ഇതിപ്പോ ലാഭായല്ലോ; ടിക്കറ്റുമെടുക്കണ്ട, പറക്കുകയും വേണ്ട, ബസിന്റെ പുറത്ത് കാക്കകൾക്ക് ഫ്രീ സഫാരി
'ഒരുപാട് പറന്നത് കാരണം അവ തളർന്ന് പോയിട്ടുണ്ടാവാം. അതുകൊണ്ട് ഇനി യാത്ര ബസിലാക്കാം എന്ന് കരുതിയിട്ടുണ്ടാവും' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.
ഒരു ദിവസം സോഷ്യൽ മീഡിയ തുറന്ന് കഴിഞ്ഞാൽ ഒരു പക്ഷിയുടെയോ മൃഗത്തിന്റെയോ എങ്കിലും വീഡിയോ നമുക്ക് മുന്നിലെത്തും. പക്ഷികളുടെയും മൃഗങ്ങളുടെയും വീഡിയോ കാണാൻ ഇഷ്ടമില്ലാത്തവരും ചുരുക്കമാണ്. അങ്ങനെയുള്ള ഒരു രസികൻ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോയിൽ കാണുന്നത്, ഒരു ബസിന്റെ പുറത്ത് ഫ്രീ സഫാരി നടത്തിക്കൊണ്ടിരിക്കുന്ന കുറച്ച് കാക്കകളെയാണ്.
ആകെ നാല് സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം. മുംബൈയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അവ എങ്ങോട്ടാണ് പോകുന്നത് എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ എക്സിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്തിരിക്കുന്നത്.
സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ബെസ്റ്റ് (ബ്രിഹൻമുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട്) ബസിന് മുകളിലാണ് ഈ കാക്കക്കൂട്ടം സഞ്ചരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് എങ്കിലും ഇപ്പോഴും അനവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്.
'ഒരുപാട് പറന്നത് കാരണം അവ തളർന്ന് പോയിട്ടുണ്ടാവാം. അതുകൊണ്ട് ഇനി യാത്ര ബസിലാക്കാം എന്ന് കരുതിയിട്ടുണ്ടാവും' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.
'ഇവിടെ കാക്കകൾ പോലും പൊതുഗതാഗതമാണ് ഉപയോഗിക്കുന്നത്' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. 'Crow-ded bus' എന്നാണ് മറ്റൊരു രസികൻ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാളുടെ കമന്റ് 'സൗജന്യമായിട്ടുള്ള റൈഡ് ആസ്വദിക്കുകയാണ് ഈ കാക്കകൾ' എന്നായിരുന്നു.
സമാനമായ അനേകം കമന്റുകളാണ് വീഡിയോയുടെ താഴെ നിറയുന്നത്. എന്തായാലും, കാക്കകളുടെ ഈ ഫ്രീ റൈഡ് കാഴ്ച ആളുകളെ രസിപ്പിച്ചിട്ടുണ്ട് എന്ന് അതിന്റെ കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ട വ്യത്യസ്തമായ കമന്റുകൾ കാണുമ്പോൾ തന്നെ അറിയാം.