ഞിട്ടില്ല എന്നതാണ് വീഡിയോ കണ്ട എല്ലാവരെയും ഭയപ്പെടുത്തുന്നത്. പുലർച്ചെ മൂന്നുമണിയോടെയാണ് ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞത്.
വിദേശ മാധ്യമങ്ങളിൽ ഉൾപ്പടെ ഇത് വാർത്തയായെങ്കിലും സെക്യൂരിറ്റി ഗാർഡ് ആരോടാണ് സംസാരിച്ചത് എന്നത് സ്ഥിരീകരിക്കാൻ ആർക്കും സാധിച്ചിട്ടില്ല. എന്നാൽ, സോഷ്യൽ മീഡിയയിൽ ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഒരു വിഭാഗം ആളുകൾ വീഡിയോ ഭയപ്പെടുത്തുന്നതായി പ്രതികരിച്ചെങ്കിലും മറ്റൊരു വിഭാഗം ആളുകൾ സെക്യൂരിറ്റി ഗാർഡ് ആളുകളെ പറ്റിക്കാൻ ചെയ്ത പരിപാടിയാണ് എന്ന രീതിയിലാണ് വീഡിയോയോട് പ്രതികരിച്ചത്. ബ്യൂണസ് അയേഴ്‌സിലെ സ്വകാര്യ പരിചരണ കേന്ദ്രമായ ഫിനോചിയെറ്റോ സാനറ്റോറിയത്തിലാണ് ഈ സംഭവം നടന്നത്.
എന്നാൽ, ദൃശ്യങ്ങൾ വ്യാപകമായി ചർച്ചാവിഷയം ആയതോടെ ആശുപത്രിയുടെ വാതിൽ തകരാറിലാണെന്നും ഒന്നിലധികം തവണ തുറക്കുന്നുണ്ടെന്നും കെയർ സെന്റർ വക്താവ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. തകരാറിലായതിനെ തുടർന്ന് വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ച അതിരാവിലെക്കും ഇടയിലുള്ള 10 മണിക്കൂറിനുള്ളിൽ ഇത് 28 തവണ സ്വയം തുറക്കുകയും അടയുകയും ചെയ്തതായി ഡെയ്‌ലി സ്റ്റാർ കെയർ സെൻറർ വക്താവിനെ ഉദ്ധരിച്ച് പറഞ്ഞു. സെക്യൂരിറ്റി ഗാർഡ് ക്ലിപ്പ്ബോർഡ് പേപ്പറിൽ എന്തോ എഴുതുന്നതായി വീഡിയോയിൽ കാണുന്നുണ്ടെന്നും എന്നാൽ രജിസ്റ്ററിൽ പേരൊന്നും പരാമർശിച്ചിട്ടില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.