ഒരു ഗ്യാസ് സിലിണ്ടറല്ലേ ആ പറന്നുവരുന്നത്; പടക്കം പൊട്ടിക്കുന്നത് നിർത്തിയില്ല, വലിച്ചെറിഞ്ഞത് സിലിണ്ടര്‍
മുകളിലെ നിലയിൽ നിന്നാണ് ഗ്യാസ് സിലിണ്ടർ താഴേക്ക് എറിഞ്ഞിരിക്കുന്നത് എന്നും പറയുന്നുണ്ട്. എന്തായാലും, സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ഇന്ത്യക്കാർക്ക് ദീപാവലി ആഘോഷത്തിന്റേതായിരുന്നു. നിറദീപങ്ങളും പടക്കത്തിന്റെ ശബ്ദങ്ങളും ഒക്കെ കൂടി വീടുകളും തെരുവുകളും ഒക്കെ ഉണർന്നിരിക്കുകയായിരുന്നു. എന്നാൽ, പടക്കം പൊട്ടിക്കുന്നതിന് പിന്നാലെ ചില അപകടങ്ങളും ഉണ്ടാകാറുണ്ട്. അശ്രദ്ധമായി കൈകാര്യം ചെയ്യേണ്ടുന്ന ഒന്നല്ല പടക്കങ്ങൾ. അതേസമയം തന്നെ ചിലരെ ഈ ശബ്ദങ്ങൾ അസ്വസ്ഥരാക്കാറുമുണ്ട്. അതിനെ തുടർന്ന് ചില്ലറ വഴക്കുകളും ഉണ്ടാകാറുണ്ട്.
പക്ഷേ, ഈ വീഡിയോയിൽ കാണുന്നത് അതിന്റെ അല്പം കടന്നുപോയ സംഭവമാണ്. പടക്കം പൊട്ടിക്കുന്നത് നിർത്താത്തതിനെ തുടർന്ന് ഒരു വീട്ടുകാർ അയൽക്കാർക്കെതിരെ ഗ്യാസ് സിലിണ്ടർ വലിച്ചെറിഞ്ഞു. ഗ്യാസ് സിലിണ്ടർ വലിച്ചെറിഞ്ഞ കുടുംബം നേരത്തെ തന്നെ ഇവരോട് ഇത്രയധികം പടക്കങ്ങൾ പൊട്ടിക്കരുത് എന്ന് അപേക്ഷിച്ചിരുന്നത്രെ. എന്നാൽ, പടക്കം പൊട്ടിക്കുന്നവർ ആ അപേക്ഷ കൈക്കൊള്ളാൻ തയ്യാറായില്ല. പിന്നാലെയാണ് അവർക്കെതിരെ ഗ്യാസ് സിലിണ്ടർ വലിച്ചെറിഞ്ഞത്.
വീഡിയോയിൽ ഒരാൾ സംഭവത്തെ കുറിച്ച് വിവരിക്കുന്നത് കേൾക്കാം. മുകളിലെ നിലയിൽ നിന്നാണ് ഗ്യാസ് സിലിണ്ടർ താഴേക്ക് എറിഞ്ഞിരിക്കുന്നത് എന്നും പറയുന്നുണ്ട്. എന്തായാലും, സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വീഡിയോയിൽ നിലത്ത് വീണു കിടക്കുന്ന ഗ്യാസ് സിലിണ്ടർ കാണാം. ആളുകൾ അതിന്റെ അടുത്ത് നിന്നും തർക്കിക്കുന്നത് കാണാം. കുറച്ചുപേർ അവിടെ നിന്നും പുറത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം.
എവിടെ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്ന വീഡിയോ നിരവധിപ്പേരാണ് കണ്ടത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. 696.6K പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഇതല്പം കടന്നുപോയി എന്ന് വീഡിയോയ്ക്ക് താഴെ അഭിപ്രായപ്പെട്ടവരുണ്ട്. അതേസമയം, അവർ അത്രയും അപേക്ഷിച്ചിട്ടുണ്ടെങ്കിൽ പടക്കം പൊട്ടിക്കുന്നത് നിർത്താമായിരുന്നു എന്ന് അഭിപ്രായപ്പെട്ടവരുണ്ട്.
എന്നാൽ, ഇത്തരം വഴക്കുകൾ ദീപാവലിക്ക് പതിവാണ് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.
കാനഡയിലെ വീട്ടിൽ ദേ ഒരു ഇന്ത്യൻ പ്രേതം, 'സ്ത്രീ'രൂപം വൈറൽ, ഇത് വേറെ ലെവൽ ഹാലോവീനെന്ന് നെറ്റിസൺസ്