'ഇത് ഭയാനകം'; കാനഡയില്‍ ഇന്ത്യക്കാരെ തട്ടാതെ നടക്കാന്‍ വയ്യെന്ന ചൈനക്കാരിയുടെ വീഡിയോയ്ക്ക് പൊങ്കാല
"ഇത് ഭയങ്കരമാണ്. എനിക്ക് ചുറ്റും കാനഡയിലെ ഇന്ത്യക്കാരുണ്ട്. നിങ്ങൾക്ക് കാണാൻ ഞാൻ ഒരു വീഡിയോ എടുക്കുന്നു. ഞാൻ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് സ്ഥലത്താണ്," യുവതി വീഡിയോയില്‍ പറയുന്നു.
ഇന്ന് ലോകത്തിലെ ഏതാണ്ടെല്ലാ രാജ്യത്തും ഇന്ത്യക്കാരുണ്ട്. അതില്‍ തന്നെ യുഎസിലും കാനഡയിലും ഇന്ത്യന്‍ വംശജരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് അടുത്തകാലത്ത് രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ഒരു ചൈനീസ് യുവതി എടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കാനഡയിലുള്ള തന്‍റെ ചുറ്റിലും ഇന്ത്യക്കാര്‍ മാത്രമാണെന്നും ഇത് ഭയപ്പെടുത്തുന്നതാണെന്നുമായിരുന്നു ചൈനീസ് യുവതി വീഡിയോയില്‍ പറയുന്നത്. 'ഐ ആം എസ് യു ആര്‍ നോ' എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം 29 ലക്ഷം പേരാണ് കണ്ടത്. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ യുവതിക്കെതിരെ രംഗത്തെത്തി. ഇതോടെ വീഡിയോ വൈറലായി.
"ഇത് ഭയാനകമാണ്," എന്ന് പറഞ്ഞു കൊണ്ടാണ് ചൈനീസ് യുവതിയുടെ വീഡിയോ തുടങ്ങുന്നത്. കനേഡിയന്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിനായി അക്ഷമയോടെ കാത്തിരിക്കുന്ന ആളുകളുടെ ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. യുവതിയുടെ ഇരുവശത്തും ഇരുന്നിരുന്നരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. അതില്‍ തന്നെ സിക്കുകാരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. "ഇത് ഭയങ്കരമാണ്. എനിക്ക് ചുറ്റും കാനഡയിലെ ഇന്ത്യക്കാരുണ്ട്. നിങ്ങൾക്ക് കാണാൻ ഞാൻ ഒരു വീഡിയോ എടുക്കുന്നു. ഞാൻ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് സ്ഥലത്താണ്," യുവതി വീഡിയോയില്‍ പറയുന്നു.
നടുക്കടലില്‍ സ്രാവുമായി ജീവന്‍മരണ പോരാട്ടം നടത്തി കയാക്കര്‍; ഭയപ്പെടുത്തുന്ന വീഡിയോ വൈറല്‍
വീഡിയോയ്ക്ക് താഴെ രൂക്ഷമായാണ് ചിലര്‍ പ്രതികരിച്ചത്. കാനഡയില്‍ ചൈനീസ് യുവതിയും കുടിയേറ്റക്കാരിയാണെന്ന് ചിലര്‍ എഴുതി. "കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ വാൻകൂവറിലേക്ക് പോയി, അവിടെ ജനസംഖ്യയുടെ 40% ചൈനീസ് കുടിയേറ്റക്കാരാണ്, അതിനാൽ അവളും വീട്ടിലേക്ക് പോകണം," ഒരു കാഴ്ചക്കാരന്‍ എഴുതി. "ഇത് വളരെ വിരോധാഭാസമാണ്, കാരണം ഇവിടെ ചൈനക്കാർ ഒരുപാടുണ്ട്.," മറ്റൊരാൾ എഴുതി. "വിദേശികളുടെ എണ്ണം കണ്ട് ഞെട്ടിയ ഒരു വിദേശി," എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം, 'കാനഡയുടെ സ്വത്വം നൂറ്റാണ്ടുകളായി വികസിച്ചു കൊണ്ടിരിക്കുകയാണ്, ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരുടെ തരംഗങ്ങൾ. യൂറോപ്യന്മാരോ ഏഷ്യക്കാരോ മറ്റുള്ളവരോ ആകട്ടെ, ആ വൈവിധ്യമാണ് കാനഡയെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിക്കുന്നത്," മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. അതേസമയം വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന പഠന പെർമിറ്റുകളുടെ എണ്ണം ഇനിയും കുറയ്ക്കുമെന്ന് കാനഡ പ്രഖ്യാപിക്കുകയും വിദേശ തൊഴിലാളി നിയമങ്ങൾ കർശനമാക്കുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതെന്നതും ശ്രദ്ധേയം.