വാടകഗർഭധാരണത്തിലൂടെ ഗേ ദമ്പതികൾക്ക് കുഞ്ഞുങ്ങൾ, വിദ്വേഷ കമന്റുകളുമായി നെറ്റിസൺസ്
ഇരുവരും സ്ഥിരമായി കുഞ്ഞുങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അങ്ങനെയാണ് മെക്സിക്കോയിലേക്കുള്ള യാത്രയിൽ നിന്നുള്ള വീഡിയോയും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

സ്വവർഗാനുരാഗികളായ ദമ്പതികൾ പലപ്പോഴും സമൂഹത്തിൽ നിന്നും വലിയ വിമർശനങ്ങളും പരിഹാസങ്ങളും കേൾക്കുന്നവരാണ്. അവരുടെ ജീവിതമല്ലേ, അവരല്ലേ അത് തിരഞ്ഞെടുക്കേണ്ടതും ജീവിക്കേണ്ടതും എന്ന ചിന്തയിലേക്കെത്താനുള്ള വിശാലതയൊന്നും ഇന്നും നമ്മുടെ സമൂഹത്തിന് പൂർണമായും ഉണ്ടായിട്ടില്ല. അതുപോലെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനവും പരിഹാസവും ഏറ്റുവാങ്ങുകയാണ് സ്വവർഗാനുരാഗികളായ ദമ്പതികൾ ജോസഫും നാതൻ ഹ്യൂഗ്സും.
വാടകഗർഭധാരണത്തിലൂടെ പിറന്ന ഇവരുടെ കുഞ്ഞുങ്ങളായ ഡിലനേയും കെയ്ലിനേയും കൊണ്ട് മെക്സിക്കോയിലേക്ക് പറക്കുന്നതിനിടെ പകർത്തിയ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തതോടെയാണ് ഇരുവർക്കും വലിയ വിമർശനം കേൾക്കേണ്ടി വന്നത്. വളരെ പ്രശസ്തരായ ഹെയർ സ്റ്റൈലിസ്റ്റുകളും ഇൻഫ്ലുവൻസരുമാണ് ജോസഫും നാതനും. കഴിഞ്ഞ 13 വർഷമായി ഇവർ ഒരുമിച്ചാണ് കഴിയുന്നത്. അങ്ങനെയാണ് കുഞ്ഞുങ്ങൾ വേണമെന്നും കുടുംബം കുറച്ചുകൂടി വലുതാക്കണമെന്നും ഇരുവരും തീരുമാനിക്കുന്നത്. അങ്ങനെ അവർ വാടക ഗർഭധാരണം തീരുമാനിക്കുകയും ജോസഫിൻ്റെ സഹോദരി ബ്രീയന അതിന് സമ്മതം മൂളുകളും ചെയ്തു.
അങ്ങനെ ജനിച്ച കുഞ്ഞുങ്ങളാണ് ഡിലനും കെയ്ലും. ഇരുവരും സ്ഥിരമായി കുഞ്ഞുങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അങ്ങനെയാണ് മെക്സിക്കോയിലേക്കുള്ള യാത്രയിൽ നിന്നുള്ള വീഡിയോയും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എന്നാൽ, വലിയ വിദ്വേഷ കമന്റുകളാണ് അതിന് താഴെ നിറഞ്ഞത്.
ഗേ ആയിട്ടുള്ള മനുഷ്യരെ അവഹേളിക്കുന്ന തരത്തിലുള്ളതായിരുന്നു അവയിൽ ഓരോ കമന്റും. ആ കുഞ്ഞുങ്ങളുടെ അവസ്ഥ പരിതാപകരം എന്നാണ് ഒരു വിഭാഗം കമന്റുകൾ നൽകിയത്. LGBTIAQ+ (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ഇന്റർസെക്സ്, അസെക്ഷുവൽ) സമൂഹങ്ങളോട് എത്ര ക്രൂരവും അവഹേളനപരവുമായാണോ ഇവിടുത്തെ സമൂഹം പെരുമാറുന്നത് അതേ പെരുമാറ്റം തന്നെയായിരുന്നു മിക്കവരും ജോസഫിന്റെയും നാതന്റെയും വീഡിയോയ്ക്കും നൽകിയത്.
