ബിയറിൽ ചത്ത പല്ലി, കുപ്പിയുമായി യുവാക്കൾ നേരെ പൊലീസ് സ്റ്റേഷനിലേക്ക്, സംഭവം തെലങ്കാനയിൽ
30 സെക്കന്റ് നീണ്ടുനിൽക്കുന്ന വീഡിയോയിൽ ബിയർ ബോട്ടിലും അതിനകത്ത് ചത്ത പല്ലിയേയും കാണാം.
ഭക്ഷണസാധനങ്ങൾ വാങ്ങിയാൽ അതിൽ നിന്നും പ്രാണിയേയും പാറ്റയേയും കിട്ടിയതായുള്ള പലതരത്തിലുള്ള വാർത്തകൾ നാം കണ്ടിട്ടുണ്ടാവും. അതുപോലെ തെലങ്കാനയിൽ ബിയർ വാങ്ങിയപ്പോൾ ബിയർ ബോട്ടിലിൽ ഉണ്ടായിരുന്നത് ഒരു ചത്ത പല്ലിയാണ്.
ലക്ഷ്മികാന്ത് റെഡ്ഡി, അനന്തായ എന്നിവരാണ് ധരൂരിലെ ഒരു പ്രാദേശിക വൈൻ ഷോപ്പിൽ നിന്നും ആകെ 4000 രൂപയുടെ മദ്യം വാങ്ങിയത്. കരേലിയിൽ നടക്കുന്ന ഒരു ഒത്തുചേരൽ പരിപാടിക്കായിട്ടായിരുന്നു മദ്യം വാങ്ങിയത്. എന്നാൽ, അതിൽ ഒരു ബിയർ ബോട്ടിലിൽ തീരെ പ്രതീക്ഷിക്കാത്ത ഒരു വസ്തു കൂടിയുണ്ടായിരുന്നു, ഒരു ചത്ത പല്ലിയായിരുന്നു അത്.
ഇതിന്റെ വീഡിയോ പിന്നീട് എക്സിൽ (ട്വിറ്റർ) വ്യാപകമായി പ്രചരിക്കുകയും ചെയ്തു. 30 സെക്കന്റ് നീണ്ടുനിൽക്കുന്ന വീഡിയോയിൽ ബിയർ ബോട്ടിലും അതിനകത്ത് ചത്ത പല്ലിയേയും കാണാം. പല്ലിയെ കണ്ടെത്തിയ ഉടൻ തന്നെ യുവാക്കൾ പോലീസ് സ്റ്റേഷനിലെത്തി സംഭവത്തിൽ പരാതിയും നൽകി. വൈൻ ഷോപ്പ് ഉടമയുടെ ഭാഗത്ത് നിന്നല്ല, തെറ്റ് സംഭവിച്ചത് ബിയർ ഉണ്ടാക്കുന്നിടത്ത് നിന്നാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ എങ്ങനെയാണ് വിശ്വസിച്ച് ഭക്ഷണങ്ങളും പാനീയവും വാങ്ങുക എന്നാണ് പ്രധാനമായും ആളുകൾ പ്രതികരിച്ചത്. അതേസമയം, ഇതുപോലെയുള്ള സംഭവങ്ങൾ നേരത്തെയും ഒരുപാട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ, ഹൈദരാബാദിൽ നിന്നുള്ള ഒരു കുടുംബത്തിന് സൊമാറ്റോ വഴി ഓർഡർ ചെയ്ത ചിക്കൻ ബിരിയാണിയിൽ നിന്നും ചത്ത പല്ലിയെ കിട്ടിയിരുന്നു. ആർടിസി ക്രോസ്‌റോഡിൽ സ്ഥിതി ചെയ്യുന്ന ബവാർച്ചി ബിരിയാണിയിൽ നിന്നായിരുന്നു കുടുംബം ഭക്ഷണം ഓർഡർ ചെയ്തിരുന്നത്.
നടുറോഡിൽ പട്ടാപ്പകൽ കിഡ്നാപ്പിംഗ് നാടകം, സകലരേയും വിഡ്ഢികളാക്കി യുവാക്കൾ, ഒടുവിൽ അറസ്റ്റ്