ഹാരത്തിന് പകരമായി പാമ്പുകൾ, വ്യത്യസ്തമായി വിവാഹം, വൈറലായി വീഡിയോ
വിവാഹത്തിൽ വരനും വധുവും പൂമാലകൾ കൈമാറുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഈ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ആളുകളെ ഞെട്ടിച്ചുകൊണ്ട് വധുവരൻമാർ പാമ്പ് മാലകൾ തിരഞ്ഞെടുത്തു.
ഇന്നത്തെ കാലത്ത് വ്യത്യസ്തത ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. വിവാഹ വേളയിലും അത്തരം പുതുമകൾ പരീക്ഷിക്കാൻ ചെറുക്കനും, പെണ്ണും തയ്യാറാണ്. മഹാരാഷ്ട്രയിലെ ഒരു വധുവും, വരനും (bride and groom) എന്നാൽ ആരും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു കാര്യമാണ് ചെയ്യാൻ ഒരുങ്ങിയത്. അത് മറ്റൊന്നുമല്ല, പൂക്കൾകൊണ്ടുള്ള വരണമാല്യത്തിന് പകരം ഒരു വെറൈറ്റിയ്ക്ക് വേണ്ടി അവർ അങ്ങോട്ടും ഇങ്ങോട്ടും കഴുത്തിൽ പാമ്പുകളെ (Snakes) അണിഞ്ഞു. വിചിത്രമായ ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമത്തിൽ വീണ്ടും വൈറലാവുകയാണ്.
നമ്മിൽ ബഹുഭൂരിപക്ഷം പേരും പാമ്പെന്ന് കേട്ടാൽ ഭയന്ന് പോകും. അതിനി വെറുമൊരു ചേരയാണെങ്കിലും അതിന്റെ സമീപത്ത് പോകാൻ പോലും രണ്ടാമതൊന്ന് ആലോചിക്കും. പാമ്പുകൾ അപകടകാരികളാണ് എന്നതിൽ സംശയമില്ല. പാമ്പുകളെ പവിത്രമായി കാണുന്ന ഒരു സംസ്‍കാരം നമ്മുടെ രാജ്യത്തുണ്ടെങ്കിലും, അതിന്റെ സമീപം പോകാൻ നമ്മൾ ഒന്ന് മടിക്കും. അവയെ തൊടുന്ന കാര്യം പിന്നെ ചിന്തിക്കുക കൂടി വേണ്ട. അപ്പോഴാണ് വിവാഹ ചടങ്ങിന്റെ ഭാഗമായി വധൂവരന്മാർ പാമ്പുകളെ ഹാരമാക്കി പരസ്പരം കഴുത്തിലിട്ടത്. ഇതൊരു ഒന്നൊന്നര കല്യാണമായിപ്പോയി എന്ന് വീഡിയോ കണ്ട ആളുകൾ അഭിപ്രായപ്പെട്ടു. സംഭവം നടന്നിട്ട് കുറച്ച് നാളായെങ്കിലും, ഇപ്പോൾ അതിന്റെ വീഡിയോ വീണ്ടും ആളുകൾ പങ്കിടുകയാണ്.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിലാണ് ഈ സംഭവമുണ്ടായത്. വിവാഹത്തിൽ വരനും വധുവും പൂമാലകൾ കൈമാറുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഈ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ആളുകളെ ഞെട്ടിച്ചുകൊണ്ട് വധുവരൻമാർ പാമ്പ് മാലകൾ തിരഞ്ഞെടുത്തു. ഇരുവരും വെളുത്ത വസ്ത്രം ധരിച്ചാണ് വിവാഹത്തിന് എത്തിയത്. ദമ്പതികൾ പാമ്പുകളെ പരസ്പരം കഴുത്തിൽ അണിഞ്ഞപ്പോൾ അൽപ്പം പോലും ഭയന്നില്ല എന്നത് വീഡിയോ കാണുന്ന ആർക്കും മനസിലാകും. വധു ആദ്യം വരന്റെ കഴുത്തിൽ ഒരു വലിയ പാമ്പിനെ അണിയിച്ചു. അതിനുശേഷം ദമ്പതികൾ ഫോട്ടോക്കായി പോസ് ചെയ്യുന്നു. പിന്നെ വരന്റെ ഊഴമാകുമ്പോൾ, വരൻ ഒരു വലിയ പെരുമ്പാമ്പിനെ കൊണ്ടുവന്ന് വധുവിന്റെ കഴുത്തിൽ ഇട്ടു. വിവാഹത്തിൽ പങ്കെടുക്കാനായി വൻ ജനാവലിയും അവിടെ എത്തിയിരുന്നു.
എന്നാൽ ഈ വ്യത്യസ്തമായ വിവാഹ ചടങ്ങിന് അവരെ പ്രേരിപ്പിച്ച ഒരു ഘടകമുണ്ട്, അത് മറ്റൊന്നുമല്ല അവരുടെ ജോലി തന്നെ. രണ്ട് പേരും വന്യജീവി വകുപ്പ് ജീവനക്കാരാണ്. എന്തായാലും വിചിത്രമായ ഈ വിവാഹ ചടങ്ങിന്റെ വീഡിയോ നെറ്റിസൺമാർക്കിടയിൽ വീണ്ടും വൈറലാവുകയാണ്. ചിലർ അവരുടെ ഈ പ്രവൃത്തിയെ പരിഹസിച്ചുവെങ്കിൽ, മറ്റുള്ളവർ അവരുടെ ധൈര്യത്തെ പ്രശംസിച്ചു.