എടാ, ഇതിങ്ങനെയൊന്നുമല്ലടാ; ടിവിയുമായി ടു വീലറിൽ, എല്ലാം കൂടി മറിഞ്ഞുകെട്ടി താഴെ
എന്തോ ഭാഗ്യത്തിന് വലിയ അപകടമൊന്നും അവിടെ നടന്നില്ല. എന്നാൽ, എന്തും സംഭവിക്കാനുള്ള സാധ്യത അവിടെയുണ്ടായിരുന്നു എന്നത് യാഥാർത്ഥ്യമാണ്.
ടു വീലറിൽ കൊണ്ടുപോകാനാവുന്ന സാധനങ്ങളെന്തൊക്കെയാണ്? എന്തൊക്കെ ആണെങ്കിലും അതിനൊരു പരിധിയുണ്ട് അല്ലേ? ഇല്ലെങ്കിൽ ചിലപ്പോൾ പണികിട്ടാൻ സാധ്യതയുണ്ട്. അതുമായി പോകുന്നവർക്ക് മാത്രമല്ല, ഒരുപക്ഷേ, അതേ റോഡിൽ സഞ്ചരിക്കുന്ന മറ്റുള്ളവർക്കും. അതുപോലെ ടിവിയും ബൈക്കിൽ വച്ച് പോകുന്ന രണ്ട് പേരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ ചർച്ചയാണ് ഇതിന് പിന്നാലെ ഉണ്ടായിരിക്കുന്നത്. റോഡിലൂടെ പോകുമ്പോൾ അവനവന്റെയും മറ്റുള്ളവരുടേയും സുരക്ഷയ്ക്ക് യാതൊരു തരത്തിലുള്ള പ്രാധാന്യവും ഇല്ലേ എന്നാണ് വീഡിയോ കാണുന്നവരുടെ പ്രതികരണം. ഇത്തരത്തിലുള്ള ശ്രദ്ധയില്ലാത്ത പെരുമാറ്റം മിക്കവാറും ദുരന്തങ്ങളിൽ കലാശിക്കുമെന്നും ആളുകൾ വിലയിരുത്തുന്നു.
എവിടെയാണ് ഈ സംഭവം നടന്നത് എന്നോ, എപ്പോഴാണ് ഈ സംഭവം നടന്നത് എന്നോ വ്യക്തമല്ല. എക്സിലെ CCTV Idiots എന്ന പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ രണ്ടുപേർ ഒരു ടിവിയുമായി ടു വീലറിൽ പോകുന്നതാണ് കാണാനാവുന്നത്. എന്നാൽ, കുറച്ചുദൂരം വണ്ടി മുന്നോട്ടു പോയപ്പോഴേക്കും ടിവിയുടെ ഭാരം കാരണം അത് പിറകോട്ട് മറഞ്ഞു. പിന്നാലെ, അത് റോഡിലേക്ക് മറിഞ്ഞു വീഴുന്നതും കാണാം. ടിവി റോഡിലേക്ക് വീണതോടെ യുവാവ് വാഹനം നിർത്തുന്നുണ്ട്.
എന്തോ ഭാഗ്യത്തിന് വലിയ അപകടമൊന്നും അവിടെ നടന്നില്ല. എന്നാൽ, എന്തും സംഭവിക്കാനുള്ള സാധ്യത അവിടെയുണ്ടായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ, റോഡിൽ തിരക്കില്ലാതിരുന്നതും ടിവിയുമായി ഇരുന്ന യുവതി പിന്നിലോട്ട് മറിഞ്ഞു വീഴാത്തതും വലിയ അപകടം തന്നെ ഒഴിവാകാൻ കാരണമായി. എന്നാൽ, ഇത്തരം ചെറിയ ചെറിയ അശ്രദ്ധകളും അവഗണനകളും വലിയ അപകടങ്ങളാണ് വിളിച്ചു വരുത്തുക എന്നാണ് പലരും ചൂണ്ടിക്കാട്ടിയത്.
ഒപ്പം തന്നെ വീഡിയോയ്ക്ക് രസകരമായ കമന്റുകൾ നൽകിയവരും കുറവല്ല. വീഡിയോയ്ക്ക് കമന്റായി ഒരാൾ ഒരു യുവാവ് തലയിൽ ടിവിയുമായി സൈക്കിൾ ബാലൻസ് ചെയ്ത് കൊണ്ടുപോകുന്ന ഒരു വീഡിയോയാണ് പങ്കു വച്ചിരിക്കുന്നത്.
എന്തൊക്കെ പറഞ്ഞാലും റോഡിലൂടെ ഇത്തരം വസ്തുക്കളുമായി പോകുന്നതിൽ ജാഗ്രത വേണം എന്നതിന് യാതൊരു തർക്കവും ഇല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം