'ആറ് കോടി'; ജെന്‍ സെഡ് തലമുറ വിവാഹത്തിന് ചെലവഴിക്കുന്ന തുക കേട്ട് 'സന്ന്യസി'ക്കാന്‍ പോകുമെന്ന് കോമേഡിയന്‍
കോടികളില്‍ കുറഞ്ഞ ഒരു വിവാഹ ചെലവിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റാത്ത തരത്തില്‍ ജെന്‍ സെഡ് തലമുറ മാറിയിരിക്കുന്നു.
ഇന്ത്യന്‍ വിവാഹങ്ങളുടെ പരമ്പരാഗത രീതികളെല്ലാം മാറി. ഇന്ന് പണമാണ് ഓരോ വിവാഹങ്ങളുടെയും സ്റ്റാറ്റസ് തീരുമാനിക്കുന്നത്. സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കാന്‍ വിവാഹം കെങ്കേമമാക്കണം എന്ന തെറ്റിദ്ധാരണയിലാണ് ഇന്ത്യയിലെ മാതാപിതാക്കളുമെന്ന് തോന്നും ചില വിവാഹ ചെലവുകള്‍ കണ്ടാല്‍. എന്നാല്‍, മാതാപിതാക്കൾ മാത്രമല്ല, തങ്ങളുടെ വിവാഹത്തിന് കോടികള്‍ പൊടിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ യുവ തലമുറയെന്ന് ഒരു വീഡിയോ കാട്ടിത്തരുന്നു. ഈ വീഡിയോയെ റോസ്റ്റ് ചെയ്യുന്ന ഒരു കോമേഡിയന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ജീവിതച്ചെലവ്, പണപ്പെരുപ്പം, ശമ്പളം വെട്ടിക്കുറയ്ക്കൽ, ജോലിയിലെ അസ്ഥിരത എന്നിങ്ങനെ പുതിയ തലമുറ നിരവധി പ്രശ്നങ്ങളെയാണ് നേരിടുന്നത്. അതേസമയം ജെന്‍ സെഡ് തലമുറ മറ്റൊരു യാഥാര്‍ത്ഥ്യത്തിലാണ് ജീവിക്കുന്നതെന്ന് തോന്നും ഈ വീഡിയോ കണ്ടാൽ. ഒരു സമൂഹ മാധ്യമ കണ്ടെന്‍റ് ക്രീയേറ്റര്‍ ജെന്‍ സെഡ് തലമുറയുടെ അടുത്ത് ചെന്ന് വിവാഹത്തിന് എത്ര രൂപ ചെലവഴിക്കുമെന്ന് ചോദിക്കുന്നു. ഒരാൾ ആറ് കോടി എന്നാണ് മറുപടി പറയുന്നത്. മറ്റൊരാൾ മൂന്ന് കോടി. മൂന്നാമത്തെയാൾ രണ്ട് കോടി. വീഡിയോ നിരവധി പേരെ ആകര്‍ഷിച്ചു. പുതിയ തലമുറയുടെ ജീവിത കാഴ്ചപ്പാടുകളെ കുറിച്ച് ചര്‍ച്ചകൾ തന്നെ നടന്നു.
'സ്വപ്ന'മാണെന്ന് കരുതി വിമാനത്തില്‍ വച്ച് സഹയാത്രക്കാരന്‍റെ മേല്‍ മൂത്രമൊഴിച്ചു; സംഭവം യുഎസില്‍
ഇതിനിടെയാണ് ഒരു കോമേഡിയന്‍ ഈ വീഡിയോയെ എടുത്ത് റോസ്റ്റ് ചെയ്തതത്. ആറ് കോടിയുണ്ടെങ്കില്‍ താന്‍ റിട്ടയർ ചെയ്ത് മലമുകളില്‍ ഒരു കഫേ തുറന്ന് ക്രിക്കറ്റും കളിച്ച് സമാധാനത്തോടെ ജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം പണം ഒളിപ്പിച്ച മാതാപിതാക്കളെ പിടികൂടാന്‍ നികുതി വകുപ്പ് ഇത്തരം വീഡിയോകൾ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേര്‍ത്തു. ആറ് കോടിയാണ് തന്‍റെ ആജീവനാന്ത ബജറ്റ് അപ്പോഴാണ് വിവാഹത്തിന് മാത്രമായി ആറ് കോടി മുടക്കുമെന്ന് പറയുന്നത്. ഈ ജെന്‍ സെഡ് തലമുറ എന്താണ് ചിന്തിക്കുന്നതെന്ന് അറിയില്ലെന്ന് രോഹിത് ഷാ തന്‍റെ വീഡിയോയില്‍ പറഞ്ഞു.
രോഹിത്, ജെന്‍ സെഡ് തലമുറയോട് ഇത്തരം വ്യാമോഹങ്ങള്‍ ഉപേക്ഷിക്കാനും ആരെങ്കിലും വിവാഹ ബജറ്റിനെ കുറിച്ച് ചോദിച്ചാല്‍ ഒന്നര ലക്ഷം എന്ന ഉത്തരം നല്‍കാനും ഉപദേശിക്കുന്നു. മാത്രമല്ല, എല്ലാവർക്കുമായി ശിവസാഗറിൽ നിന്ന് പനീർ ബട്ടർ മസാല ഓർഡർ ചെയ്യാമെന്ന് അവരോട് പറയുകയെന്നും രോഹിത് ഷാ കൂട്ടിച്ചേർത്തു. നിരവധി പേരാണ് ഈ റോസ്റ്റഡ് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തിയത്. മൂന്നാല് കോടിക്ക് എന്‍റെ എല്ലാ അയല്‍വാസികൾക്കും വിവാഹം കഴിക്കാന്‍ കഴിയുമെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ കുറിപ്പ്.