കണ്ണെടുക്കാതെ കണ്ടുപോവും; വീഡിയോയിൽ മക്കളെ രക്ഷിക്കാനുള്ള അമ്മപ്പുലിയുടെ പൊരിഞ്ഞ പോരാട്ടം
ദൃശ്യങ്ങളിൽ കാണുന്നത് ഒരു പുള്ളിപ്പുലിയെയാണ്. അവൾക്കൊപ്പം രണ്ട് കുഞ്ഞുങ്ങളും ഉണ്ട്. പെട്ടെന്ന് അവൾ ജാഗരൂകയാവുന്നത് കാണാം. ഒരു സിംഹം അങ്ങോട്ട് വരികയാണ്.
'പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളിയില്ല' എന്ന് പറയാറുണ്ട്. അതിനി മനുഷ്യനായാലും ശരി മൃഗമായാലും ശരി, തന്റെ മക്കളെ അപകടത്തിൽ നിന്നും രക്ഷിക്കാൻ ഭൂരിഭാഗം അമ്മമാരും എന്ത് പോരാട്ടത്തിനും തയ്യാറാകും. അതുപോലെയുള്ള അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ നാം കണ്ടിട്ടുമുണ്ടാകും. അതുപോലെ ഒരു വീഡിയോയാണ് ഈ വീഡിയോയും.
'ലേറ്റസ്റ്റ് സൈറ്റിംഗ്സ്' ആണ് വീഡിയോ യൂട്യൂബിൽ ഷെയർ ചെയ്തിരിക്കുന്നത്. കാട്ടിൽ നിന്നുള്ള നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത കൗതുകക്കാഴ്ചകൾ ലേറ്റസ്റ്റ് സൈറ്റിംഗ്സ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ഈ വീഡിയോയിൽ ഉള്ളത് തന്റെ കുഞ്ഞുങ്ങളെ സിംഹത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു അമ്മപ്പുലിയാണ്.
ടാൻസാനിയയിലെ സെറെൻഗെറ്റി നാഷണൽ പാർക്കിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ദമ്പതികളായ കരോളിന്റെയും ബോബിന്റെയും ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. റേഞ്ചർ ഗോഡ് ലിവിംഗ് ഷൂവും ദമ്പതികൾക്കൊപ്പം ഉണ്ടായിരുന്നു.
ദൃശ്യങ്ങളിൽ കാണുന്നത് ഒരു പുള്ളിപ്പുലിയെയാണ്. അവൾക്കൊപ്പം രണ്ട് കുഞ്ഞുങ്ങളും ഉണ്ട്. പെട്ടെന്ന് അവൾ ജാഗരൂകയാവുന്നത് കാണാം. ഒരു സിംഹം അങ്ങോട്ട് വരികയാണ്. പതുങ്ങിപ്പതുങ്ങിയെത്തിയ സിംഹത്തിന് നേരേക്ക് അമ്മപ്പുലി കുതിച്ചു ചാടുന്നു. കുട്ടികളെ രക്ഷിക്കുക തന്നെയാണ് ലക്ഷ്യം. പിന്നെ നടക്കുന്നത് അമ്മപ്പുലിയും സിംഹവും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ്. പുലി വിട്ടുകൊടുക്കാനേ ഒരുക്കമല്ല.
ഒരു ഘട്ടത്തിൽ പുലിക്ക് സിംഹത്തിന് കാലിൽ പിടിച്ചുവലിക്കാൻ സാധിക്കുന്നുണ്ട്. ഒടുവിൽ പുലി കുതിക്കുന്നതും സിംഹം പിന്നാലെ കുതിക്കുന്നതും കാണാം. മക്കളെ സുരക്ഷിതമാക്കുക എന്നതായിരുന്നു പുലിയുടെ ലക്ഷ്യം. എന്തായാലും, അവസാനം സിംഹം പുലിയെ ഉപേക്ഷിച്ചുവെന്നും സിംഹക്കൂട്ടത്തിന് ഒരു വിൽഡെ ബീസ്റ്റിനെ ഇരയായി കിട്ടി എന്നുമാണ് പറയുന്നത്.
വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. അനേകങ്ങൾ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. 'ഏത് ജീവിയായാലും അമ്മയ്ക്ക് മുന്നിൽ ആരും ഒന്നുമല്ലാതാവും' എന്ന് അഭിപ്രായപ്പെട്ടവരുണ്ട്.
‘ഇന്ത്യയിലെ ഒരു എയർപോർട്ടിലാണുള്ളത്, എനിക്ക് വിശ്വസിക്കാനാവുന്നില്ല‘; വീഡിയോയുമായി ജപ്പാൻ വ്ലോഗർ